ഊഷരഭൂമിയുടെ
വരണ്ട ചുണ്ടുകൾക്ക്
അമൃതായി മഴ.
സർവ്വവും കഴുകി വെടിപ്പാക്കാൻ
കാലത്തിൻ കനിവായ് മഴ.
കുരുന്നുകൾക്ക് കുസൃതിയായ്
കാമുകിക്കു ചുംബനമായ്
കാമുകനാശ്ലേഷമായ് മഴ.
മഴ.
തുള്ളി തുള്ളിയായ് പിന്നെ
പേമാരിയായ് പെയ്ത്
ചാലിട്ടൊഴുകി
പുഴകളെയും നദികളെയും കരയിച്ച്
കര കവിഞ്ഞൊഴുകി
പ്രളയമായ്
പ്രഹേളികയായ്
പ്രതികാര രുദ്രയായി…
മഴ.
ആകാശം
മേൽക്കൂരയാക്കിയ
തെരുവുജന്മങ്ങളുടെ
ഉറക്കം കെടുത്തുന്നു.
കർഷകരുടെ ഇടനെഞ്ചിൽ
ഇടിത്തീയായ് ചെയ്തിറങ്ങുന്നു.
ഇപ്പോൾ മഴ.
ഉരുൾ പൊട്ടലിലൊലിച്ചു പോകുന്ന
കൂരയ്ക്കുള്ളിലെ നിലവിളിയായ്
അകലങ്ങളിലൊടുങ്ങുന്നു.
അലകടലിൽ
തുഴ നഷ്ടപ്പെട്ടവൻ്റെ
നെഞ്ചിടിപ്പിൻ്റെ മുഴക്കമായ്……
ആഴങ്ങളിലേക്കാണ്ടുപോകുന്നവൻ്റെ
അവസാന ശ്വാസമായ് ….
മഴ.
പിന്നെയും….. പിന്നെയും
തോരാതെ തോരാതെ…..!

ജയൻതനിമ

By ivayana