രചന : അജിത് പൂന്തോട്ടം✍
നിഴലുകൾ
അവനിലേക്ക് മാത്രം
നീളുകയോ, ചുരുങ്ങുകയോ ചെയ്യുന്ന
സ്ഥലമാണ് കല്ലമ്പാറ !
സ്മശനം എന്ന ഇരട്ട നാമം
പണ്ടേ ഉണ്ടാകിലും,
നട്ടുച്ച മാത്രമണ് –
ഇവിടുത്തെ നേരം.
മുറുകെ പിടിച്ചെപ്പോൾ
പിടി വിടല്ലേ വിടല്ലേയെന്ന്
നിൻ്റെ കൈകൾ
കരഞ്ഞു കൊണ്ടേയിരിക്കുന്നത്
നീ അറിയുന്നുണ്ടായിരുന്നോ?
ഒരാൾക്ക് നിൽക്കാവുന്ന നിഴൽ
എനിക്കുണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ അതിൻ്റെ
ചുവടെ നിർത്തുമായിരുന്നു.
സ്മാശാനത്ത്
കാറ്റു വീശുന്നില്ല
ചെറു മരക്കൊമ്പിലെ ഇലകൾ
എന്തിൻ്റെയോ അടയാളങ്ങൾ
കാറ്റെന്ന് കാണിച്ചുതന്നു
ദിനവും പല തവണ മരിക്കുന്ന
എന്നോട്സഹതപിക്കുന്ന പോലെ:
ഉച്ചനേരത്ത് ഇലയിളക്കം
ആത്മാക്കളുടെ വർത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കിൽ ഉണ്ട് !
നീ കണ്ണും ചെവിയുമോർക്കുന്നത്
കണ്ടാലറിയാം
പറഞ്ഞു തീർന്നിട്ടില്ലാത്ത പലതുമാണ്
കാണുന്നതും കേൾക്കുന്നതുമെന്ന് .
പൊന്നു പണിക്കാരുടെ
പണിയിടങ്ങളിൽ വന്ന്
തമിഴൻമാർ മണലിൽ നിന്ന്
പൊൺതരികൾ അരിച്ചെടുക്കുന്ന പോലെ
കളഞ്ഞു പോയ ഒരു പാട്ട്
പലകുറി ജലമാവർത്തിച്ച്
നീ അരിച്ചെടുക്കുകയാണോ?
സ്മാശനത്തു നിന്ന്
ചെറുചൂടുള്ള ചിതാഭസ്മം
ഏറ്റുവാങ്ങുമ്പോൾ
നിൻ്റെ മനസ്സിനോട്
എന്തെങ്കിലും പറഞ്ഞുവോ?