യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആണെന്നും ശിവശങ്കര്‍ തന്റെ അഭ്യുദയകാംക്ഷിയാണെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും സ്വപ്‌ന ബന്ധപ്പെട്ടിരുന്നെന്ന് എന്‍.ഐ.എ പറഞ്ഞു.
കള്ളക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്‌നയ്ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുമായും സ്വപ്‌നയ്ക്ക് പരിചയമുണ്ടെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചത്.സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌ന ശിവശങ്കറിനെ സമീപിച്ചെന്നും എന്നാല്‍ ശിവശങ്കര്‍ ഇടപെട്ടില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കര്‍ ആണെന്നും സ്‌പേസ് പാര്‍ക്ക് പ്രൊജക്ടില്‍ സ്വപ്‌നയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നെന്നും എന്‍.ഐ.എ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്കെല്ലാം ഓരോ ഇടപാടിലും 50000 രൂപ കിട്ടിയെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും കോണ്‍സുലേറ്റ് 1000 ഡോളര്‍ വീതം സ്വപ്‌നയ്ക്ക് പ്രതിഫലം നല്‍കി.