അവള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് നേര്യതിന്റെ
ഞൊറിവ് നന്നാക്കുന്ന തിരക്കിലായിരുന്നു.
നേര്യതിന്റെ അറ്റത്ത അഭംഗിയായി തൂങ്ങി കിടന്ന ഒരു നീണ്ട നൂലിനെ അയാള്‍ തന്റെ വിരലുകൊണ്ട് ചുറ്റിയെടുത്ത് പൊട്ടിച്ച് കളഞ്ഞു.
അയാള്‍ അവളെ ഒന്നുകൂടി നോക്കി.
ഒറ്റത്തവണ!
ചുവന്ന ഞരമ്പുകൾ തെളിഞ്ഞ് കണ്ണുകൾ കലങ്ങിനിന്ന അവളെ മുഖത്തേയ്ക്ക് കൂടുതൽ സമയം നോക്കി നിൽക്കാൻ എന്തോ അയാൾക്കു കഴിഞ്ഞില്ല.
“മാലതി …”
“മ്മ്…”
അവള്‍ അയാളുടെ മുഖത്ത് നോക്കാതെ മൂളി.
” നിനക്ക് നല്ല സങ്കടമുണ്ടല്ലേ? “
വളരെ വൈകി അയാളിൽ നിന്നും കേട്ടൊരു ചോദ്യം.
അവളൊന്ന് അയാളെ നോക്കുക മാത്രം ചെയ്തു.
എന്നിട്ട് ഇല്ലെന്ന് തലയാട്ടി.
അയാളുടെ സഹതാപത്തോടെയുള്ള നോട്ടത്തില്‍ നിന്നും അവള്‍ തന്റെ കണ്ണുകള്‍ വെട്ടിച്ചു മാറ്റി.
മുറിയിലേക്ക് കയറി വന്ന രമേശിന്റെ അമ്മ ആദ്യം
നോക്കിയത് അവളെയാണ്.
“നീയിവിടെ കണ്ണാടിയില് നിന്റെ ചന്തവും നോക്കി നിൽക്കുവാ?
അപ്പുറത്ത് ആളുകൾ ഒക്കെ വന്ന് നിന്നെ തിരക്കുന്നുണ്ട്.
വേഗം അവിടേക്ക് ചെല്ല്…
ഒന്നും പഴയതുപോലെ അല്ല.
ഓർമ്മ വേണം.”
” അമ്മേ…”
അയാളുടെ ആ വിളിയിൽ ആ സത്രീയൊന്ന് നിശബ്ദമായി.
“കല്യാണമായിട്ട് നീയും ഇവിടെ കയറി നിന്നോ.
അന്വേഷിക്കുന്നോരോടൊക്കെ ഞാനെന്താ പറയണ്ടേ?
കെട്ട്യോളെ കൂടെ മുറിയിലടച്ചിരിക്കുന്നു എന്നോ?”
അയാളാകെ വിളറി.
കണ്ണാടിക്കു മുന്നിൽ നിവർന്നു നിൽക്കാനുള്ള തന്റേടം കൂടി അയാള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഇന്ന് അയാളുടെ രണ്ടാം വിവാഹം ആണ്.
ആദ്യഭാര്യയോടൊപ്പം ജീവിക്കുമ്പോഴും രമേശന് അങ്ങനൊരു ഗതികേടുണ്ടായത് എന്തുകൊണ്ടാണെന്ന് പറയാം.
തന്റെ ആദ്യ ഭാര്യ മാലതിയ്ക്ക് ഒരമ്മയാവാൻ കഴിയില്ലെന്ന് വളരെ വൈകിയാണ് അറിയുന്നത്.
അതിൽ പിന്നെ തറവാട്ടിലെ സർവ്വപേരും കുറ്റപ്പെടുത്തലും പഴികളുമായി അവളുടെ
പിന്നാലെ കൂടി.
തനിക്ക് ഒരു കുട്ടിയുണ്ടായില്ലെങ്കില് തറവാട്ടില്
പാരമ്പര്യം നിന്നുപോവുമത്രേ.
അതെത്ര ഭീകരമായ അവസ്ഥയാണെന്ന് ചുറ്റിലും ഉള്ളവര്‍ അമ്മയെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു.
അക്കൂട്ടത്തിലാരോ അമ്മയേ ഉപദേശിച്ചതാണ് രണ്ടാമതൊരു വിവാഹാലോചനയെ പറ്റി.
ആദ്യമൊക്കെ കനത്ത എതിർപ്പുമായി മുന്നോട്ട് പോയെങ്കിലും മാലതികൂടി അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നു എന്ന് കണ്ടപ്പോള്‍ … അവളും കൂടി നിർബന്ധിച്ചപ്പോൾ വേറെ നിവൃത്തിയില്ലാതെ സമ്മതിച്ചുപോയതാണ്.
അമ്മയുടെ ഒരു അകന്ന ബന്ധവിന്റെ മകളാണ് വധു.
