രചന : അഫ്സൽ ബഷീർ തൃക്കോമല✍
1991മെയ് 21എൽ ടി ടി ഇ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനമായ മെയ് 21ആണ് ഇന്ത്യയിൽ ഭീകര വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.ആശയങ്ങളോടോ പ്രത്യയ ശാസ്ത്രങ്ങളോടോ പ്രസ്ഥാനത്തോടോ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത കഠിനമായ ആഭിമുഖ്യം പുലർത്തുന്നതിനെ ആണ് സാമാന്യമായി തീവ്രവാദം എന്ന് പറയുന്നത് .പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടിയോ തങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായോ മാരകമായ ആക്രമണം നടത്തി പൊതു സമൂഹത്തിന്നിടയിൽ ഭീതി പരത്തി സമ്മർദ്ദ തന്ത്രമായാണ് ഭീകരവാദം ഉരുത്തിരിയുന്നത് .അന്താരാഷ്ട്രതലത്തിൽ ഭീകരവാദത്തിന് വ്യക്തമായ നിർവചനമില്ല. തീവ്രവാദമെന്നും ഭീകരവാദമെന്നും മാറി മാറി ഉപയോഗിക്കുന്ന വാക്കുകൾ ഫലത്തിൽ ഒന്ന് തന്നെ .
സമാധാനപരമായ സമര മുറകൾ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ലെന്ന തോന്നലുകൾ, അർഹതയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുക വംശീയമായ ഭീഷണികൾ, ആവാസവ്യവസ്ഥകൾ ചോദ്യം ചെയ്യുക, മത വൈകാരികത, നിരാശ അങ്ങനെ നിരവധി കാര്യങ്ങളാണ് ഭീകരവാദ ആശയങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നത് .ഭരണകൂടങ്ങൾ നേരിട്ടോ അവരുടെ ഒത്താശയോടെയോ ഭരണകൂട ഭീകരതകളും ലോകത്ത് ഇന്ന് നടക്കുന്നു .
1944ഓഗസ്റ്റ് 20 നു ബോംബെയിൽ ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മകനായി രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛനും അമ്മയും വെവ്വേറെ താമസിച്ചിരുന്നത് കൊണ്ട് അമ്മയോടൊപ്പം അലഹബാദിലായിരുന്നു അദ്ദേഹം വളർന്നത്.അച്ഛനുമായി കാണുകയും ഇടയ്ക്കിടെ ഒരുമിച്ചു നിൽക്കുകയും ചെയ്യുമായിരുന്നെങ്കിലും അദ്ദേഹത്തിന് പതിനാറു വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു.
ശിവനികേതൻ , ഡെറാഡൂണിലെ വെൽഹാം ബോയ് സ്കൂളിലും, ഡൂൺ സ്കൂളിലും ആയാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് 1962 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാനായി ലണ്ടൻ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ ചേർന്നുവെങ്കിലും ബിരുദം പൂർത്തിയാക്കിയില്ല .ലണ്ടനിൽവെച്ചു പരിചയത്തിലായ സോണിയ മൈനോ എന്ന സോണിയ ഗാന്ധിയെ 1969-ൽ വിവാഹം കഴിച്ചു .ഈ കാലത്തു അദ്ദേഹം പരിശീലനം പൂർത്തിയാക്കി വൈമാനികനായി .
ഇന്ത്യയിൽ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി . എന്നാൽ അനുജൻ സഞ്ജയ് ഗാന്ധി അധികാര കേന്ദ്രങ്ങളിൽ അമ്മ ഇന്ദിരാഗാന്ധിയുടെ വലം കൈയായിരുന്നു. സഞ്ജയ് ഗാന്ധിയെ തന്റെ പിൻഗാമിയായി അവർ കരുതിയിരുന്നെങ്കിലും 1980-ൽ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകർന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടു .അതിനു ശേഷമാണ്
രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം. 1981 ഫെബ്രുവരിയിൽ രാജീവ് ഗാന്ധിസഞ്ജയ് ഗാന്ധിയുടെ മണ്ഡലമായഉത്തർപ്രദേശിലെ അമേഥി യില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോൾ പ്രധാനമന്ത്രിപദം അവിചാരിതമായിഅദ്ദേഹത്തെ തേടിയെത്തി .
ഇന്ദിര ഗാന്ധിയുടെ മരണത്തിനും സിഖ് കൂട്ടക്കൊലകൾക്കും പിന്നാലെ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (540 അംഗ സഭയിൽ 405 സീറ്റുകൾ) അധികാരത്തിലെത്തി. ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ
എന്നത് ചരിത്രം ."വന്മരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നത് സ്വാഭാവികമാണ്” എന്ന് രാജീവ് ഗാന്ധി പറഞ്ഞത് സിഖു വിരുദ്ധ കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയത് ഒഴിച്ചാൽ
1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയും ആസൂത്രിത തീവ്രവാദത്തിനെതിരേ ഒരുമിച്ചു പടപൊരുതാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചതും ,നെഹ്രുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി, മീസ്സോ കരാർ, ആസ്സാം കരാർ, പഞ്ചാബ് കരാർ , മാലിയിൽ വിമതരുടെ ആക്രമണം നടന്നപ്പോൾ പ്രസിഡന്റ് അബ്ദുൾ ഗയ്യൂം സഹായത്തിനായി ഇന്ത്യയെ സമീപിച്ചത് ശ്രീലങ്കയിലെ സിംഹളീസ് ആക്രമണം നേരിടാൻ ശ്രീലങ്കൻ സർക്കാരിനെ സഹായിച്ചത് തുടങ്ങി രാജീവ് ഗാന്ധിയുടെ ഭരണത്തിലെ പൊൻ തൂവലുകളാണ് .
ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ പ്രോത്സാഹിപ്പിച്ചതും കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ-വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം ഗണ്യമായി കുറച്ചതും 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് 1986 ൽ ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് ഇന്ത്യയിലെ വിദ്യാഭ്യസ മേഖലകളെ ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രായോഗിക തലത്തിലെത്തിക്കാനും ആദ്യമായി ശ്രമിച്ചതും അദ്ദേഹമാണ് .ഇന്ത്യയുടെ "ഡിജിറ്റൽ മനുഷ്യ"നെന്ന് നിസംശയം പറയാവുന്ന പേരാണ് രാജീവ് ഗാന്ധിയുടേത് ..
സിംഹള ജനതയ്ക്കിടയിൽ ഇന്ത്യയോടുള്ള രോഷത്തിനു കാരണമായ ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) തമിഴ് തീവ്രവാദികഗ്രൂപ്പുകൾക്ക്, അവരുടെ അഭ്യർത്ഥന പ്രകാരം സൈനിക പരിശീലനവും നൽകി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെച്ച തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു ഈ വധശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപെട്ടത് .
ശ്രീലങ്കയിലെ സൈനിക ഇടപെടൽ, ബോഫോഴ്സ് കോഴ ,ഇടപാട് ഷാബാനു കേസ് ,1991 നവംബറിൽ സ്വിസ്സ് ഇല്ലസ്ട്രേറ്റഡ് എന്ന മാസിക, സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ലോകത്തിലെ പ്രമുഖരുടെ പട്ടിക പുറത്തു വിട്ടപ്പോൾ രാജീവ് ഗാന്ധിയുടെ പേരും ഉണ്ടായിരുന്നതും
റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയിൽ നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റി എന്ന ഒരു ആരോപണവും എല്ലാം രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി .
തുടർന്ന്1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ. വി.പി. സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ-കൂട്ടുകക്ഷി മന്ത്രിസഭ നിലവിൽവന്നു. ബി.ജെ.പി. ഈ മന്ത്രിസഭയെ പുറമേനിന്നു പിന്താങ്ങി. ജനതാദൾ അംഗമായ ചന്ദ്രശേഖറിന് കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്ത് പാർട്ടി പിളർത്തിയത് വി.പി. സിംഗ് മന്ത്രിസഭയുടെ പതനത്തിനു കാരണമായി1989 മുതൽ 1991 വരെ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായി തുടർന്നു.കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചു പൊതു തെരെഞ്ഞെടുപ്പിലേക്കു നീങ്ങിയ 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് അദ്ദേഹം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്നും തനു എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം എന്ന സ്ത്രീയാണ് ചാവേർ ആയി വന്നാണ് കൊലപ്പെടുത്തിയത് ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. അദ്ദേഹത്തിന്റെ മരണം ഉയർത്തിയ സഹതാപതരംഗത്തിൽ കോൺഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അധികാരത്തിൽ വന്നു.
രാജീവ് ഗാന്ധിക്ക് മരണാന്തരം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീർഭൂമി എന്ന സ്മാരകം ഡെൽഹിയിൽ രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്.ലോകത്ത് വളർന്ന് വരുന്ന ഏറ്റവും വലിയ തിന്മയാണ് ഭീകരവാദം. . മതപരമായ തീവ്രവാദത്തിന് മതഭ്രാന്തെന്നും അതു വച്ചുപുലർത്തുന്നവരെ മതഭ്രാന്തന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്.
ഭീകരവാദത്തിന് പലപ്പോഴും മതത്തിന്റെ മേലങ്കി നൽകി കൂട്ടമായി
മത നേതൃത്വങ്ങളെ ഉൾപ്പടെ സംശയത്തിന്റെ മുനയിൽ നിര്ത്തുന്നു . എല്ലാത്തരം ഭീകരവാദങ്ങളെയും തീവ്രവാദത്തെയുംഉന്മൂലനം ചെയ്യേണ്ടതുണ്ട് .ഭരണകൂടങ്ങൾ തന്നെ ഏറ്റെടുത്തു നടത്തുന്ന ഇത്തരം ദുഷ് പ്രവണതകൾക്ക് സംരക്ഷണം ലഭിക്കുന്നതും നിരപരാധികളായ ആയിരക്കണക്കിനാളുകൾ ഭീകരവാദത്തിന്റെ പേരിൽ തുറുങ്കിലടക്കപ്പെട്ടതിന്റെയും കഥകൾ പറയാനുള്ള ഇന്ത്യരാജ്യം ആഗോളതലത്തിൽ സംശയത്തിന്റെ നിഴലിലാണ് .
നന്മയും സമാധാനവുള്ളലോകത്തിനായി കാത്തിരിക്കാം ..