രചന : തോമസ് കാവാലം✍️
വേനൽക്കാലം ഇത്രയും ചൂടുള്ള തായി ഇതിനുമുമ്പ് ഒരിക്കലും കമലാക്ഷിയമ്മയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും എല്ലാം ഉരുകിപ്പോകുന്നതുപോലെയുള്ള ചൂട്. മാനത്ത് അവിടവിടായി ചില കാർമേഘ ശകലങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പെയ്യുന്ന ലക്ഷണം കാണുന്നില്ല. മറിച്ച് അവ ചൂട് കൂട്ടുന്നതേയുള്ളൂ. പക്ഷേ കമലാക്ഷിയമ്മയ്ക്ക് പുറമേയുള്ള ചൂടിലും വലിയ ചൂടായിരുന്നു ഉള്ളിൽ. കയ്യിൽ പത്തു പൈസ ഇല്ല. രണ്ടുമൂന്നു ദിവസമായി വീട്ടിൽ തീ പുകഞ്ഞിട്ട്. പഴം കട്ടിലാണെങ്കിലും കാല് നാല് വേണമല്ലോ. ഒറ്റയ്ക്കാണെങ്കിലും എന്തെങ്കിലും ഒക്കെ കഴിക്കണ്ടേ. ഒന്നുമില്ലാത്തതിന്റേതായ ആധിയും ചൂടും.
കമലാക്ഷിയമ്മയ്ക്ക് രണ്ട് പെൺമക്കളായിരുന്നു. അവർ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ ഭർത്താവ് മരിച്ചുപോയി. അയാൾ ഒരു കുടിയൻ ആയിരുന്നു. കുടുംബം നോക്കാത്തവൻ. അതുകൊണ്ട് അയാളുടെ മരണം കമലാക്ഷിയമ്മയ്ക്ക് വലിയൊരു ദുഃഖമായിരുന്നില്ല. എങ്കിലും മക്കൾ വിവാഹ പ്രായം എത്തിയപ്പോൾ അപ്പനെന്നു പറയാൻ ഒരുത്തൻ ഉണ്ടായിരുന്നെങ്കിൽ എന്ന് കമലാക്ഷിയമ്മ ആഗ്രഹിച്ചുപോയി.
മക്കളെ രണ്ടുപേരെയും കെട്ടിച്ചയച്ചതിനുശേഷം ഒരു ഏകാന്ത ജീവിതം ആയിരുന്നു കമലാക്ഷിയമ്മയുടേത്. രണ്ടുപേരെയും കെട്ടിച്ചയച്ചത് വളരെ ദൂരെയൊന്നുമല്ല. എങ്കിലും കമലാക്ഷിയമ്മയ്ക്ക് അവിടെ പോയി താമസിക്കുന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മക്കൾ രണ്ടുപേരും മാറിമാറി വിളിക്കും. പക്ഷേ കമലാക്ഷിയമ്മ പറയും “തനിക്ക് താനും പെരയ്ക്കു തൂണും”.
ഇപ്പോൾ കമലാക്ഷിയമ്മയ്ക്ക് എഴുപത്തഞ്ചു വയസ്സ് പ്രായം കഴിഞ്ഞു. വല്ലാതെ എല്ലിച്ചിട്ടുള്ള അവരുടെ ശരീരത്തിൽ തൊലികളെല്ലാം ഞുറിഞ്ഞു തുടങ്ങിയിരുന്നു. ചെറിയൊരു കൂന് ഉണ്ടായിരുന്നെങ്കിലും കണ്ണിനു നല്ല കാഴ്ചയായിരുന്നു.. വയസ്സാകുമ്പോൾ കേൾവിശക്തി ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നാണ് കമലാക്ഷിയമ്മ എപ്പോഴും പറയുമായിരുന്നു. കാരണം, മറ്റുള്ളവർ തങ്ങളെ ആക്ഷേപിക്കുന്നത് കേൾക്കേണ്ടി വരില്ലല്ലോ.