വീണ്ടും ഒരു വിവാഹം!
ഇപ്പോഴും അതിന്റെ തെറ്റും ശരിയും വരും വരായ്കകളെയും കുറിച്ചോന്നും വല്യ ബോധ്യമില്ല.
വിവാഹ ഒരുക്കങ്ങൾക്കൊക്കെ ഓടി നടന്നത് മാലതി തന്നെയാണ്.
വിവാഹസാരി വാങ്ങാനും , താലി പണിയാനും വീട് ഒരുക്കാനും ഒക്കെ.
അവളെങ്ങനെ ഇത്ര മാറിയെന്ന്
താന്‍ ആലോചിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ നാളുകളിലൊക്കെ മറ്റൊരു പെണ്ണൊന്ന് തന്നെ നോക്കുന്നുണ്ടെന്ന് കണ്ടാൽ പരിഭവിക്കുന്നവളാണ്.
അവളെങ്ങനെ ഇത്ര മാറിയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ഈ വിവാഹത്തിന് അവള്‍ക്ക് പൂര്‍ണ്ണസമ്മതമായിരുന്നു.
അല്ല സാഹചര്യങ്ങളവളെ അങ്ങനെയാക്കി തീര്‍ത്തതാണ്.
അവള്‍ സന്തോഷവതിയാണെന്ന ധൈര്യമായിരുന്നു ഇന്നലെ വരെ…
ഇന്നലെ ഈ വീട്ടിൽ വന്ന അതിഥികൾക്കും ബന്ധുക്കൾക്കും മുന്നിൽ തലതാഴ്ത്തിയവൾ നടക്കുന്നത് പലതവണ കണ്ടു.
രമേശന്റെ ആദ്യഭാര്യയെവിടെ എന്ന ചോദ്യത്തിന് മുന്നിൽ എത്ര വെട്ടം അവള് പതറി നിൽക്കുന്നത് കണ്ടു.
ആദ്യ ഭാര്യ!
ഹോ അവളെ അതെത്ര പൊള്ളിച്ചിട്ടുണ്ടാവണം.
വരുന്നവരും പോകുന്നവരും ഒക്കെ അവളെ ഒരു അത്ഭുത വസ്തുവിനെ
നോക്കുന്ന കൗതുകത്തോടെ നോക്കി നിന്നു.
ചിലര്‍ അവള്‍ പെറില്ല എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വെച്ചു.
ചിലര്‍ ഭര്‍ത്താവിന് മറ്റൊരു വിവാഹം കഴിക്കാന്‍ സമ്മതം മൂളിയ അവളുടെ മനസ്സിനെ പുകഴ്ത്തി.
ചിലരവളെ എന്തൊരു പെണ്ണ് എന്ന് ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിച്ചു കളഞ്ഞു.
അയാളെക്കാളും ആളുകള്‍ കൂടുതല്‍ തിരയുന്നത് അവളെ ആണെന്ന് കണ്ടപ്പോള്‍ അയാളും പതറി പോയിരുന്നു.
അവളെ എന്ത് പറഞ്ഞശ്വസിപ്പിക്കണമെന്ന് പോലും അറിയാതെ അയാളാ കണ്ണാടിയ്ക്കു മുന്നിൽ നിന്നു.
വിവാഹത്തിന് ഇനി മണിക്കൂറുകളേ
ബാക്കിയുള്ളു…
മുറിവിട്ട് ഇടനാഴിയിലേക്ക്
ഇറങ്ങുമ്പോൾ കുട്ടികൾ മുല്ലപ്പൂവ് പങ്കുവെയ്ക്കുന്നതിനു തല്ലുണ്ടാക്കുന്നത് കണ്ടു.
തിരക്ക് പിടിച്ച് ആളുകളൊക്കെ ഒരുങ്ങി ഇറങ്ങുന്നുണ്ട്.
അമ്മാവന്മാരൊക്കെ കാലത്തെ മുറ്റത്ത് ആളുകളെ സ്വീകരിച്ചിരുത്തി സൽക്കരിക്കുന്നുണ്ട്.
ഇടയിലെപ്പോഴോ മാലതി മുന്നിൽ വന്നുപെട്ടു.
അവളുടെ നെറ്റിയിലെ ചന്ദനം വിയർപ്പിൽ കുതിർന്നിരുന്നു.
സീമന്തരേഖയില് അവള്‍ പതിവിലും കൂടുതല്‍ കുങ്കുമം തൊട്ടിരിക്കുന്നു.
അവനവനെയെങ്കിലും ബോധിപ്പിക്കാനാവും അവളങ്ങനെ കുങ്കുമം തൊട്ടത്.
കൈയ്യില്‍ പുതിയ കിടക്കവിരിയുമായി അവൾ പുതിയ മുറിയിലേക്ക് കയറി പോകുന്നത് കണ്ടു.
