മസ്കറ്റിൽ മാംഗോ അനലൈസർ ആയി ജോലിനോക്കുന്ന (മാങ്ങാ പാക്ക് ചെയ്യുന്ന ജോലി ) മാവേലിക്കരക്കാരൻ മണിയൻ,
കൊറോണ ഇരുകയ്യും നീട്ടി സമ്മാനിച്ച ലോക്ക് ഡൗണിന്റെ ആലസ്യത്തിൽ ദിവസങ്ങളായി റൂമിൽ കുത്തിയിരുന്നു ബോറടിക്കുന്ന നേരത്താണ്, ഏതോ ഒരു ചങ്ങാതി, മ്മടെ മണിയനെയും, ഇപ്പോൾ ഫോട്ടോകൾ ഇട്ട് ഏറെ പ്രശസ്തമായ മലയാളിക്ലബ്ബ് എന്ന മുഖപുസ്തക കൂട്ടായ്മയിലേക്ക് കൈപിടിച്ച് കയറ്റുന്നത്,
അനന്തമായ ആഴക്കടൽ ആദ്യമായ് കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന ഹൈറേഞ്ച്കാരന്റെയും, ആദ്യമായ് ആനയെ കാണുന്ന ആറു വയസ്സുകാരന്റെയും, സംയുകത വികാരങ്ങൾ ആയിരുന്നു, മലയാളിക്ലബ്ബിന്റെ തിരുമുറ്റത്ത് കാലുകുത്തിയ മണിയനിൽ പ്രകടമായത്,
എത്രയെത്ര ഫോട്ടോകൾ, പരിചയപ്പെടുത്തലുകൾ, അതിൽ തന്നെ സ്ത്രീജനങ്ങളുടെ ഫോട്ടോകളും, പരിചയപ്പെടുത്തലുകളും മണിയനെ ഹാടത് ആകർഷിച്ചു, മണിയൻ അവക്കെല്ലാം കീഴിൽ വാഴക്ക് കൊടുക്കുന്ന ഊന്നു പോലെ അന്നേ ദിവസം സജീവമായി നിലകൊണ്ടു,
ലോക്ക് ഡൗൺ അവധി ആയതിനാൽ ദിവസത്തിന്റെ ഏറിയ പങ്കും, നാട്ടിലുള്ള പ്രിയതമ മഹിളയോട് കത്തിയടിച്ചാണ് മണിയൻ
സമയം കളയാറുണ്ടായിരുന്നത്,
എന്നാൽ അന്നേ ദിവസം രാവിലേ പ്രിയതമ മഹിളയെ വിളിച്ച മണിയൻ,
ഒരു ട്രെയിലർ ചരക്ക് (മാങ്ങ) വന്നിട്ടുണ്ടെന്നും അത് ” അനലൈസ് ” ചെയ്യുവാനായി, അത്യാവശ്യമായി കമ്പനിയിൽ പോകാനുണ്ടെന്നും, വൈകിട്ട് മടങ്ങി വന്നിട്ടേ ഇനി വിളിക്കുകയുള്ളു എന്നും മഹിളയെ ധരിപ്പിച്ചു,
ആഴ്ച്ചകളായി ജോലി ഇല്ലാതെ റൂമിൽ കുത്തിയിരുന്ന് മൂലക്കുരു വരുവാൻ സാധ്യത ഏറെ ഉണ്ടായിരുന്ന കെട്ടിയോന് അന്നേ ദിവസം എങ്കിലും ജോലി ഉണ്ടെന്ന് അറിഞ്ഞതിൽ, മഹിള അതീവ സന്തോഷവതി ആയി,
മഹിളയെ മയക്കി മണിയൻ വീണ്ടും മലയാളി ക്ലബ്ബിലേക്ക്,
പരിചയപ്പെടുത്തൽ പോസ്റ്റ് ഇട്ട നടിമാർ ഉൾപ്പടെ ഉള്ള സെലിബ്രിറ്റികൾ എന്നോ സാധാരണക്കാർ എന്നോ പക്ഷപാതം കാട്ടാതെ സകല സ്ത്രീനാമധാരികളുടെ പോസ്റ്റിന് കീഴിലും മണിയൻ തന്റെ സാനിധ്യം അറിയിച്ചു, ഇടക്ക് പുട്ടിനു പീര എന്ന കണക്കിന് ചില ആൺ ഫോട്ടോകൾക്ക് കീഴിലും തന്റെ അഭിപ്രായം മണിയൻ അറിയിച്ചു,
അങ്ങനെ മണിയൻ കത്തികയറവെയാണ് മഹിളയുടെ ഐഎംഓ കാൾ മണിയനെ തേടിയെത്തുന്നത്,
” നമ്മുടെ വടക്കേലെ ശാന്ത ചേച്ചി… “
” വെച്ചിട്ട് പോടീ, വൈകുന്നത് മുമ്പ് ഇത്രയും ചരക് കയറ്റി അയക്കണം, അല്ലേൽ അറബിയുടെ വക അമ്മക്ക് വിളി ഞാൻ കേൾക്കും “
