രചന : പൂജ ഹരി കാട്ടകാമ്പാൽ ✍
CNA കോഴ്സിന്റെ പരിശീലനത്തിന്റെ ഭാഗമായി പ്രശസ്തമായൊരു ഹോസ്പിറ്റലിൽ കയറിക്കൂടി..
വേദനകളുടെ ലോകം, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലം, ജീവിതത്തിന്റെ നേർകാഴ്ചകൾ, പിറവിയുടെ മധുരം, ശമനത്തിന്റെ ഇത്തിരി സന്തോഷം..
അതെ.. ആശുപത്രി വേറെയൊരു ലോകമാണ്.. ഇവിടെ കയറിയാലറിയാം മനുഷ്യൻ എത്ര നിസഹായനാണ്.. ഈ ഓട്ടപ്പാച്ചിലും അഹങ്കാരവും ഒക്കെ വെറുതെയാണ്..
പണവും ജീവനും തമ്മിലുള്ള പോരാട്ടം.. മരണം അടുത്തെത്തിയാലും മനസ്സിൽ സ്വന്തം വീടുമോർത്തു ശീതികരിച്ചമുറിയിൽ യന്ത്രങ്ങൾക്കിടയിൽ കിടന്നു അവസാനശ്വാസം വലിക്കുന്നവർ.. വേദനകൾക്കിടയിലും നല്ലൊരു ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നവർ…
ആശുപത്രിയിയുടെ തിരക്കേറിയ ഭാഗത്തായതുകൊണ്ട് ഒരു മിനിറ്റ് പോലും പാഴാക്കാറില്ല.. പക്ഷേ ഏറ്റവും തിരക്കുള്ള നിമിഷങ്ങളിൽ മാത്രം മനസ്സിൽ കഥയും കവിതയും വരുന്ന ഒരു സൂക്കേടുകാരിയാണ് ഞാൻ.അതുകൊണ്ട് അറിയാതെ ഹൃദയത്തിൽ തൊടുന്ന പലതും ഒന്ന് കോറിയിടാതെ പറ്റുമോ??
എന്റെ ആശുപത്രിയിലെ ആദ്യത്തെ ദിവസമാണ് ഞാനയാളെ കണ്ടത്.നമുക്ക് ആളെ മനാഫ് എന്നു വിളിക്കാം. ഒത്ത നീളവും തടിയുമുള്ളൊരു മനുഷ്യൻ. പണ്ടത്തെ പ്രവാസ ജീവിതത്തിന്റെ ശേഷിപ്പുകൾ. ബോധത്തിനും അബോധത്തിനുമിടയിലെ പുഞ്ചിരിയുണ്ട് മുഖത്ത്.ഫയലിൽ 67 വയസ്സ് പ്രായം.
എനിക്ക് വയസ്സ് നാല്പതുആയെങ്കിലും പഠിക്കാൻ കയറിയതുകൊണ്ട് അവിടെയുള്ളവർ കുട്ടിയെന്നു വിളിക്കും.
“കുട്ടി റൂം നമ്പർ അമ്പത്തൊന്നിൽ പോയി BP നോക്കിയിട്ട് വാ.. കേട്ടപ്പോൾ എന്റെ കിളി പറന്നു പോയി. തിയറി അരച്ചുകലക്കികുടിച്ചിട്ടൊരു കാര്യവുമില്ല. സ്റ്റെതസ്കോപ്പും ബിപിഅപ്പാരറ്റ്സും എടുത്തു ഞാൻ നടന്നു… “എന്റെ കൃഷ്ണാ.. ആദ്യത്തെയാണെ മിന്നിച്ചേക്കണേ ” ഞാൻ പ്രാർത്ഥിച്ചു.
ആ റൂമിന്റെ വാതിൽ തുറന്നു. ദിക്കിറു ചൊല്ലുന്ന പതിഞ്ഞ ശബ്ദം..
നല്ല ചന്തമുള്ളൊരു തസ്ബീഹ് മാല എന്റെ കണ്ണിൽ അതാണ് ആദ്യം കയറിയത്.
.ഒരു രോഗിയുടെ മുറിയിൽ കയറുമ്പോളുള്ള മണമല്ല ഒരു വസന്തം ഒന്നായി പൂത്തുലഞ്ഞ മണം.. ഇതുവരെ ഞാൻ അനുഭവിക്കാത്തൊരു സുഗന്ധം.. ഞാൻ വന്ന കാര്യം മറന്നുപോയി.
“നീയേതാ കുഞ്ഞേ ” ആൾ ചോദിച്ചു..
ഞാൻ നോക്കിയത് ആളുടെ തലക്ക് പുറകിൽ ഇരിക്കുന്ന തൊപ്പിയും അതിലിരിക്കുന്ന കൊത്തുപണികളുള്ള അത്തറുകുപ്പിയുമാണ്.
ഞാൻ പേര് പറഞ്ഞു..
പുള്ളിക്ക് അതിഷ്ടപ്പെട്ടില്ല.
“ആ പേരൊന്നും വേണ്ട അന്നെ ഞാൻ ആമിന എന്നു വിളിക്കാം “
ആയിക്കോട്ടെ ഞാൻ സമ്മതിച്ചു. ഷുഗർ ഗുരുതരാവസ്തയിലെത്തി പാദം പകുതി മുറിച്ച അവസ്ഥയിലാണെങ്കിലും അതിന്റെ ക്ഷീണമൊന്നും ആ മുഖത്തില്ല. അങ്ങനെയങ്ങനെ ഞാനാ മുറിയിൽ സ്ഥിരമായി..