രണ്ടുമുറികളുള്ള ഒരു ഓലപ്പുരയിലാണ് കമലാക്ഷിയമ്മ താമസിച്ചിരുന്നത്. അതിനോടുചേർന്ന് ഒരു ചെറിയ അടുക്കളയും ഉണ്ടായിരുന്നു. അടുക്കളയുടെ വശത്തായി ഒരു ചെറിയ അരകല്ലും ഒരു ഉരലും കിടന്നിരുന്നു. മക്കളെ വളർത്തിക്കൊണ്ടിരുന്ന കാലത്ത് ഉപയോഗിച്ചതല്ലാതെ ഇവ രണ്ടും പിന്നീട് കമലാക്ഷിയമ്മയ്ക്ക് ഉപയോഗിക്കേണ്ടിവന്നിട്ടില്ല. വല്ലപ്പോഴും കപ്പയ്ക്ക് മുളക് പൊട്ടിക്കാൻ ആ അരകല്ലിൽ രണ്ടോ മൂന്നോ പച്ചമുളക് ഒന്ന് ചായിച്ചെങ്കിൽ… അത്രമാത്രം.
കൃഷിക്കാലമായാൽ പാടത്ത് അല്ലറ ചില്ലറ കൂലിപ്പണികൾക്ക് കമലാക്ഷിയമ്മ പോകും. വർഷങ്ങളോളം അതായിരുന്നു വരുമാനമാർഗ്ഗം. രണ്ടുമൂന്ന് വർഷമേ ആയുള്ളൂ അവർക്ക് വിധവാ പെൻഷൻ അനുവദിച്ചു കിട്ടിയിട്ട്. അതിൽ പിന്നെ അനാരോഗ്യം കാരണം കൂലിപ്പണിക്ക് പോകുക വിരളമായി.മറ്റ് ചിലവുകളൊന്നും ഇല്ലായിരുന്നതുകൊണ്ട് പെൻഷനായികിട്ടുന്ന പൈസകൊണ്ട് അത്യാവശ്യങ്ങൾ നടന്നു പോന്നു. അതിപ്പോൾ കുറെ മാസങ്ങളായി കിട്ടാതായതോടുകൂടി കമലാക്ഷിയമ്മയുടെ ജീവിതം ആകെ ബുദ്ധിമുട്ടിലായി.
അന്ന് ഒരു ദിവസം വീട്ടിൽ കഞ്ഞിക്ക് വകയില്ലാതിരുന്ന ഒരു ദിവസം കമലാക്ഷിയമ്മ തൊട്ടടുത്തുള്ള പലചരക്ക് കടയിൽ പോയി. കയ്യിൽ കാൽകാശ് ഇല്ലായിരുന്നു. കടക്കാരന് കമലാക്ഷിയമ്മയെ അറിയാം. കമലാക്ഷിയമ്മയ്ക്ക് കടക്കാരനെയും.
“ കുഞ്ഞച്ചാ,എനിക്ക് കുറച്ച് ഉപ്പും മുളകും പല വ്യഞ്ജനങ്ങളും വേണം. അരി സൗജന്യമായി കിട്ടുമെങ്കിലും മറ്റു സാധനങ്ങൾക്ക് ഒരു വഴി വേണ്ടേ?.” കമലാക്ഷ്മിയമ്മ ധൈര്യം സംഭരിച്ചു പറഞ്ഞു.
“ അതിനെന്താ കമ്മലാക്ഷിയമ്മേ തരാമല്ലോ.പക്ഷേ പഴയത് ഒരു ഇരുപത്തഞ്ചു രൂപ കടം കിടപ്പുണ്ടല്ലോ. അത് വീടിട്ടു പോരേ പുതിയത്…. “
അത് പറയുമ്പോൾ കുഞ്ഞച്ചൻ മുതലാളിയുടെ പുരികക്കൊടികൾ നെറ്റിക്ക് താഴെ നൃത്തം ചെയ്യുന്നത് കമലാക്ഷിയമ്മ കണ്ടു. അതിലേറെ അതിൽ നിഴലിച്ച പുച്ഛഭാവവും. പിന്നെ ഒരു നിമിഷം പോലും കമലാക്ഷിയമ്മ അവിടെ നിന്നില്ല നേരെ വീട്ടിലേക്ക് പോയി.
