ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഞാൻ കുറെ മാസങ്ങളായി, അല്ല വർഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഒരു വസ്തുത– നിങ്ങളും ഒരു പക്ഷെ കേട്ടിട്ടുണ്ടാകും- ഇതാ. മരുന്ന് വ്യവസായ ലോബിയും പ്രോസസ്സ് ചെയ്തുണ്ടാക്കുന്ന ആഹാര വ്യവസായ ലോബിയു൦ നമ്മെ അറിഞ്ഞോ അറിയാതെയോ രോഗികളാക്കുകയാണെന്നു. നാം ധരിച്ചു വച്ചിരിക്കുന്നത് മരുന്ന് നമ്മെ സുഖ പ്പെടുത്തുമെന്നാണ്. എന്ത് അസുഖമാണ് മരുന്ന് മാറ്റിയെടുക്കുന്നതു? പ്രമേഹം? ക്യാൻസർ?ബിപി? ഹൃദയാസുഖങ്ങൾ? മൂല കാരണങ്ങൾ കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നുണ്ടോ? ബിപി യുടെ മരുന്ന് കഴിക്കുങ്കിൽ അതു മരിക്കുന്ന വരെ കഴിച്ചു കൊണ്ടിരിക്കണം. ഹൃദയാസുഖങ്ങൾ വരുന്നവർ എന്തൊക്കെ ചെയ്താലും അത് തന്നെയായിരിക്കും മരണ൦ കൊണ്ട് വരുന്നത്. ബൈപ്പാസ് ചെയ്യുകയും, സ്റ്റണ്ട് വയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. പക്ഷെ കുറച്ചു കഴിയുമ്പോൾ ആൾ മരിക്കും. ഹൃദയം പണി മുടക്കും.


ക്യാൻസറായാലും തഥൈവ. ഇത്രയും തമാശക്കാരനായ ഇന്നസെന്റ് പോലും അതിനു കീഴടങ്ങി. അപ്പോൾ പിന്നെ മരുന്ന് എന്താണ് ചെയ്യുന്നത്? രോഗ ലക്ഷണങ്ങൾ കുറക്കുക? മൂല കാരണങ്ങൾ മാറ്റപ്പെടാതെ രോഗം അവിടെത്തന്നെയുണ്ട്. അങ്ങനെ തട്ടിയും മുട്ടിയും കുറച്ചയ് നാൾ മുന്നോട്ടു പോകുന്നു. അത്ര തന്നെ. എന്താണ് രോഗങ്ങളുടെ മൂല കാരണം? ഭാരക്കൂടുതൽ ഒന്നാണ്. വെയ്സ്റ്റ് ലൈൻ കൂടിയിരിക്കുന്നത് മറ്റൊന്നാണ്. കൊഴുപ്പു കൂടുതലുള്ളത് വലിയ ദോഷമാണ്. പിരിമുറുക്കം തീർച്ചയായും എല്ലാത്തിന്റെയും പുറകിലുണ്ട്. മോശമായ ആഹാരമാണ് പ്രധാന വില്ലൻ. ജനിതക ഘടകങ്ങൾ കൊണ്ട് രോഗങ്ങൾ വന്നേക്കാം. കൂടുതൽ ചലിക്കാതെ ഇരുപ്പാണെങ്കിലും രോഗങ്ങൾ ഉണ്ടാകും. പോഷകാഹാരക്കുറവ് അനേകം മരണങ്ങൾക്കു നിമിത്തമാകുന്നുണ്ട്. മിനറല്സും വിറ്റാമിനുകളും ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കിൽ പ്രശ്നമുണ്ടാകും. വ്യായാമം ഇല്ലെങ്കിൽ വാതം, സന്ധി വേദന, കൊഴുപ്പു അടിഞ്ഞു കൂടൽ ഇവയൊക്കെ തലപൊക്കും.


