അതികഠിനമായ
വിരഹവെയിലിലേക്ക്
നമ്മുടെ സ്നേഹം തോണിയിറക്കിയപ്പോൾ
കാലങ്ങളായി ഇഷ്‌കിന്റെ
മിഹ്റാബ് തീർത്തു
നീ അലങ്കരിച്ചഖൽബകം
ഒരുമാത്രയെങ്കിലുമൊന്ന്
തൊട്ടു നോക്കിയിരുന്നോ…..?
നീ പടർന്നയിടം
യാതൊരിടർച്ചയുമില്ലാതെ
ഇന്നുമതേതാളത്തിൽ മിടിക്കുന്നുണ്ട് •
നൊക്കൂൂ…..
അനുരാഗത്തിനലകളാൽ
അനുദിനമെന്നെ കുളിരു ചൂടിച്ച അതിശയം തുളുമ്പുന്ന
ഇഷ്‌കിന്റെ ബഹറാണ് നീ
ദുനിയാവ് പകർന്നു തരുന്ന
ഏതു കഠിനമായ ദുഃഖത്തെയും
ഇനിയുള്ള കാലം നാം പുഞ്ചിരിയോടെ നേരിടും.
നമുക്ക് വിലങ്ങിട്ടയീ
കപട ലോകം അസ്‌തമിക്കുമ്പഴേക്കും
സമാഇൻ ചെരിവിലിരുന്നു വിധിയെഴുതുന്ന മാലാഖ
നമുക്ക്‌ ഒരുമിക്കാനുള്ളൊരു
ലോകത്തെ വരച്ചു ചേർക്കുമെന്നത്
തീർച്ചയാണ്.
അന്ന് നാഥന്റെ ആരാമത്തിൽ
തൂബായെ സാക്ഷി നിർത്തി
ഞാനെന്ന പുഷ്പം മാത്രം
പൂക്കുന്ന പൂന്തോട്ടം നിനക്കായ്‌
തീറെഴുതി തരും.
അതുവരേയ്ക്കും
നിന്റെ പ്രാർത്ഥനയുടെ
കൂരയിൽ മുസല്ല വിരിച്ചിരുന്ന്
കണ്ണുകളിൽ ഹുബ്ബിന്റെ
അജബുകൾ കോർത്തു
ഖൽബിന്റെ തസ്ബീഹിൽ
നീയാംകവിത രചിച്ചു
ഞാൻ കാലം കഴിക്കട്ടെ…..
അമൻ…
നമ്മളൊരുമിക്കുമെന്നതുറപ്പാണ്.
ആ ഉറപ്പിന്റെ പേരാണ്
എന്റെ ആത്‍മീയത!

By ivayana