രചന : രമേഷ് ബാബു.✍
നാട്ടിൽ തൊഴിൽ അവസരങ്ങൾ തീരെ ഇല്ലാത്ത അവസ്ഥയായിരുന്നു..
പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ തീരെ ഇല്ല എന്നു തന്നെ പറയേണ്ടി വരും.
പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിച്ചെടുക്കണം എന്ന ഒരു ചിന്ത വന്നു..
ആദ്യം ബീഡി തിരയ്ക്കാൻ പഠിച്ചു..
ഒരു ഗുണവും ഉണ്ടായില്ല.
നാടൻ ബീഡിക്ക് മാർക്കെറ്റിൽ വിലയില്ലായിരുന്നു.
രണ്ടാമതായി ടൈലറിങ്ങ് പഠിക്കാൻ ശ്രമിച്ചു, ഗുരുനാഥന്റെ ചീത്തവിളി സഹിക്കാൻ പറ്റാതായപ്പോൾ അതും വിട്ടു.
മൂന്നാമതായി റബ്ബർ ടാപ്പിങ് പഠിക്കാൻ ശ്രമിച്ചു
ആരും പഠിപ്പിച്ചു തരാൻ തയ്യാറായില്ല. കാരണം അതിൽ ചില പൊളിറ്റിക്കൽ ഇടപെടൽസ് ഉണ്ടായി..
നാലാമതായി വാഹനം നന്നാക്കുന്ന പണി പഠിക്കാൻ ശ്രമിച്ചു, ഒരു വർഷത്തെ ശ്രമഫലമായി അത്യാവശ്യം പഠിച്ചെടുത്തെങ്കിലും
ഭക്ഷണമല്ലാതെ കൂലി തരാൻ ആരും തയ്യാറായിരുന്നില്ല, അതോടെ അതും വിട്ടു..
ഒടുവിലാണ് നാട് വിടാൻ തീരുമാനിച്ചത്.. പിന്നിടങ്ങോട്ടുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണ്.
അപ്പോൾ പറഞ്ഞു വന്നത്
അന്നത്തെ പോലെയല്ല ഇന്ന് എന്നാണ്.
ഇന്ന് എന്തെല്ലാം അവസരങ്ങളാണ് നമ്മുടെ ചെറുപ്പക്കാരുടെ മുന്നിലുള്ളത്.
എന്ത് ചെയ്താലും പണമുണ്ടാക്കാം എന്നതാണ് അവസ്ഥ.
എന്നിട്ടും അവസരങ്ങൾ മുതലാക്കാതെ നാട്ടിലുള്ള തൊഴിലുകളെല്ലാം ബംഗാളികൾക്ക് നൽകി
വൈറ്റ് കോളർ ജോലിയും പ്രതീക്ഷിച്ച് ഒന്നും ചെയ്യാതെ ചുറ്റിത്തിരിയുന്ന ചെറുപ്പക്കാരോട് പുച്ഛമല്ലാതെ എന്ത് തോന്നാൻ..
പ്രതീക്ഷകൾ നല്ലതാണ്,
എന്നാൽ പ്രതീക്ഷിച്ചത് ലഭിക്കുന്നത് വരെയുള്ള സമയം വെറുതേ കളയണോ..
ലോകത്ത് ഏറ്റവുമധികം വിലയുള്ളത് സമയത്തിനാണെന്നത് തിരിച്ചറിയേണ്ടതുണ്ട്..
കാരണം ജീവിതത്തിന് മാത്രം റിവേഴ്സ് ഗിയർ ഇല്ല..!!