ആദ്യരാത്രിക്കുള്ള കിടക്കവിരിയ്ക്കാൻ
അവളെ ഉപദേശിച്ചത് അമ്മ തന്നെയാവും.
മാനുഷികമായ യാതൊരു പരിഗണനയും അവൾക്കാ വീട്ടിൽ കിട്ടുന്നതായി അറിയില്ല.
അവളുടെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ അവളെ കാണാൻ കൂടി ആരും ഈ വഴി വരാറില്ല. ബന്ധങ്ങളൊക്കെ അത്രയേ ഉള്ളുവെന്ന് അവളിടയ്ക്കിടെ പറയാറുണ്ട്.
അത് ഇവിടെ ഉള്ളവര്‍ക്ക് ഒരു അവസരം കൂടി ആണ്.എന്ത് ചെയ്താലും അവളിവിടെ എവിടെങ്കിലും ഒതുങ്ങി കഴിഞ്ഞു കൊള്ളും എന്ന ധൈര്യം അവരിലുണ്ട്.

കോണിപ്പടി കയറി ചെല്ലുന്ന ആദ്യത്തെ മുറിയാണ് ഇനിമുതൽ അയാൾക്കും പുതിയ ഭാര്യക്കും ഉള്ള മുറി.
കല്യാണം പ്രമാണിച്ച്
പുതിയ കട്ടിലും അലമാരയും മേശയും ഒക്കെ ഏർപ്പാടാക്കി മുറി അലങ്കരിച്ചിട്ടുണ്ട്.
മേശപ്പുറത്ത് പുതിയ പൗഡറും കലാമിന്‍ ലോഷനും
പൊട്ടും കുങ്കുമവും ഒക്കെ വാങ്ങി നിരത്തി വെച്ചിട്ടുണ്ട്.
കട്ടിലിൽ കിടക്കവിരിയ്ക്കുമ്പോൾ അവളുടെ കൈകൾ വിറച്ചു കാലുകൾ ഇടറി.
ഹൃദയത്തിൽ നിന്നുമൊരു കൊള്ളിയാൻ സിരകളെ മുറിച്ച് കടന്നു പോയി.
ആ മുറിയാകെ പുതിയൊരുതരം മണം.
റൂം സ്പ്രേയുടെതാണ്.
ആ മണത്തിനു ആ ദിവസത്തിന്റെ മുഴുവൻ ഓർമ്മകളെയും വേദനകളെയും നിറച്ച് വെച്ച ഗന്ധമാണെന്ന് അവൾക്കു തോന്നി.
മാലതിയുടെ കണ്ണുകൾ ചാലുകളായി ഒഴുകി. പിന്നിലെ കാൽപ്പെരുമാറ്റം കേട്ട് കണ്ണുകൾ തുടച്ച് വേഗം അവള്‍ തിരിഞ്ഞു നോക്കി. അതവളായിരുന്നു.
ചെറിയമ്മയുടെ മകൾ അമ്മു.
” മാലതിച്ചേച്ചി കരയാ?”
” അല്ല അമ്മുവേ ഞാനേ ഈ കിടക്ക…
ആകെപൊടി …”
അവളുടെ ശബ്ദം ഇടറി.
” അല്പമെങ്കിലും മനസാക്ഷി ഉള്ള ഒരാളുപോലും ഇല്ലാണ്ടായിപ്പോയല്ലോ ഇവിടെ എന്റെ ചേച്ച്യേ…”
അവളുടെ വാക്കുകൾ കേട്ടതും മാലതി അവളുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞതും ഒരുപോലെ ആയിരുന്നു.
ഒരുപാടു ദിവസങ്ങളായി ഹൃദയത്തിൽ കടിച്ചമർത്തിയ വേദനകളൊക്കെ അവൾ അമ്മുവിന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു തീർത്തു.
മനസ്സിൽ കെട്ടിവെച്ച ഭാരം മുഴുവൻ കരഞ്ഞു തീരട്ടെന്ന് അമ്മുവും കരുതി.
പുറത്ത് ആളുകൾ ഇറങ്ങാൻ ബഹളം കൂട്ടി തുടങ്ങി.
വീട്ടുകാർക്കൊപ്പം ഒരു കാറിൽ മാലതിയും കയറി.
കല്യാണപ്പന്തലിൽ ഒരറ്റം മാറിയിരുന്ന മാലതിയെ പലരും ദയയോടെ നോക്കുന്നത് കണ്ടു.
ഇടയ്ക്ക് രമേശനും മാലതിയെ ഒരു നോക്ക് കണ്ടു.
വീട്ടുകാർക്ക് മുന്നിൽ നിസഹായനായി
പോയൊരു മനുഷ്യനായിരുന്നു അയാൾ.
സ്വന്തം ഇഷ്ടത്തിനൊരു ഷർട്ട് പോലും വാങ്ങാൻ ധൈര്യമില്ലാത്ത മനുഷ്യൻ.
