മോഹനം ലാലേ മല-
നാടിന്റെ കോഹിനൂരേ
മോഹിതംതന്നെ നിന്റേ‐
തതുല്യമഭിനയം.
അത്ഭുതം,വീരം, ശാന്തം
കരുണം, ഭയാനകം,
ബീഭത്സം, ഹാസ്യം, രൗദ്രം
ശൃംഗാര,സമ്മേളനം.
സംഗീതമയം വിരൽ-
തുമ്പുകൾ പോലുമത്ര-
സുന്ദരമഭിനയ-
കാഴ്ചകൾ നൽകീടുന്നു.
മഹിതം ലാലേ മല-
നാടിന്റെ മയൂരമേ
മധുരംതന്നെ നിന്റെ-
നടനം ചേതോഹരം.
പൊള്ളുവാക്കസ്ത്രം ശത-
കോടികൾ തൊടുത്താലും
പൊള്ളല്ല, നൂനം തവ-
പ്രാപ്തിയും ഭാവങ്ങളും
പ്രോജജ്വലം ധീരം സ്വർണ്ണ
താരമേ തവഭാവ-
മേളനം തിരശ്ശീല-
യൊരുക്കും മഹാകാവ്യം.
വിനയം തെല്ലുമില്ലാ-
വില്ലനായ് തുടങ്ങി നീ
വിശ്രുതനായി ഭീമ-
സേനനായ് വിരാജിക്കേ,
വിസ്മയപ്പെടട്ടെയീ-
വിശ്വമെൻ മലനാടിൻ
ഭാവമേ, രാഗ, താള,
ലയമേ, മനോജ്ഞമേ.

പള്ളിയിൽ മണികണ്ഠൻ

By ivayana