വീട് നിൽക്കുന്ന പറമ്പിന്റെ തെക്കേ മൂലയിൽ കുറെ കൈതകൾ കൂടി നിൽപ്പുണ്ടായിരുന്നു. കമലാക്ഷിയമ്മ വീടിനകത്ത് കടന്ന് കൊയ്ത്തരുവാൾ എടുത്ത് പുറത്തു വന്ന് കൈതയോലയെല്ലാം ചെത്തി മുള്ളുകളഞ്ഞ് ഓലയാക്കി വെയിലത്തിട്ടു. കൈതയോല വാടി കഴിഞ്ഞപ്പോൾ ഉത്സാഹിച്ച് അത് കിടക്കപ്പായയായി നെയ്തെടുത്തു.അന്നുതന്നെ ഒരെണ്ണം മാർക്കറ്റിൽ കൊണ്ട് വിറ്റ് കാശുമായി കുഞ്ഞച്ചന്റെ പീടികയിലേക്ക് ചെന്ന് കാശെടുത്ത് വെച്ചിട്ടു പറഞ്ഞു:
“ഇതാ കുഞ്ഞച്ച നിന്റെ കാശ്. ഈ കമലാക്ഷിയും കാശ്കുറേ കണ്ടവളാ. ഇവിടുന്ന് പോകുമ്പോൾ ആരും ഇതൊന്നും കൊണ്ടുപോകില്ല,കുഞ്ഞച്ചാ…. “
അത് പറയുമ്പോൾ കമലാക്ഷിയ മ്മയുടെ തൊണ്ടയും കൈകാലുകളും എല്ലാം വിറയ്ക്കുന്നുണ്ടായിരുന്നു
ഇപ്പോൾ കമലാക്ഷിയമ്മയ്ക്ക് വീണ്ടും കുഞ്ഞച്ചന്റെ കടയിലേക്ക് പോകേണ്ട അവസരം വന്നിരിക്കുകയാണ്. അന്നത്തേതുപോലെ കാൽകാശ് ഇല്ലാത്ത സമയം. വീണ്ടും കുഞ്ഞച്ചന്റെ കടയിലേക്ക് പോകണമല്ലോ എന്നോർത്തപ്പോൾ കമലാക്ഷിയമ്മയുടെ നെഞ്ചിടിച്ചു.
അല്പം അകലെ വേറൊരു മാപ്ലയുടെ കടയുണ്ടായിരുന്നു. എല്ലാവരും പറയും അയാൾ കുറെ കൂടി മര്യാദക്കാരനാണെന്ന്. ഇത്തവണ അവിടെ പോയി ചോദിക്കാം എന്ന് കമലാക്ഷിയമ്മ തീരുമാനിച്ചു.
കമലാക്ഷിയമ്മയുടെ വീട്ടിൽ അല്പം അരിയും മുളകും മറ്റു സാധനങ്ങളും ഒക്കെ ഉണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം ആക്കിയഴിക്കാനുള്ള ആരോഗ്യം അവർക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറെ നാളുകളായി കമലാക്ഷിയമ്മ ഓട്സ് ആണ് കഴിക്കുന്നത്. ഇടയ്ക്കൊരു ദിവസം ബോധക്കേട് ഉണ്ടായപ്പോൾ നാട്ടുകാരെല്ലാവരും കൂടി ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടാക്കി. അന്ന് ഡോക്ടർ പറഞ്ഞത് അനുസരിച്ചാണ് ഓട്സ് കഴിക്കാൻ തുടങ്ങിയത്. അന്ന് പെൻഷൻ കൃത്യമായി കിട്ടിയിരുന്നതുകൊണ്ട് ഓട്സ് വാങ്ങി കഴിക്കുക ഒരു പ്രശ്നമായിരുന്നില്ല. ഇന്നിപ്പോൾ…”
ഏതായാലും മാപ്ലയുടെ കടയിൽ പോകാൻ തന്നെ കമലാക്ഷിയമ്മ തീരുമാനിച്ചു.
“ മാപ്ലെ,എനിക്ക് ഒരു പാക്കറ്റ് ഓട്സ് വേണം. ഒരു കിലോയുടെ. പൈസ ഉടൻ തരാനില്ല പിന്നെ തരാം ”
കമലാക്ഷിയമ്മയ്ക്ക് മാപ്ലയുടെ പേരറിയാമായിരുന്നില്ല. അതുകൊണ്ട് മാപ്ലെയെന്നു വിളിച്ച് അഭ്യർത്ഥന നടത്തി.
