രചന : സഫി അലി താഹ ✍
ഇമോഷണൽ ഡാമേജ് സംഭവിക്കുക, ഇത് പലരും പറയുന്നത് കേൾക്കാം. ഇതും പലർക്കും പല തരത്തിലാണ് സംഭവിക്കുന്നത്.ഒരേ അനുഭവമുള്ളവർ തന്നെ പലതരത്തിൽ നിന്നാണ് ഓരോന്നിൽനിന്നും അതിജീവിക്കുന്നത്?
നമ്മൾ അഞ്ചാറ് സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുമ്പോൾ എന്തെങ്കിലും തമാശ പറയുമ്പോൾ ഒരാൾക്ക് മാത്രം വേദനിക്കുന്നു, എന്നാൽ ബാക്കിയുള്ളവർ പൊട്ടിച്ചിരിക്കുന്നു, തമാശയായി എടുക്കുന്നു, കാരണമെന്താണ്?
ആ ചെറിയ തമാശ അവർ അതിന് മുൻപ് കേട്ടിട്ടുണ്ട്, ആ തമാശകൊണ്ട് അവന് നഷ്ടമായത് അത്രയേറെ വിലയുള്ള എന്തെങ്കിലുമാകാം.അന്ന് സംഭവിച്ച ട്രോമ അവന്റെയുള്ളിലുണ്ട്.പിന്നെയും അത് കേൾക്കുമ്പോൾ പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നു, നിങ്ങൾ പറഞ്ഞ തമാശ മാത്രമല്ല, അന്നുണ്ടായ അനുഭവങ്ങളുടെ ഓർമ്മകൾ പോലും അവനിലേക്ക് തിരികെയെത്തും.നിങ്ങളുടെ വാക്കുകളും ആ ഓർമ്മകളും ഡബിൾ ഡോസാകുന്നു.
അവനെ അതെങ്ങനെ ബാധിക്കുന്നു എന്ന് അറിയാത്തത്കൊണ്ടാണ് സുഹൃത്ത് അത് പറഞ്ഞത്.അത്രയും ആഴമുള്ള സൗഹൃദമാണെങ്കിൽ,അവന് അക്കാര്യം അവരോടു പറയാം , മനസ്സിലാക്കുന്നവർ ആണെങ്കിൽ മാത്രം,പിന്നെയവർ അത് ആവർത്തിക്കില്ല.
പ്രണയമോ സൗഹൃദമോ ദാമ്പത്യമോ ആകട്ടെ,വളരെക്കാലമായി ഒരു ബന്ധത്തിൽ ആയിരിക്കുന്നത് നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും അവരുടെ ഏറ്റവും ചെറിയ ഹോബികൾ, ഇഷ്ടങ്ങൾ ശീലങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയവ അറിയാനും നിങ്ങളുടെ സ്നേഹം കൂടുതൽ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള വഴികൾ പഠിക്കാനും സമയം നൽകുന്നു. എന്നിരുന്നാലും, ദീർഘകാല ബന്ധത്തിൽ, അറിഞ്ഞോ അറിയാതെയോ ഒരാൾക്ക് മറ്റേയാളെ വേദനിപ്പിക്കാനും കഴിയും.
ഞാനെന്താണ് ആഗ്രഹിക്കുന്നത് എന്ന് ഓരോ വ്യക്തിയും പറയാൻ മടിക്കുന്നിടത്ത് ഇമോഷണൽ ഡാമേജ് സംഭവിക്കും. കാരണം അവരവരുടെ ചിന്തകൾക്ക്, സൗകര്യത്തിന് അനുസരിച്ചാകും അവർ അവരുടെ പെരുമാറ്റങ്ങളും ശീലങ്ങളും രൂപപ്പെടുത്തുക. എന്താണ് ആവശ്യമെന്ന് പൂർണ്ണമായും അറിയാൻ നിങ്ങൾ പറയുക എന്ന മാർഗ്ഗം മാത്രമേയുള്ളു. ഇല്ലെങ്കിൽ നിങ്ങൾ സ്വയം നിങ്ങളെ അപമാനിക്കുകയാണ്.അത്രയും ആഴമുള്ള ബന്ധങ്ങളിൽ ഈഗോ വെയ്ക്കേണ്ടതില്ലല്ലോ.
മറ്റുള്ളവരുടെ തീരുമാനങ്ങളെയും ശീലങ്ങളെയും പെരുമാറ്റത്തെയും താല്പര്യങ്ങളെയും സംരക്ഷിക്കുന്നതിന് നമ്മുടെ ഇക്കാര്യങ്ങൾ ഓർക്കരുത് എന്നാണ് പലരും ചിന്തിക്കുന്നത്. അതാണ് എന്തെങ്കിലും പിണക്കങ്ങൾ വരുമ്പോൾ,അവരെ സ്നേഹിച്ചത് കൊണ്ട് നമുക്കുണ്ടായ നഷ്ടങ്ങളും ഇമോഷണൽ ഡാമേജും നാം വിളിച്ചുപറയുന്നത്.
മറ്റുള്ളവരോടുള്ള സ്നേഹംകൊണ്ട് അവർക്കായി നിങ്ങൾ കരുതുന്ന പരിഗണനകൾ നിങ്ങൾ നിങ്ങൾക്കും നൽകുക. അവനവൻ പരിഗണിക്കാത്ത ഒരാളെ മറ്റൊരാൾ പരിഗണിക്കണമെന്ന വാശികൾ എത്ര അർഥശൂന്യമാണ്!!
ബന്ധങ്ങളിലെ വിജയത്തിൻ്റെ താക്കോൽ സ്വയം അവബോധമാണെന്ന് മറക്കാതിരിക്കുക.