പുതിയ കാലത്തിന്റെ
അധിനിവേശങ്ങളെ
അറിയാതെ പോകുന്നവർ
നമ്മൾ മാനവർ
പുതിയ രൂപങ്ങളിൽ
പുതിയ ഭാവങ്ങളിൽ
പുഞ്ചിരിയോടവ
രെത്തിടും കൂട്ടരേ
നമ്മൾതൻ ഉണ്മയേ
നന്മയേ നീതിയേ
മാനവ സ്വാതന്ത്രൃ
ലക്ഷ്യ ബോധങ്ങളെ
തല്ലിതകർക്കുവാൻ
ഇല്ലാതെയാക്കുവാൻ
കുടിലതന്ത്രങ്ങൾ
മെനഞ്ഞവരെത്തിടും
ആയുധംവേണ്ടവർ –
ക്കധിനിവേശത്തിനായ്
മത ജാതി വൈരങ്ങൾ
മനസിൽ പകർന്നിടും
വിദ്വേഷ വിത്തുകൾ
ഹൃത്തിൽ നിറച്ചിടും
നിസ്വരാം ജനതയെ
അടിമകളാക്കിടും
അവരുടെ പാവയായ്
മാറാതിരിക്കുവാൻ
അറിവിന്റെയഗ്നിയെ
ആയുധമാക്കു നാം
മാനവ
സ്നേഹമുയർത്തിപ്പിടിച്ചു നാം
പൊരുതണം ആശയ
പോരട്ട വീഥിയിൽ
ഓർക്കുക ഭൂമിതൻ
അവകാശികൾ
അധികാരിവർഗ്ഗങ്ങൾ
മാത്രമല്ല
സർവ്വചരാചര
സൃഷ്ടികൾക്കും
അവകാശമുണ്ടന്ന –
തറിയണം നാം

ബേബി മാത്യു

By ivayana