രചന : റെജി.എം. ജോസഫ് ✍
പാലക്കാട് ജില്ലയിലെ നെടുങ്ങനാട്ടുള്ള മുത്തശ്ശിയാർക്കാവ് ക്ഷേത്രത്തിന്റെ ഉത്പത്തിയേക്കുറിച്ചുളള വിശ്വാസമാണ് കവിതക്ക് ആധാരം.
ചെമ്പട്ട് ചുറ്റിയോരാൽമരച്ചോട്ടിൽ,
ചെരാതിലൊരെണ്ണത്തിരി നിറക്കേ,
ചെറുവിരൽത്തുമ്പാലെയെണ്ണക്കരി,
ചെന്താമരമിഴി ചേർത്തു വരച്ചു!
ചായം പുരട്ടിയ കൈനഖത്താലവൾ,
ചാരെയെൻ കൈകളിൽ നുള്ളീടവേ,
ചമയങ്ങളില്ലാത്ത സിന്ദൂര നെറ്റിയിൽ,
ചാലിച്ച ചന്ദനം ചാർത്തി ഞാനും!
മുത്തശ്ശിയാർക്കാവിലെത്തണമെന്നും,
മുല്ലമൊട്ടിൻമാലയേകണമെന്നും,
മുന്നിൽ വീണേറെത്തൊഴേണമെന്നും,
മുന്നേതോ ജന്മ നിയോഗമത്രേ!
വള്ളുവനാട്ടിൽപ്പുരാതനമായൊരു,
വള്ളൂര് പട്ടാമ്പി പെരുമുടിയൂരും,
കൊടുമുണ്ട കോഴിക്കോട്ടിരികളെ,
കൊല്ലങ്ങളേറെയായ് കാക്കുന്നിടം!
അമ്മമാരായ കൊടിക്കുന്നത്ത്കാവും,
കണക്കരുകാവും മുളയൻകാവും,
ഒപ്പമനുജത്തിജ്യേഷ്ഠത്തിയും കൂടി
ഒന്നിച്ചൊരു വേള സഞ്ചരിച്ച കഥ!
അമ്മമാരോരോ സ്ഥലങ്ങളിലായി,
അന്നൊരു നാളിൽക്കുടിയിരുന്നു!
അമ്മയെത്തേടുന്ന ഭക്തർക്കെന്നും,
അനുഗ്രഹമേറെച്ചൊരിയുന്നിന്നും!
നെടുങ്ങനാടിന്റെ മുത്തശ്ശിയാരും,
വടക്ക് വാഴുന്ന മുത്തശ്ശിയാരും,
ഇരിപ്പിടം കിട്ടാതെ ക്ഷീണിച്ചവര്,
ഇത്തിരി ദാഹജലം തേടിയത്രേ!
ദാഹത്തിനായൽപ്പം വെളളം ചോദിക്കേ,
ഭവനത്തിൽ നിന്നൽപ്പം പാലു നൽകീ,
വടക്കുള്ള മുത്തശ്ശി പാല് കുടിക്കാതെ,
നെടുങ്ങനാട്ട് കാവിൽക്കാത്തിരുന്നു!
കീഴ്ജാതിയിൽപ്പെട്ട വീട്ടിൽ നിന്നുമന്ന്,
കുടിച്ചൊരാ പാലിൻ കഥയറിഞ്ഞ്,
കാവിലിരുന്നൊരനുജത്തിയപ്പോൾ,
കളിയാക്കിത്തെല്ലും മടികൂടാതെ!
കോപിഷ്ഠയായ ജ്യേഷ്ഠത്തിയന്നേരം,
അനുജത്തിയെ ദൂരേക്കെറിഞ്ഞു!
ജ്യേഷ്ഠത്തിയായ ഭഗവതി പിന്നീട്,
മുത്തശ്ശിയാർക്കാവിൽ വാണുവത്രേ!
അനുജത്തി മുത്തശ്ശി വീണ സ്ഥലമിന്ന്,
വടക്ക്മുത്തശ്ശിയാർക്കാവായി മാറി!
അനുജത്തി ജ്യേഷ്ഠത്തി ഭഗവതിമാർ,
അന്യോന്യം കോപിഷ്ഠരിന്നുമത്രേ!
സാമൂതിരിയും കോനാതിരിയും,
സാമ്രാജ്യം വാഴുന്ന കാലത്തൊരിക്കൽ,
ശത്രുത പൂണ്ട പടനായകർ തമ്മിൽ,
ശരമൊരുക്കി യുദ്ധം തുടങ്ങീടുവാൻ!
പ്രത്യക്ഷമായൊരു മുത്തശ്ശിയന്ന്,
പടക്കളത്തിൽ തെല്ലു പിന്തിരിപ്പിച്ചു!
മുത്തശ്ശിയാരെന്ന ചോദ്യത്തിൽ നിന്നും,
മുത്തശ്ശിയാർക്കാവൊന്നുണ്ടായതത്രേ!
വടക്ക്ഭഗവതി വെളിച്ചപ്പാടത്രേ,
മുത്തശ്ശിയാരുടെ പാനക്കെത്തേണ്ടൂ!
മുത്തശ്ശിമാരത്ര പിണക്കമേയല്ലെന്ന്,
മുത്തശ്ശിയാർക്കാവിൻ ചരിത്രമത്!
കഥകളതത്രയും കേട്ടുകൊണ്ടന്നവൾ,
കണ്ണിൽ പ്രണയത്തോടെന്നെ നോക്കേ,
മുന്നേതോ ജന്മത്തിൽ ഒന്നായിരുന്നെന്ന്,
മുത്തശ്ശിയാരൊന്ന് ചൊല്ലുമ്പോലെ..!