ഇതൊരു കല്പിത കഥാകവിതയെഴുതാനുള്ള ശ്രമംമാത്രമാണ്😊
ചൈനീസ് സിൽക്ക് പണ്ട് ലോകത്തിന് അത്ഭുതമായിരുന്നു. സഹസ്രാബ്ദങ്ങളോളം ചൈന, പട്ടിന്റെ നിർമ്മാണ രഹസ്യം പുറംലോകത്തിന് അജ്ഞാതമാക്കിവച്ചു.സിൽക്ക് റൂട്ട് വഴിയായിരുന്നു മറ്റു രാജ്യങ്ങളിലേക്ക് പട്ടിന്റെ കച്ചവടംനടന്നിരുന്നത്.
lotus feet, foot binding – യുവതികളിൽ ചെറിയ പാദങ്ങൾ സൗന്ദര്യ ലക്ഷണമായിക്കണ്ട്, ചെറിയ കാല്പാദങ്ങളുണ്ടാക്കാൻ കുഞ്ഞു പെൺകുട്ടികളുടെ പാദത്തിൽ തുണി വരിഞ്ഞുമുറുക്കിക്കെട്ടുകയും ചെറിയ ഷൂസിടീക്കുകയുംചെയ്ത് പാദത്തിന്റെ ആകൃതിതന്നെ മാറ്റുന്ന ദുരാചാരം മുമ്പ് ചൈനയിലുണ്ടായിരുന്നു, പിന്നീടത് നിരോധിക്കപ്പെട്ടു.
*ഹ്വാംഗ് ഹേ ചൈനയിലെ രണ്ടാമത്തെ വലിയ നദി. ചൈനയുടെ ദുഃഖം, മഞ്ഞനദി എന്നീ പേരുകളിലും അറിയപ്പെടുന്നു.
**ചിങ്ങ് ഹായ്, ബയൻഹാർ, ഷാൻങ്ങ്സി ചൈനയിലെ ചില സ്ഥലങ്ങൾ.

‘യുയാൻ…’ നീയെന്നെയടക്കിയ കരിങ്കല്ലറയ്ക്കുള്ളിൽ,
മഞ്ഞനദി, പ്രളയമായ് പുളച്ചെത്തിനോക്കാത്ത
വർഷങ്ങളൊന്നുമേ പെയ്യാതിരുന്നില്ലിതുവരെ!
എങ്കിലുമിനിയും പട്ടുപോകാത്ത പട്ടുതൂവാലയിൽ
അഞ്ചു സഹസ്രാബ്ദങ്ങളായ് ഞാനുണർന്നിരിക്കുന്നു,
നമ്മുടെ അതിഗൂഢ കഥയുടെ വർണ്ണചിത്രമായ്!
അറിയാം, ഇന്നു ചീനപ്പട്ടത്ഭുതമല്ലാതെയായതും
പഴയ വാണിജ്യ പട്ടുപാതകൾ മാഞ്ഞുപോയതും.
പുത്തനാമണക്കെട്ടുകൾ മറികടന്നെത്തിയിന്നും
കഥകൾചൊല്ലിത്തരാറുണ്ട് *’ഹ്വാംഗ് ഹേ.’
ഓർമ്മകൾക്കുള്ളിൽ എന്റെ നാടുണരുന്നു,
അങ്ങു ‘തുർക്കി’യിൽ, ഞാൻ ദുർമ്മാന്ത്രികൻ,
കൂടപത്രക്കാരൻ, വെങ്കല്ലുഗോളത്തിലായ്
ആത്മാക്കളെയാവാഹനംചെയ്തവരുടെ
പഴയ രഹസ്യങ്ങളനാവരണംചെയ്യും
ആഭിചാരകൻ, കൊടും ക്ഷുദ്രക്കാരൻ!
അന്നൊരിക്കൽ ചീനപ്പട്ടുമായൊരു ധനികനെത്തി,
അതിന്റെ വിസ്മയ നിർമ്മാണ രഹസ്യമറിയുവാൻ!
എന്റെ മന്ത്ര, തന്ത്ര, കുതന്ത്രങ്ങൾക്കൊന്നിനും
ഒട്ടുമേ സാധ്യമായതില്ലതിൻപിന്നിലെ
നിർമ്മാണ കുശലതയഴിച്ചെടുത്തീടുവാൻ!