അതു കേട്ടതാ അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു.
ആ സമയത്ത് കടയിൽ വളരെയധികം ആളുകൾ ഉണ്ടായിരുന്നു. വേല കഴിഞ്ഞു വന്ന പെണ്ണുങ്ങളെകൂടാതെ കുറെയധികം പുരുഷന്മാരും ഉണ്ടായിരുന്നു. പലരും കമലാക്ഷിയമ്മയ്ക്ക് അറിയാവുന്നവരായിരുന്നു. അതിൽ ഒരാൾ കമലാക്ഷിയ മ്മയുടെ അയൽക്കാരൻ ഗോപാലപ്പണിക്കർ ആയിരുന്നു.
അയാൾ പറഞ്ഞു:
“ എന്താ കമലാക്ഷിയമ്മേ പണക്കാരുടെ അസുഖങ്ങളെല്ലാം പിടിപെട്ടോ?”
“എന്റെ പണിക്കരേ,അസുഖത്തിന് പണക്കാരനെന്നോപാവപ്പെട്ടവനെന്നോവല്ലോമുണ്ടോ.? അതുപോലെതന്നെ വിശപ്പിനും”.
കമലാക്ഷിയമ്മ നേരിയ ഒരു ഈർഷ്യയോടെ പറഞ്ഞു.
“ കാശുണ്ടോ? എങ്കിൽ തരാം”. കടക്കാരൻ മാപ്ല പറഞ്ഞു.
സ്ഥലത്തെ ഒരേയൊരു ആശാരി കുടുംബത്തിലെ മൂത്താശ്ശാരിയായിരുന്നു ഗോപാലപ്പണിക്കർ.പണിക്കർസ്ഥാനം കുടുംബത്തിന് മഹാരാജാവ് നൽകിയതാണെന്ന് അയാൾ അവകാശപ്പെട്ടിരുന്നു.കമലാക്ഷിയമ്മയ്ക്ക് അയാളെ ആയിരുന്നു ഭയം. അയാൾ പണി സ്ഥലത്തിരുന്ന് വീമ്പിളക്കുന്ന കൂട്ടത്തിൽ കമലാക്ഷിയമ്മയെ കുറിച്ചും പരാമർശിക്കും എന്ന് അവൾക്കറിയാമായിരുന്നു. ആകെ നാണക്കേടാകും…..
മാപ്ലയോട് കടം വാങ്ങാൻ കമലാക്ഷിയമ്മ പിന്നെ അവിടെ നിന്നില്ല.
കാശിനുള്ള മാർഗങ്ങൾ പലതും കമലാക്ഷിയമ്മ ആലോചിച്ചു. എന്നുപറഞ്ഞാൽ ജീവിക്കാനുള്ള മാർഗം. എന്തെങ്കിലും വയറ്റിലേക്ക് ഇടണ്ടേ. എങ്കിൽ അല്ലേ ജീവൻ നിലനിർത്താനാവൂ. എത്ര ആലോചിച്ചിട്ടും കമലാക്ഷിയമ്മക്ക് ഒരു പിടിയും കിട്ടിയില്ല. അപ്പോഴാണ് കമലാക്ഷിയമ്മക്ക് തന്റെ അയൽപക്കത്ത് പുതിയതായി താമസത്തിനു വന്ന ഒരു കുടുംബത്തെക്കുറിച്ച് ഓർമ്മ വന്നത്. അപ്പനും അമ്മയും ഒരു കൊച്ചു കുഞ്ഞു അടങ്ങുന്ന കുടുംബം. അവരുമായി പലപ്രാവശ്യവും സംസാരിക്കണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും ഇതുവരെയും സാധിച്ചിരുന്നില്ല. പക്ഷേ കമലാക്ഷിയമ്മ അവരെ പലയിടത്തും വെച്ച് കാണുകയും അപ്പോഴെല്ലാം അവർ ചിരിച്ചു കാണിക്കുകയും ചെയ്തിരുന്നു. ആ ചെറുപ്പക്കാരനോട് ഇരുന്നൂറ് രൂപ കടം ചോദിക്കാമെന്ന് കമലാക്ഷിയമ്മ വിചാരിച്ചു.