വാദ്യങ്ങളുടെ നടുവിൽ മാലതിയുടെ ഹൃദയം അതിലും ഉച്ചത്തിൽ ഇടിച്ചുകൊണ്ടിരുന്നു.
ഹൃദയം നിലച്ചവൾ മരിച്ചുപോകുമെന്നുവരെ
അവൾ ചിന്തിച്ചു. അവിടെ വെച്ച് അവള്‍ മരിച്ച് പോയാല്‍ അത് രമേശിന്റെ ജീവിതത്തെ പോലും ബാധിച്ച് പോയേക്കും എന്നവള്‍ ഭയന്നു.
അവളുടെ ചിന്തകള്‍ കാടുകയറി അലഞ്ഞു…
ആൾകൂട്ടം സാക്ഷി നിൽക്കെ രമേശന്റെയും മാലതിയുടെയും വിവാഹം നടന്നതിലും കേമമായി രമേശന്റെ മറ്റൊരു വിവാഹം കൂടി നടന്നു.
ആൾക്കൂട്ടത്തിലൊരുവളായി അവളും.
പത്ത് പതിനഞ്ചു വിഭവങ്ങളുമായി
ഒരുങ്ങിയ സദ്യ മാലതിയുടെ തൊണ്ടയിൽ കുടുങ്ങി നിലവിളിച്ചു.
കൂട്ടത്തിലൊരു സ്ത്രീ മാലതിയെ കളിയാക്കി.
” ഭർത്താവിന്റെ കല്യാണ സദ്യ
ഉണ്ണാനും ഒരു യോഗം വേണം.”
മാലതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളുടെ ഹൃദ്യവും കണ്ണുകളും തമ്മിൽ മത്സരത്തിലായിരുന്നു…
തിരിച്ച് വീട്ടിലെത്തി വധൂവരന്മാരെ സ്വീകരിച്ചിരുത്തി ചടങ്ങുകൾ അവസാനിച്ചു.
ആളുകൾ ഒഴിഞ്ഞു തുടങ്ങി.
അടുക്കളയിൽ പെണ്ണുങ്ങൾ അത്താഴത്തിനായി പണി തുടങ്ങി.
മാലതി അവളുടെ മുറിയിൽ കട്ടിലിൽ അങ്ങനെ കിടന്നു.
അവളോർക്കുകയായിരുന്നു പതിനൊന്ന് വർഷം മുൻപ് അവൾ കയറി വരുമ്പോഴും ഈ വീട് ഇങ്ങനെ ആയിരുന്നു.
അന്ന് ഈ മുറി തങ്ങളുടെ മണിയറ ആയിരുന്നു.
അയാള്‍ക്കൊപ്പം താനുറങ്ങിയ മുറിയാണ്. സ്വ്പനങ്ങള്‍ നെയ്തത് ഇവിടെ വെച്ച് തന്നെയാണ്.
അന്ന് രമേശേട്ടൻ തന്നെ കെട്ടിപിടിച്ചതും ചുംബിച്ചതും ഒക്കെ ഇന്നലെത്തെ പോലെ ഓർമ്മയുണ്ട്.
ഇന്ന് അതൊക്കെ പുതിയ ഭാര്യയായ പെണ്‍കുട്ടിയില്‍ അയാളാവര്‍ത്തിക്കും.
മേശയ്ക്കു മുകളിരുന്ന വെള്ളമെടുത്ത് കുടിച്ചിട്ടും അവളുടെ തൊണ്ട വരണ്ടു.
നേരം ഇരുട്ടി തുടങ്ങിയതും അവളുടെ ഹൃദയത്തിന് ഭാരം കൂടി വന്നു.
മുറിവിട്ട് പുറത്തേയ്ക്കിറങ്ങവേ ഒരുവട്ടം
ആ പെൺകുട്ടിയെ കണ്ടു.
അവളൊന്ന് ചിരിച്ചു എന്നിട്ട് മാലതിയെ ഒരു നോട്ടം നോക്കി.
അവളുടെ കണ്ണിൽ കണ്ടത് മാലതിയ്ക്കു മുകളിലുള്ള സഹതാപമാണെന്നു തിരിച്ചറിയാൻ മാലതിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല.
രാത്രി എല്ലാവരും അത്താഴം കഴിച്ച് പിരിഞ്ഞു.
രമേശൻ മുറിയിലേക്ക് കടന്നു വന്നു.
മാലതി ഉറക്കം നടിച്ച് കിടന്നു.
അയാളുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല.
അയാളെ അടുത്ത് കിട്ടുന്ന പക്ഷം താനയാളെ അഗാധമായി പുണരുമെന്നും അയാളുടെ കാലില്‍ വീണ് തന്നെയല്ലാതെ ഒരു സ്ത്രീയേയും സ്വീകരിക്കരുതെന്നു അപേക്ഷിക്കുമെന്നും.
അയാളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് അവള്‍ പറയുമെന്നും അവള്‍ ഭയന്നു.