മഹിള പറഞ്ഞു മുഴുവിപ്പിക്കും മുമ്പേ മണിയൻ ഉറഞ്ഞു തുള്ളി ഫോൺ കട്ട് ചെയ്തു,
മണിയൻ പിന്നെയും മണിയടി തുടരവേ ഏതാനും മിനിറ്റുകൾക്ക് ശേഷം വീണ്ടും മഹിളയുടെ മണിയടി ശബ്ദം ഫോണിൽ,
” നമ്മുടെ ശാന്ത ചേച്ചിയുടെ വീട്ടിലെ…….. “
” എന്താടി ശാന്ത പെറ്റോ, വെക്കടി #$$%%%% #$$$ “
ഇത്തവണ ചില വ്യാകരണ പദങ്ങൾ കൂടി കൂട്ടിചേർത്ത ശേഷമാണ് മണിയൻ, മഹിളയുടെ ഫോൺ കാൾ കട്ട് ചെയ്തത്,
ഇടക്കിടക്കുള്ള മഹിളയുടെ വിളി മണിയന്റെ ആ ഫ്ലോ നഷ്ട്ടമാക്കി, ഒപ്പംതന്നെ താൻ അഭിപ്രായം കമന്റായി രേഖപ്പെടുത്തിയവരിൽ ചില പുരുഷ നാമധാരികൾ ഒഴികെ ഒരൊറ്റ വനിതാരത്നങ്ങളും തന്റെ കമന്റുകൾക്ക് ഒരു ലൈക്കോ, മറുപടി കമന്റോ നൽകാത്തതിൽ മണിയന് അതീവദുഃഖം അനുഭവപ്പെട്ടു തുടങ്ങി,
‘മണിയൻ’ എന്ന മോഡേൺ അല്ലാത്ത പേര് തന്നെയാണ് അതിന് കാരണമെന്ന് സ്വയം വിലയിരുത്തൽ നടത്തവേയാണ് മെസ്സഞ്ചർ ബോക്സിൽ മഹിളാമണിയന്റെ സന്ദേശം കടന്നു വന്നത്,
” ചരക്ക് ലോഡ് ചെയ്തു എവിടെ വരെയായി ? “
” പകുതി പോലും ആയില്ല, നീ ഇടയ്ക്കിടെ വിളിക്കുകയും, മെസ്സേജ് അയക്കുകയും വേണ്ട, കഴിഞ്ഞാലുടൻ ഞാൻ അങ്ങോട്ട് വിളിക്കാം, എന്റെ മുത്തിനെ “
ഇത്തവണ മഹിളയോട് അൽപ്പം റൊമാന്റിക് ആയി തന്നെ ആണ് മണിയൻ മെസ്സഞ്ചറിൽ മറുപടി നല്കിയത്,
” ശ്രദ്ധിച്ചു ജോലി ചെയ്യുക “
മഹിളയുടെ മറുപടി കണ്ട് ഒരു ചിരിയോടെ മണിയൻ വീണ്ടും മലയാളിക്ലബ്ബിലേക്ക് കയറിയപ്പോൾ കണ്ടത് ആവേശകരമായ ഒരു കാഴ്ച്ചയാണ്,
അവിടെ ഒരു സ്ത്രീയുടെ ഫോട്ടോക്ക് താൻ ഇട്ട കമന്റിന്, ആദ്യമായ് ഒരു ലൈക്ക് വന്നിരിക്കുന്നു,
പോലീസുകാരിയായ പൊന്നമ്മയുടെ ഫോട്ടോക്ക്
“എന്നെ ഇടിക്കുമോ” എന്ന കമന്റിനാണ് ലൈക്ക് വന്നിരിക്കുന്നത്,
മണിയൻ ആവേശത്തോടെ നോട്ടിഫിക്കേഷൻ തുറന്നു, പൊന്നമ്മപോലീസിന്റെ ലൈക്ക് പ്രതീക്ഷിച്ച മണിയൻ കാണുന്നത്, മഹിളാമണിയന്റെ ലൈക്ക്,
ങ്ങേ ഈ മാരണം എങ്ങനെ മലയാളി ക്ലബ്ബിലെത്തി എന്ന് മണിയൻ ആശങ്കപ്പെടുന്ന നേരത്ത് തന്നെ, മണിയന്റെ മെസ്സഞ്ചർ ബോക്സിലേക്ക് മഹിളാമണിയൻ വക സ്ക്രീൻ ഷോട്ടുകളുടെ തുലാവർഷമായിരുന്നു,
ആദ്യത്തെ സ്‌ക്രീൻ ഷോട്ട് സീരിയൽ നടി അംബാലികയുടെ ഫോട്ടോക്ക് മണിയൻ നല്കിയ കമന്റ് ആയിരുന്നു,
” എനിക്ക് എന്നും അംബ, അംബിക, അംബാലിക മാരിൽ ഏറ്റവും ഇഷ്ട്ടം അംബാലികയെ ആണ് “
ഇതുവരെ എന്നെയൊന്നു ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടില്ല, സ്ക്രീൻ ഷോട്ടിന് കീഴെ മഹിളയുടെ ഗദ്ഗദം.