ഒരു ദിവസം രാവിലെ എഴുന്നേറ്റ ഉടൻതന്നെ കമലാക്ഷിയമ്മ ആ അയൽപക്ക വീട് ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നപ്പോൾ ആ ചെറുപ്പക്കാരൻ വീടിന്റെ പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു. ചെന്നപാടെ കമലാക്ഷിയമ്മ ആമുഖം ഒന്നും കൂടാതെ തന്നെ തന്റെ ആവശ്യം പറഞ്ഞു:
“ മോനേ, എനിക്കൊരു ഇരുന്നൂറ് രൂപ കടം തരാമോ?. വിധവ പെൻഷൻ കിട്ടുമ്പോൾ തിരിച്ചു തരാം. ഇപ്പോൾ ആറുമാസത്തോളമായി കിട്ടാതായിട്ട്. ഉടൻ കിട്ടും. കിട്ടാതിരിക്കില്ല കിട്ടിയ ഉടൻ തന്നെ ഇവിടെ കൊണ്ട് തരാം”.
ആ ചെറുപ്പക്കാരൻ വളരെ ഭവ്യതയോടെ കസേരയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട് ചോദിച്ചു:
“എന്താ പേര്”?
“കമലാക്ഷിയമ്മ”.
“ ഇവിടെ അടുത്താ താമസം അല്ലേ?”
“ അതെ, ദാ ആ കാണുന്നതാണ് വീട്”.
“ എത്ര വയസ്സായി”?
“ എഴുപത്തി അഞ്ച്”.
“ അയ്യോ അത്രയും പ്രായമായോ?”
അത് കേട്ടപ്പോൾ കമലാക്ഷിയമ്മയുടെ നെഞ്ചൊന്ന് പിടഞ്ഞു. കമലാക്ഷിയമ്മ നിശബ്ദയായി അവിടെത്തന്നെ ഒരു പാറ പോലെ നിന്നു. അപ്പോൾ അയാൾ തുടർന്നു :
“ ഞാനിപ്പോൾ കമലാക്ഷിയമ്മയ്ക്ക് ഇരുന്നൂറ് രൂപ തന്നെന്നു വിചാരിക്കുക.ഈ പ്രായത്തിൽ കമലാക്ഷിയമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ….. ഞാനാരോടു ചോദിക്കും?”
അത് കേട്ടതോടെ കമലാക്ഷിയമ്മ അവിടെനിന്ന് പെട്ടെന്ന് ഇറങ്ങി.ചത്ത മനസ്സുമായാണ് കമലാക്ഷിയമ്മ വീട്ടിൽ വന്നു കയറിയത്.
ആ ദിവസം എന്തൊക്കെയോ അടുക്കളയിൽ പെരുമാറ്റി കമലാക്ഷിയമ്മ കഴിച്ചു.
പിറ്റേദിവസം കമലാക്ഷിയമ്മ നേരെ ബാങ്കിലേക്കാണ് പോയത്.
അവിടെച്ചെന്ന് കമലാക്ഷിയമ്മ ബാങ്ക് ക്ലാർക്കിനോട് ചോദിച്ചു:
“സാറേ, എന്റെ പെൻഷൻ വന്നോ”?
ഏതോ ഒരുജ്ഞാത സ്വരം കേട്ടതുപോലെ ബാങ്ക് ക്ലർക്ക് തലപൊക്കി നോക്കി.എന്നിട്ട് പറഞ്ഞു:
“ ഇല്ലമ്മേ, ഇതുവരെയായിട്ടും ആരുടെയും പെൻഷൻ വന്നിട്ടില്ല”.
ക്ലാർക്ക് നിർവികാരനായി പറഞ്ഞു.
കമലാക്ഷിയമ്മ നിരാശയുടെ നെല്ലിപ്പലക കണ്ടു. ആ മുഖം മ്ലാനമായി. കുഴികളിൽ ആണ്ടു കിടന്നിരുന്ന ആ രണ്ടു കണ്ണുകൾ ഒന്ന് ചിമ്മി. അവ മെല്ലെ ഈറനണിഞ്ഞു. തിരിഞ്ഞു നിന്ന് വസ്ത്രത്തിന്റെ കോന്തല കൊണ്ട് കമലാക്ഷിയമ്മ ആ കണ്ണുനീരോപ്പി.