അയാൾ അവളുടെ കാലുകളിൽ ഒന്ന് തൊട്ടു.
പിന്നെ മുറിവിട്ട് പോയി.
അയാൾ പോയതും മാലതി എഴുന്നേറ്റു വന്നു വാതിലടച്ചു കുറ്റിയിട്ടു.
മുറിയുടെ മൂലയിൽ നിലത്തിരുന്ന് ഒച്ച പുറത്ത് വരാതെ അലറി കരഞ്ഞ ഒരു മുപ്പതുകാരി പെണ്ണിനെ നോക്കി വിധി എന്ന് മാത്രം പറയാനേ നിര്‍വ്വാഹമുള്ളു.
രാത്രിയുടെ ഓരോ സെക്കന്റുകളും അവളെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.
ഭൂമിയിൽ സ്വന്തമെന്നു പറയാൻ സ്വന്തം ശരീരം പോലുമില്ലാത്തവരാണ് പെണ്ണുങ്ങളെന്ന് അവൾക്കു തോന്നി.
ഉദരത്തിലൊരു കുഞ്ഞിനെ ചുമക്കാന്‍ പറ്റാത്ത പെണ്ണുങ്ങളൊക്കെ ഇതൊക്കെ അനുഭവിക്കണമെന്ന് പറഞ്ഞ രമേശിന്റെ അമ്മയുടെ മുഖമോര്‍ത്തു.
പെറാന്‍ വേണ്ടി മാത്രമാണ് അവളെ അയാൾ കെട്ടികൊണ്ടുവന്നതെന്ന് തോന്നി.
അവളുടെ ശരീരത്തിന്റെ ഉപയോഗം പോലും കഴിഞ്ഞിരിക്കുന്നുവെന്ന് തോന്നി.
മുപ്പതുകളിലൊരു സ്ത്രീ അവളുടെ പ്രണയത്തെയും ശരീരത്തെയും ആസ്വദിച്ച് തുടങ്ങുമെന്ന സത്യത്തില്‍ നിന്നും അവളെ പറിച്ച് മാറ്റിയിരിക്കുന്നു. സ്ത്രീയെന്ന നിലയില്‍ അവള്‍ക്കു
കിട്ടേണ്ട എല്ലാ അവകാശങ്ങളെയും അമ്മയാകാന്‍ കഴിയാത്തതിന്റെ പേരില്‍ നിരസിച്ച ആ വീട്ടുകാരോട് വല്ലാത്ത വെറുപ്പ് തോന്നി തുടങ്ങിയിരുന്നു അവള്‍ക്ക്.
പെറാന്‍ പറ്റാത്ത സ്ത്രീയ്ക്ക് ശരീരത്തിനാവശ്യമായ രതിയും സുഖവും ഒന്നുമുണ്ടാവില്ല എന്ന് തെറ്റിധരിച്ച് വെച്ചേക്കുന്ന ലോകത്തെ ഓര്‍ത്തവള്‍ സ്വയം പഴിച്ചു.
മാസമുറതെറ്റാത്ത പെണ്ണുങ്ങളൊന്നും
ആണുങ്ങളെ കൂടെ കിടക്കാന്‍ കൊള്ളാത്ത ശവങ്ങളാണെന്ന് വീട്ടിലെ പണിക്കാരത്തികളോട് അമ്മായി കുശലം പറഞ്ഞ് ചിരിക്കുമ്പോള്‍ മാലതിയുടെ ഉള്ള് തകര്‍ന്നു പോയിരുന്നു.
ശരിയാണ്…
അവസാനമായി അയാള്‍ ചുംബിച്ചത് എത്രയോ നാള് മുന്‍പാണ്…
അമ്മയാവില്ല എന്നറിഞ്ഞതില്‍ പിന്നെ അയാളൊന്ന്
സ്നേഹത്തോടെ തൊട്ടിട്ടില്ല. കൂടെ കിടന്നിട്ടില്ല.
അയാളെ അവൾ പ്രണയിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളുവെന്ന് പറയാന്‍ അവള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
എനിക്ക് നിങ്ങളെ വേണമെന്ന് ,നിങ്ങള്‍ക്കൊപ്പം എനിക്ക് കിടക്കണമെന്ന് സ്വന്തം ഭര്‍ത്താവിനോട് ഉറക്കെ പറയാന്‍ ധൈര്യമുള്ള എത്ര പെണ്ണുങ്ങളുണ്ട് നാട്ടില്?
കുറവാണ്…
വളരെ വളരെ കുറവ്.
അതൊക്കെ വലിയ അപരാധങ്ങളായി കാണുന്ന മനുഷ്യര്‍ക്കിടയിലാണ് മാലതി തന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും
കുഴിച്ച് മൂടിയത്.
പെണ്ണുങ്ങൾക്ക് ഒക്കതിനും സമയം വേണം.