മഹിള അയച്ച അടുത്ത സ്ക്രീൻ ഷോട്ട്, ഓട്ടക്കാരി ഓമനയുടെ ഫോട്ടോക്ക് താഴെയുള്ള മണിയന്റെ കമന്റ് ആണ്,
” ഓടുമ്പോൾ കാലുളുക്കുമോ ഓമനേ “
അടുക്കളയിൽ പലതവണ കാലു തെന്നി വീണിട്ട് തിരിഞ്ഞു നോക്കാത്തവൻ ആണ് ഓമനയുടെ ഉളുക്ക് തിരക്കുന്നത് – മഹിളയുടെ രോഷം
അടുത്ത സ്ക്രീൻ ഷോട്ട് പച്ചക്കറി കൃഷി നടത്തുന്ന പ്രസന്നയുടെ ഫോട്ടോക്ക് കീഴെയുള്ള മണിയന്റെ കമന്റ് ആയിരുന്നു,
” പാവയ്ക്കാ, പച്ചമുളക്, പടവലം, ഇങ്ങനെ പച്ചക്കറികളിൽ പ യിൽ തുടങ്ങുന്നവയോട് എനിക്കേറെ ഇഷ്ട്ടം, അത് പോലെ പെണ്ണുങ്ങളിൽ പേര് പ യിൽ തുടങ്ങുന്നവരോട് എനിക്ക് ഏറെ പ്രിയം “
കാണിച്ചു തരാം – സ്ക്രീൻ ഷോട്ടിന് താഴെ മഹിളയുടെ മുന്നറിയിപ്പ്,
അടുത്ത സ്ക്രീൻ ഷോട്ട് ഡ്രൈവിങ് സ്കൂൾ നടത്തുന്ന മേരിയുടെ ഫോട്ടോക്ക് കീഴെ മണിയൻ വക കമന്റ് ആയിരുന്നു,
” എനിക്കും ഹെവി ലൈസൻസ് എടുക്കാൻ ആഗ്രഹമുണ്ട് “
സൈക്കിൾ ചവിട്ടാൻ അറിയാത്തവൻ ആണ് ഹെവി ലൈസൻസ് എടുക്കാൻ പോകുന്നത് – മഹിളയുടെ കളിയാക്കൽ,
മുഴുവൻ സ്ക്രീൻ ഷോട്ടുകൾക്കും ഒടുവിൽ മഹിളയുടെ വക ഓർമ്മപ്പെടുത്തൽ കൂടി മണിയനെ തേടിയെത്തി,
” ചരക്ക് എല്ലാം കയറ്റി കഴിയുമ്പോൾ, ഒന്ന് ഐഎംഒ വിളിക്കണേ, കുറച്ച്
സംസാരിക്കാനുണ്ട് “
മഹിളക്ക് മുഖപുസ്തകത്തിൽ അക്കൌണ്ട് എടുത്ത് കൊടുക്കാനും, അവളെ സ്ക്രീൻ ഷോട്ട് എടുക്കാനും പഠിപ്പിച്ച നശിച്ച നിമിഷങ്ങളെ ശപിച്ചു കൊണ്ട് മണിയൻ വേദനയോടെ മലയാളി ക്ലബ്ബിന്റെ പടിയിറങ്ങി…..
കെ.ആർ.രാജേഷ്