കമലാക്ഷിയമ്മ പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നാരോ വിളിക്കുന്നതുപോലെ തോന്നി:
“കമലേ…കമലേ….കമലേ..കമലേ…”
തന്റെ മരിച്ചുപോയ ഭർത്താവിന്റെ സ്വരം തന്നെ. അത് കമലാക്ഷിയമ്മക്ക് ഇടിവെട്ടു പോലെ വ്യക്തമായിരുന്നു.കുടിച്ചുകഴിഞ്ഞ് സന്ധ്യയ്ക്ക് വീട്ടിൽ വന്നുകയറുമ്പോൾ അയാൾ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്.
തിരിഞ്ഞുനിന്ന് കമലാക്ഷിയമ്മ എല്ലായിടവും വീക്ഷിച്ചു. പക്ഷേ ആരെയും കണ്ടില്ല.. കുറച്ചു കഴിഞ്ഞപ്പോൾ അത് കമലാക്ഷിയമ്മയുടെ തോന്നലായിരുന്നു എന്ന് മനസ്സിലായി.
വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ അവരുടെ വയർ കത്തുന്നുണ്ടായിരുന്നു. തലേദിവസം ഉച്ചയ്ക്ക് തൊടിയിലെ മുളക് ചെടിയിൽ നിന്നും പറിച്ച പച്ചമുളകു കൂട്ടി കഴിച്ച പഴങ്കഞ്ഞി അല്ലാതെ മറ്റൊന്നും അവരുടെ വയറ്റിൽ ഉണ്ടായിരുന്നില്ല.
കമലാക്ഷിയമ്മ വീട്ടിൽ വന്നപ്പോൾ പണ്ടു അവർ ഉണ്ടാക്കിയ തഴപ്പായകൾ രണ്ടെണ്ണം ചുരുട്ടി മുറിയുടെ മൂലയിൽ കുത്തി നിർത്തിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.
“ ആരെങ്കിലും ഇത് വാങ്ങാൻ ഉണ്ടായിരുന്നെങ്കിൽ പത്ത് കാശ് കിട്ടിയേനെ. ഇപ്പോൾ തഴപ്പായയിൽ കിടന്നുറങ്ങാൻ ആരുണ്ട്.? എല്ലാവരും തൂവൽ പോലെ മാർദ്ദവമുള്ള കിടക്കകളിൽ കിടന്നുറങ്ങുമ്പോൾ ആരെങ്കിലും തഴപ്പായ വാങ്ങുമോ? ആരെങ്കിലും ഒന്ന് വാങ്ങിയിരുന്നെങ്കിൽ തൽക്കാലം പിടിച്ചുനിൽക്കാമായിരുന്നു.”
അവരുടെ മനസ്സ് മന്ത്രിച്ചു.
അതി കഠിനമായ ചൂടും ക്ഷീണവും കമലാക്ഷിയമ്മയെ ആവഹിച്ചു. തൊറുത്തുവച്ചിരുന്ന പായയിൽ ഒന്ന് നിവർത്തിയിട്ട് അവർ അതിൽ മലർന്നു കിടന്നു.
അപ്പോൾ സമയം ഏകദേശം ആറുമണിയായിരുന്നു. പെട്ടെന്നുതന്നെ അവരുടെ കണ്ണുകൾ അടഞ്ഞു പോയി. മയക്കത്തിൽ വീണ്ടും കമലാക്ഷിയമ്മ ആ വിളി കേട്ടു.
“കമലേ…കമലേ….കമലേ..കമലേ…”
പഴയ സ്വരം. ഇടിവെട്ടു പോലെ തന്നെ. കമലാക്ഷിയമ്മ കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു.
പിന്നെ ആ കണ്ണുകൾ തുറന്നതേയില്ല.
അധികം കഴിയുന്നതിനു മുമ്പേ സൂര്യൻ അസ്തമിച്ചു. എങ്കിലും ചൂടിന് ഒരു കുറവും ഉണ്ടായിരുന്നില്ല. മഴയെ പ്രതീക്ഷിച്ച് കുറെ പക്ഷികൾ അപ്പോഴും മരച്ചില്ലകളിൽ കാത്തിരിപ്പുണ്ടായിരുന്നു.