ഒരാൾക്ക് വേണ്ടി പാകപ്പെടാൻ ഹൃദയംകൊണ്ടെത്ര നാളെടുക്കും ?
അയാൾക്ക്‌ വേണ്ടി ശരീരം പകുത്ത് കൊടുക്കാന്‍ അതിലും എത്രയോ സമയമെടുക്കും?
ഇതൊന്നും തിരിച്ചറിയാത്ത മനുഷ്യരവളെ
ഒരു ഭോഗവസ്തുവായി മാത്രം കാണുന്നതിന്റെ പ്രശ്നങ്ങളാണ് ഇതൊക്കെ.
ഞൊടിയിടയില്‍ അവള്‍ ഭാര്യയായി മാറിക്കളയുന്നു എന്നവര്‍ കരുതും.
ഇല്ല…
ഒരിക്കലും ഇല്ല…
അവളുടെ ചിന്തകൾ വട്ടം കറങ്ങി.
ആ രാത്രിയ്ക്ക് പതിവിലും ദീർഘമുള്ളതായി
തോന്നി അവൾക്ക്.
നേരം പുലരുവോളം അവൾ ഉറങ്ങിയതേ ഇല്ല.
അയാളുടെ ഓര്‍മ്മകള്‍ അവളെ തൊണ്ടയില്‍ വേദനയായി രൂപപ്പെട്ട് അവളെ ശ്വാസം മുട്ടിച്ചു.
കാലത്ത് എഴുന്നേറ്റു അടുക്കളപ്പണികളിൽ
മുഴുകിയപ്പോഴും രമേശന്റെ ചായതയ്യാറാക്കി അവൾ അയാളെ പ്രതീക്ഷിച്ചിരുന്നു.
അയാൾ എഴുന്നേറ്റാൽ ഉടനെ വിളിവരും മാലതി…ചായ എടുത്തോന്ന് …
പറഞ്ഞ് തീരും മുന്നേ ഉമ്മറത്ത് ചായ എത്തും.
പതിവുകളൊക്കെ ഇനി എങ്ങനെയാണോ ?അറിയില്ല.
അവളുടെ ശരീരം ആ മഞ്ഞു കാലത്തും ഉരുകി ഒലിച്ചു.
അയാൾ എഴുന്നേറ്റു വന്നു.
പതിവുപോലെ അയാൾ മാലതിയെ തിരഞ്ഞില്ല.
പുതിയ ഭാര്യ ചായ ചോദിച്ച് അടുക്കളയിൽ എത്തി.
മാലതി ചായ എടുത്ത്
അവരുടെ കൈയ്യിൽ കൊടുത്തു.
ആ പെണ്‍കുട്ടി അടുത്ത് വന്നപ്പോള്‍ തലേന്ന് അനുഭവിച്ച ആ റൂം സ്പ്രേ ഗന്ധം മൂക്കിലേക്ക് അരിച്ച് കയറി.
അവൾ നടന്നു പോകുന്നതും നോക്കി നിൽക്കുമ്പോൾ മാലതിയുടെ ഹൃദയം മരവിച്ച് ജഡമായി തീർന്നിരുന്നു.
ഞൊറിഞ്ഞുടുത്ത സാരിയും നീളന്‍ മുടിയും തന്നെക്കാളും ഒരുപാട് സുന്ദരിയാണവള്‍.
അവള്‍ക്ക് ആ പെണ്‍കുട്ടിയോട് അസൂയ തോന്നി അയാള്‍ ചുംബിക്കുന്ന അവളുടെ ശരീരത്തോട്…
അയാളെ പൊതിയുന്ന സ്നേഹത്തോട്…
അയാളെ പരിഗണിക്കുന്ന അവളുടെ മനസ്സിനോട് …
അയാളെ തൊടുന്ന അവളുടെ തൊലിയോട് പോലും അസൂയ.
അവളില്‍ ജനിക്കാന്‍ പോകുന്ന അയാളുടെ കുഞ്ഞുങ്ങളെ ഓര്‍ത്തപ്പോള്‍ മാത്രം ആ അസൂയ തീരെ ചെറുതായി അവളുടെ മനസ്സിനെ കല്ലാക്കി.
അവള്‍ അയാളുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കും.
അയാള്‍ സന്തോഷിക്കും…
അന്നും താനിവിടെ ഈ ഇരുട്ടില് അവനവനെ തിരയും…
ഇന്നലെ തന്റെ ഭാര്‍ത്താവിനൊപ്പം കഴിഞ്ഞ പെൺകുട്ടിയാണവൾ.
ഇനി ചിലപ്പോ എന്നും അവർ മാത്രമാവും ഒരുമിച്ച് കഴിയുക.
അവധി അനുവദിച്ചു കിട്ടുമ്പോലെ തന്റെ ഭർത്താവിനെ തനിക്കനുവദിച്ച് കിട്ടുന്ന സമയവുമെണ്ണി കാത്തിരിക്കാനും മാലതി തയ്യാറായിരുന്നു.
