തിക്കി തിരക്കി കുമറി
വിയർത്ത ബസ്സ് യാത്ര കഴിഞ്ഞ്
കോളേജിലേക്കുള്ള വഴിയിൽ
മഞ്ഞുണങ്ങാത്ത ഫുട്പാത്തിന്റെ
അരിക് കടക്കുമ്പോഴുള്ള
ഒറ്റമരത്തണലിലാണ് അവനെ
പതിവായി കാണാറ് .
വെയിൽതുള്ളികൾ
ചിതറി വീഴാൻ മടി കാണിച്ച
മഴമേഘക്കാറ് തുന്നിയ
നട്ടുച്ചയിൽ ഹോട്ടലിന്റെ
പിന്നാമ്പുറത്തെ എച്ചിലിലകളിൽ
കയ്യിട്ട് വാരി തിന്ന
രണ്ട് കുഞ്ഞ് കണ്ണുകൾ
കയ്യിൽ കൊടുത്ത അൻപത്
രൂപ നെഞ്ചോടടുക്കിപ്പിടിച്ച്
പൊട്ടികരഞ്ഞ വെയിൽമഴ
കുത്തിവരച്ചൊരു നിഴൽചിത്രം.
മഴ നനഞ്ഞ് കുതിർന്ന്
മറവി പുരളാതെ നെഞ്ച്
കുത്തിപ്പൊളിച്ച് കവിതയിൽ
പലവട്ടം തീമഴ കോറി
തലയിട്ടടിച്ച് പിടഞ്ഞു.
അന്നാദ്യമായാണ് ഉച്ചത്തിൽ
അലറിവിളിച്ചൊരു നിലവിളി
കവിതയിൽ പിടഞ്ഞ് വീണ്
ഒറ്റയ്ക്ക് നിറഞ്ഞ് കത്തിയത്
അധികാരസിംഹാസനങ്ങളോട്
പുച്ഛം തോന്നിയത്.
ദൈവത്തിനോട് ദേഷ്യം
തോന്നിയത്.
വറ്റിവരളുന്ന സഹാനുഭൂതിയുടെ
കരളിൽ പിടിച്ച് വലിച്ച്
കുത്തിക്കീറാൻ തോന്നിയത്.
കൊടുങ്കാറ്റിന്റെ ചിറക് തൂങ്ങി
വരുന്ന പാതിരാമഴയോട്
കലഹിച്ചത്.
കവിതയിലേക്കുള്ള വഴി
ചോദിച്ചു വന്ന കൂട്ടിനോട്
ഇങ്ങനെയും ജീവിതമുണ്ടെന്ന്
പറഞ്ഞ് പരിതപിച്ചത്.
വെയിൽ ചിറകുകൾ
ഉമ്മ വയ്ക്കുന്ന
ഒറ്റമരത്തണലിൽ
അവനിപ്പോഴും
പാതിമഴക്കിനാവ് നനയുന്നുണ്ട്…..

ഷാജു. കെ. കടമേരി

By ivayana