തുള്ളികളിച്ചോരാ ബാല്യത്തിൽ ഞങ്ങൾ
തത്തികളിച്ചു തൊടികൾതോറും
കാവുകൾ മേടുകൾ കയറീടുമ്പോൾ
കാണാത്ത പൂക്കളെ കണ്ടിരുന്നു.
അരയോളം വെള്ളത്തിൽ നടന്നിടും നേരത്ത്
അരവട്ടിപ്പൂക്കൾ ഇറുത്തു ഞങ്ങൾ
ചാണകം മെഴുകിയ തറയിലായ് കുട്ടികൾ
വർണ്ണപ്പൂക്കളമൊരുക്കിടുന്നു.
തൂശനില തുമ്പിലായ് നവരസകറികളും
ഉപ്പേരി പപ്പടം പഴവും നിരത്തി.
കുത്തരിച്ചോറിലായ് സാമ്പാറുതൂകി
ആനന്ദമോടെ നടന്ന കാലം.
പുത്തനുടുപ്പും ധരിച്ചുഞങ്ങൾ
പുഞ്ചകൻ പാടത്തേക്കോടിപ്പോയി
തഞ്ചത്തിൽ താളത്തിൽ ചുവടുവെച്ചു
കൈകൊട്ടി കളികളും ഓണത്തല്ലും
മാവേലിമന്നനെ വരവേൽക്കാനായ്
ആടിത്തിമിർത്തു പുലികളെല്ലാം
വഞ്ചിപ്പാട്ടിന്റെ ഈണത്തിനൊപ്പം
ആർപ്പോ വിളിച്ചു നടന്നുഞങ്ങൾ.
************************
(സ്വപ്ന അനിൽ )