പുതുപ്പെണ്ണിനെ കാണാന്‍ എത്തിയ ആളുകള്‍ക്ക് മുന്നില്‍ പെടാതെ മാലതി അകത്തളത്തില്‍ ഒളിച്ചു.
എന്നിട്ടും ചിലര്‍ മനപൂര്‍വ്വം അവളെ തേടി വന്നു.
” ആ മച്ചിയെകൂടി തീറ്റി പോറ്റണ്ട ഗതികേടാ എന്റെ മോന്.”
രമേശന്റെ അമ്മയുടെ വാക്കുകള്‍ അവളുടെ നെഞ്ചും കാതും തുരന്ന് കടന്നു പോയി.
വഴിയില് മലതിയെ കണ്ടാല് ആളുകള് വിശേഷം തിരക്കലായി…
“രമേശന്റെ പെണ്ണിന് വിശേഷം വല്ലതും ?”
രമേശന്റെ പെണ്ണ്…
അവളെ അയാളില്‍ നിന്നും അറുത്ത് മാറ്റിയ മനുഷ്യരോടൊക്കെ അവള്‍ക്ക് വെറുപ്പ് തോന്നി.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി.
തുലാവര്‍ഷരാത്രികളില്‍ കമ്പിളി പുതപ്പിനുള്ളില്‍
ചുരുണ്ട് കൂടി കിടക്കുമ്പോഴൊക്കെ രമേശനെ വേദനയോടെ ഓര്‍ക്കും.
അവളുടെ വിരലുകള്‍ അയാളെ പരതും…
ഒടുവിലവള്‍ അയാള്‍ തൊടുന്നതായും ചുംബിക്കുന്നതായും സ്വപ്നം കാണും…
തന്റെ ഉടലിലേക്ക് അവള്‍ സ്വയം പടരും.
ഒരു കുഞ്ഞിന് മുലയൂട്ടാന്‍ ഭാഗ്യമില്ലാത്ത മുലകളെ നോക്കി അവള്‍ നെടുവീര്‍പ്പെടും.
ഗര്‍ഭം ചുമക്കാന്‍ ഇടയില്ലാത്ത അടിവയറ്റില്‍ അപ്പൊള്‍ ഒരു തീയാളും…
അവള്‍ക്ക് സ്വയം ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞിരുന്നോ?
അറിയില്ല…
പതിവുകൾ ആവർത്തിച്ച് മാലതി അവിടെ ഒരു ജഡമായി തീർന്നിരുന്നു.
രമേശൻ അതിഥിയെ പോലെ ഇടയ്ക്ക് മാലതിയോട് സംസാരിക്കാൻ ശ്രമിച്ചു തോറ്റുകൊണ്ടിരുന്നു.
ഒഴിഞ്ഞ് മാറുന്ന മാലതിയെ പലരും കണ്ടില്ലെന്ന് നടിച്ചു.
ഒരിക്കൽ അലക്കാൻ തുണിയുമായി പോയ മാലതിയുടെ പിറകെ ചെന്ന രമേശൻ കണ്ടത് തന്റെ കഴുകാനുള്ള ഷർട്ടും നെഞ്ചിൽ അമര്‍ത്തി പിടിച്ച് അലറി കരയുന്ന മാലതിയെയാണ്.
അവളുടെ സകലമാന ദു:ഖങ്ങളും ആ നിലവിളിയില്‍ അണപൊട്ടിയൊഴുകുന്നതായി അയാള്‍ക്ക് തോന്നി.
അയാളുടെ വിയർപ്പിനും ചൂടിനും ശമിപ്പിക്കാൻ കഴിയാത്തത്ര വേദന ആ ഹൃദയത്തിനുണ്ടെന്ന് അയാൾക്കന്ന് മനസ്സിലായി.
അവള്‍ക്ക് സ്നേഹിക്കാനും കാത്തിരിക്കാനും താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന തിരിച്ചറിവ് അയാളെ പൊതിയവെ. അയാളുടെയും കണ്ണുകള്‍ നിറഞ്ഞു.
അമ്മയാകാന്‍ കഴിയില്ല എന്ന ഒറ്റകാരണത്താല്‍ അവള്‍ക്ക് മുന്നില്‍ ജീവിതം കൊട്ടിയടച്ച ദുഷ്ടനായ പുരുഷനാണ് താനെന്ന് അയാള്‍ക്ക് തോന്നി.
ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ തീരാവുന്ന ഒരുപാട് വേദനകളെ അവളു കുടിച്ചിറക്കിയിട്ടുണ്ട്.
ഒരു പരാതിയും പരിഭവവും പറഞ്ഞിട്ടില്ല.
തിരുത്താൻ കഴിയാത്ത തെറ്റിലേക്ക് ഇറങ്ങി ചെന്നേല് പിന്നെ അനാഥമായി പോയ ഒരുവളെ അയാളാവിടെ കണ്ടു.