“ആ ഉപ്പാടെ മോള് വന്നാ ” ചിരിച്ച ആ മുഖത്തെ ക്ഷീണവും വേദനയും ഞാൻ കണ്ടു..
ഞാനയാളെ അത്തറുപ്പാപ്പ എന്നു വിളിച്ചു തുടങ്ങി. ആ അത്തറുകുപ്പിയിൽ ഞാൻ കണ്ണു വെച്ചത് ആൾ കണ്ടിരുന്നു. അതു തുറന്ന് എന്റെ കോട്ടിൽ തേച്ചു തരും.. ബാക്കിയെല്ലാമണങ്ങളെയും മാറ്റി നിർത്താനുള്ള കഴിവ് അതിനുണ്ട്..
പിന്നെയും പഴുപ്പ് കയറി മൂന്ന് ദിവസം കൂടുമ്പോൾ അത് വൃത്തിയാക്കാനായി മൈനർ ഓട്ടിയിൽ കൊണ്ടുപോകും.. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന അയാളുടെ ഭാര്യയും മക്കളും എന്നെ അത്ഭുതപ്പെടുത്തി.
ഒന്ന് കിടന്നു പോയാൽ തിരിഞ്ഞു നോക്കാത്ത മക്കളും മരുമക്കളുമുള്ള ലോകം..
തിരക്കെന്ന കള്ളപ്പേരിൽ ഉറ്റവരെ അവഗണിക്കുന്നവരുടെ ലോകം..
ഈ ലോകത്ത് അയാൾ സ്നേഹം കൊണ്ട് സമ്പന്നനായിരുന്നു..
പകുതി മുറിച്ച പാദം ഡ്രസ്സ് ചെയ്യുമ്പോൾ എന്റെ കണ്ണു നിറഞ്ഞു പോകാതെ ഞാൻ ശ്രദ്ധിച്ചു.
വേദന കൊണ്ട് പുളയുന്ന അയാളുടെ നെറ്റിയിൽ ചുംബിക്കുന്ന ഭാര്യയും മകനും.. അയാളെ കെട്ടിപ്പിടിച്ചു ഉറങ്ങുന്ന മകളും പേരക്കുട്ടികളും.
സ്നേഹത്തോടെ ഊട്ടുന്ന മരുമകൾ..
ഇടക്ക് വേദനകൊണ്ട് ബോധം മറഞ്ഞു പോകും .. പഴുപ്പ് വ്യാപിക്കുന്ന അവസ്ഥ. ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോകുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ആ കുടുംബം.. ഷിഫ്റ്റ് ചെയ്യാൻ കൂടെ പോകുമ്പോൾ ഞാനും അറിയാതെ ദൈവത്തെ വിളിക്കും..
അങ്ങനെയങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഞാൻ തനിയെ പോയി മുറിവുകൾ ഡ്രസ്സ് ചെയ്തു തുടങ്ങി. ആ മുറിയും അതിലെ അത്തർ മണവും ആ കുടുംബവും എനിക്ക് പരിചിതരായി..
ഒരു ഇടത്തരം കുടുംബം മാസങ്ങളോളം ആശുപത്രിയിൽ കിടന്നാലുള്ള അവസ്ഥ അറിയാമല്ലോ.. അതും ഇൻഷുറൻസ് ഇല്ലാതെ. ഷുഗർ മൂർച്ഛിച്ചതുകൊണ്ട് മുറിവ് ഭേദമാവാൻ സമയമെടുക്കും.. അങ്ങനെ അവർ ഡിസ്ചാർജ് വാങ്ങിപോകാൻ തീരുമാനിച്ചു. ആ സമയത്ത് ഉപ്പ കൂടുതൽ അവശനായി. മെഡിക്കൽ icu വിലായി..
ഇനിയൊരു തിരിച്ചു വരവില്ലെന്നറിഞ്ഞാലും മനസ്സിൽ ചേർത്തു പിടിച്ചവരെ മരണത്തിനു വിട്ടുകൊടുക്കാൻ കഴിയില്ല..
സ്നേഹം കൊണ്ട് പൊതിയുന്നവർ കൂടെയുള്ളതു കൊണ്ട് എത്ര വേദന സഹിച്ചു കിടന്നാലും അവരും ഭൂമി വിട്ടു പോകാൻ ആഗ്രഹിക്കില്ല..
അതുകൊണ്ട് എന്തു പ്രാർത്ഥിക്കണം എന്ന ചിന്തയിൽ ഞാൻ നിന്നു..
പിറ്റേ ദിവസം വൈകിട്ട് അവർ ഡിസ്ചാർജ് വാങ്ങി. യാത്ര പറയാൻ പോയപ്പോൾ പറയാൻ പറ്റാത്തൊരു സങ്കടം.ഇനിയും എവിടേലും വെച്ച് കാണുമോ?
ഉപ്പ കണ്ണു തുറന്നു എന്നെ നോക്കി..
” ഇങ്ങു വാആമിനക്കുട്ടി..ഈ അത്തറു കുപ്പി എടുത്തോ ” ആ തണുത്ത വിരലുകൾ എന്റെ കൈകളെ പൊതിഞ്ഞു..
മനസ്സിനെ കല്ലാക്കി ഞാൻ പിടിച്ചു നിന്നു. എന്നാലും എന്റെ കണ്ണുകൾ എന്നെ ചതിച്ചു.. അവർ പോയിട്ടും ആ മുറിയിൽ അത്തറുമണം നിറഞ്ഞു നിന്നു.
അവരിപ്പോൾ എവിടെയാകുമെന്നറിയില്ല. എങ്കിലും എന്റെ ഈ എഴുത്ത് ആ കുടുംബത്തിനുള്ളതാണ്…