പാരമ്പര്യ ഘടകങ്ങൾ ആർക്കും മാറ്റാനാകില്ലല്ലോ. ജനിതകമായി വരുന്നവ പോലും ദിനചര്യ കൊണ്ട് നിയന്ത്രിച്ചു നിർത്താനാകും. അസുഖങ്ങൾ പിണയാതെ നോക്കുകയാണ് ഏറ്റവും ഉത്തമം. ഇനിയിപ്പോൾ എന്ത് ചെയ്യാനാകും? പല അസുഖങ്ങളും പിടിമുറുക്കി കഴിഞ്ഞല്ലോ. അവയെ നിയന്ത്രിച്ചു നിർത്തുകയെ വഴിയുള്ളൂ. വലിയ തോതിലുള്ള ഇന്സുലിൻ ഉൽപ്പാദനമാണ് പല അസുഖങ്ങളുടെയും മൂല കാരണം. ഡയബറ്റിസും, പല ക്യാന്സറുകളും ഭാരം കൂടുന്നതുകൊണ്ടു ബിപിയും അൽഷിമേഴ്സും ഹൃദയാസുഖങ്ങളും വന്നു ചേരുന്നു. വ്യയാമമുറകളും യോഗയുമൊന്നും ചെയ്യാത്തതുകൊണ്ടു വാതം സന്ധി വേദനകൾ ഇവയും. ഇന്സുലിൻ കൂടുന്നത് നാം കൂടുതൽ അന്നജ പ്രധാനമായ ഭക്ഷണ൦ കഴിക്കുന്നതുകൊണ്ടാണ്. അന്നജം മാറ്റി നിർത്തിയാൽ ഇന്സുലിൻ ഉല്പ്പാദനം കുറയും. സാസ്യ എണ്ണകളിൽ ട്രാൻസ് ഫാറ്റുണ്ട്. ഒരേ സസ്യ എണ്ണയിൽ വറുത്തെടുത്തിൽ, കൂടുതലും. പ്രോസസ്സ് ചെയ്ത -ഫാക്ടറിയിലൂടെ ഉണ്ടാക്കപ്പെട്ട -ആഹാരങ്ങളിൽ – നാം കഴിക്കുന്ന ചോറും അരിപ്പൊടികളുമെല്ലാം ഇതിൽ ഉൾപ്പെടും ഇന്സുലികൂട്ടുന്ന ഘടകങ്ങളുണ്ട് . അതിലെ ഫൈബർ അവർ എടുത്തു കളഞ്ഞല്ലോ. നമുക്ക് ലഭിക്കുന്നത് അന്നജം മാത്രമാണ്. നമ്മുടെ ഭക്ഷണത്തിൽ ഫൈബർ ഇല്ലെന്നുള്ളതാണ് കുടൽ ബാക്ടീരിയകളെ നമുക്ക് എതിരാക്കുന്നതു൦ പല അസുഖങ്ങളും കൊണ്ട് വരുന്നതു൦. ഫൈബർ ഓട്സിലുണ്ട്, പച്ചക്കറികളിലുണ്ട്. ഇലകളിലും പഴങ്ങളിലുമുണ്ട് . ആപ്പിൾ കഴിക്കുമ്പോൾ തൊലി ചെത്തി കളഞ്ഞാൽ ഫൈബർ നഷ്ടപ്പെടുകയാണ്. നല്ല വെള്ള ചോറിൽ ഫൈബറില്ല. ഇറച്ചിയും മീനുമൊക്കെ സസി എണ്ണയിൽ വറുത്തു കിട്ടുന്നതല്ലേ നാം കഴിക്കുന്നത്. രണ്ടും മുളകും ഉപ്പുമൊക്കെ ചേർത്ത് കറിവച്ചു കഴിക്കൂ. ഒലിവ് ഓയിലിലോ വെളിച്ചെണ്ണയിലോ വറുത്താലും കുഴപ്പമില്ല.


എന്താഹാരമാണെങ്കിലും വിശക്കുമ്പോൾ കഴിച്ചാൽ പോരെ? അതും ആവശ്യത്തിന്? അല്ലെങ്കിൽ ആവശ്യത്തിൽ കുറച്ചു? പോഷകാഹാരം തിരഞ്ഞെടുക്കുകയും ഇടക്കിടക്ക് ഉപവസിക്കുകയും ആവശ്യത്തിന് ചലിക്കുകയും 7 -8 മണിക്കൂർ ഉറങ്ങുകയും എപ്പോഴും ഇഷ്ടമുള്ള കാര്യത്തിൽ മുഴുകുകയും ചെയ്താൽ അസുഖങ്ങൾ വരില്ല. വന്നിട്ടുണ്ടെങ്കിൽ നിയന്ത്രിച്ചുനിർത്താം. ഇൻസുലിൻ ഉൽപ്പാദനം കുറച്ചാൽ പല അസുഖങ്ങളും മാറി നിൽക്കും.
മരണം ഒരു നാൾ വരാം. പക്ഷെ ദീർഘ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയണം.

പ്രൊഫ. പി.ഏ. വർഗീസ്

By ivayana