ഒന്നും പഴയതുപോലെ ആകില്ലെന് അറിയാമെങ്കിലും മാലതിയ്ക്ക് അയാളെ
ഒഴിവാക്കാൻ പറ്റാത്തത്ര ജീവനായി പോയിരുന്നു.
എടുത്ത തീരുമാനം തെറ്റായിപോയി എന്ന് മനസ്സിലാക്കാന്‍ അയാളും വൈകി.
അമ്മയാകാന്‍ കഴിയാത്തതില്‍ ജീവിതം ബലിനല്‍കിയ മലതിയെ ഓര്‍ക്കുമ്പോഴൊക്കെ ഇപ്പോഴും രമേശന് മനസ്സ് നീറും…
അവളെങ്ങനെ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നുവെന്ന് അയാള്‍ ആലോചിക്കും.
അല്ല ജീവനുണ്ടെങ്കിലും വീടിന്റെ ഉത്തരത്തിലെത്ര തവണയവള്‍ നോവ് പേറി ആത്മഹത്യ ചെയ്തിരിക്കുന്നു എന്നയാള്‍ കരുതും.
പഴയ മാലതി എന്നേ മരിച്ചിരിക്കുന്നു.
അയാള്‍ കുറ്റബോധം കൊണ്ട് നീറി നീറി ജഡമായി തീര്‍ന്നിരുന്നു.
ഒരു വീട്ടില്‍ താലികെട്ടിയ മനുഷ്യനെ അമ്മയാവാന്‍ കഴിയാത്തതിന്റെ പേരില്‍ പങ്കിടേണ്ടി വന്ന സ്ത്രീ!
രണ്ട് സ്ത്രീകളെ ഭാര്യയാക്കേണ്ടി വന്ന തന്റെ വിധിയോര്‍ത്ത് അയാള്‍ വിഷാദരോഗിയായി.
അയാളുടെ കുഞ്ഞിനെ ഉദരത്തില്‍ പേറാന്‍ പുതിയ ഭാര്യയ്ക്കും കഴിഞ്ഞില്ല.
മാലതിയെ ഓര്‍ക്കുമ്പോള്‍ രമേശന്‍ കെട്ടിയ താലിച്ചരട് മാലതിയുടെ കഴുത്തിനെ വരിഞ്ഞ് മുറുക്കുന്നതായി തോന്നും! അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം മാലതിയെ ആ വീട്ടില്‍ കാണാതെയായി.
ദിക്കും ദിശയും അറിയാത്തവളാണ്…
എന്നിട്ടും അവളെ തിരക്കിയിറങ്ങാനാരും മുതിര്‍ന്നില്ല.
വെള്ളക്കടലാസ്സില്‍ ഞാന്‍ പോകുന്നു എന്നൊരു വരിയും എഴുതിവെച്ച് ഇറങ്ങിപോയ മാലതിയെ ഓര്‍ത്ത് രമേശന് കരച്ചില്‍ വന്നു.
അവളെ തിരഞ്ഞിറങ്ങി വീണ്ടും ഈ തൊഴുത്തിലേക്ക് കൊണ്ടുവരണ്ട എന്നയാള്‍ക്ക് തോന്നി.
അവളാണ് ശരി…
വൈകിയെങ്കിലും അവള്‍ പോയതില്‍ അയാള്‍ക്ക് അവളോട് തെല്ലും ദേഷ്യം തോന്നിയില്ല.
എത്രയോ തവണ അവള്‍ അയാളെ ഓര്‍ത്ത് കരഞ്ഞിരിക്കുന്നു.
ഇന്നും പത്രം വായിക്കുമ്പോള്‍ അജ്ഞാത ജഡം എന്നൊരു വാര്‍ത്തകണ്ടാല്‍ അയാളത് വായിച്ച് മുഴുവിപ്പിക്കില്ല.
മാലതി എവിടെയോ ഇന്നും ജീവിച്ചിരിപ്പുണ്ട്.
ഭാരങ്ങളില്ലാത്ത നോവുകളില്ലാത്ത മനുഷ്യര്‍ക്കിടയിലവള്‍ ഇന്ന് സുരക്ഷിതയാണ്.
പെണ്ണുങ്ങളൊക്കെ അങ്ങനെയാണെന്നേ…
വേദന തിന്ന് തിന്ന് പതം വരുമ്പോള്‍ ഉള്ളിലൊരു ധൈര്യം വരും ഇതിലും വലുതൊന്നും ഇനി വരാനില്ലെന്ന് തോന്നും.
അപ്പൊ അവനവനിലേക്ക് ഒരു നോട്ടം നീളും.
മാലതിയ്ക്കും അതേ സംഭവിച്ചുള്ളു…
അമ്മയാകില്ലെങ്കിലും അവള്‍ക്ക് അവളെ
വലിയ ഇഷ്ടമാണന്നേ !
♥️

സബിത രാജ്

By ivayana