അങ്ങനെ, മുൻസഞ്ചാരികൾതൻ കഠിന പന്ഥാവുകൾ
പട്ടുപാതകൾപോൽ തുന്നിത്തുന്നി, നിന്നിലേക്കുള്ള
യാത്രതുടങ്ങി ഞാൻ, പട്ടിന്നു കപ്പംകൊടുക്കേണ്ട
നാടുകളെത്രയോ താണ്ടിക്കടന്നു ഞാൻ,
പട്ടെന്ന ഒറ്റമന്ത്രംമാത്രം മനസ്സിൽ ജപിക്കുമെനിക്കായി
സ്ഥിതപ്രജ്ഞനാം ഒറ്റനക്ഷത്രം വഴികാട്ടിയാകുന്നു.
കണ്ടെത്തീ ചീനയെ, ഉൾനാടുകളിലേറെയലഞ്ഞു
**’ചിങ്ങ് ഹായ് ‘ലെത്തി ഞാൻ, പുരാതന
ചീനസംസ്കാരത്തിൻ കളിത്തൊട്ടിലിൽ,
പട്ടിനായ് ഒളിഞ്ഞുനോക്കിക്കുഴഞ്ഞു.
അകലെ, പാലാശങ്ങൾക്കിടയിലൂടെക്കാണാം,
**’ബയൻഹാർ’ മലനിരകളിൽനിന്നുതിർന്നുവീഴുന്നു
വെള്ളിമണികളായ് ചൈനയുടെ ദുഃഖം!
എൻമനംപോലെ കലുഷിതമായ്,
കരകവിഞ്ഞൊഴുകി തീരങ്ങളെത്തിന്ന്
ചെളിയുംകലക്കി മഞ്ഞനദിയായ് പരിണമിക്കുന്നവൾ.
എത്ര ദുഃഖകാലങ്ങൾ ഇവളിലൂടൊഴുകി
‘ബൊഹായി’ക്കടലിലടിഞ്ഞിട്ടുണ്ടായിടാം!
**’ഷാൻങ്ങ്സി’യിലെത്തീ യാത്രികൻ ഞാൻ,
രാത്രിസത്രത്തിനു വെളിയിലായ്
ഉന്മാദ പാനീയവും നുണഞ്ഞിരിക്കെ,
കിഴക്കായാകാശത്തു ചിത്രംവരയ്ക്കുന്നു
രാക്കിളിക്കൂട്ടങ്ങൾ, അടയാളവാക്യത്തിൻ
വെളിപാടിനാൽ നൊടിനേരം മോഹാലസ്യം!
തെക്കായൊരു കുഞ്ഞുഗ്രാമംമറഞ്ഞിരിക്കുന്നുവോ!
രാക്കാറ്റുകൾ വഴിമാറിപ്പോവുകയാണോ!
നക്ഷത്രരത്നാവലികൾ, വഴികാട്ടാതിരിക്കുവാൻ
അവിടേക്കു കൺചിമ്മാതിരിക്കുകയല്ലോ!
പൗർണ്ണമിരാവിലുമമ്പിളി അങ്ങോട്ടുമാത്രം
നിലാവയക്കാതിരിക്കുവാൻ തെളിമാനത്ത്
കരിമേഘക്കീറുപുതച്ചിരിക്കുന്നു!
എന്തേ, ഈ ദേശം മണ്ണിലേക്കിത്രപതുങ്ങി
ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു!
ചുവന്ന പൈൻമരക്കാട്ടിനുള്ളിലാണാ നാട്,
നന്നേ പുലരിയിൽ ഞാനവിടേക്കടുത്തു.
എന്നിലെ നാട്യക്കാരന്റെ വൈഭവത്താൽ,
ഇവിടെ യുവസന്ന്യാസിയാകുന്നു ഞാൻ!
ആയോധനകലാനിപുണരാം യോദ്ധാക്കൾ
കാവൽനില്ക്കുന്ന ഗ്രാമാതിർത്തികൾ,
കൊടിപ്പടങ്ങളിൽ തീതുപ്പും വ്യാളികൾ,
ഉയർന്ന കല്മതിലുകൾക്കുള്ളിലായ്
അതീവ രഹസ്യകേന്ദ്രങ്ങൾകാണുന്നു!
അപ്പോഴവിടെവച്ചാദ്യമായ് നിന്നെക്കണ്ടു,
‘യുയാൻ’ – പേരുപോൽ ഏറ്റവും
സുന്ദരമായിച്ചിരിക്കും പെണ്ണിവൾ!
അനവദ്യ സൗന്ദര്യമല്ല, എങ്കിലും നിനക്കു
മനോഹാരിതയേറ്റുന്നു, പതിഞ്ഞ മൂക്കിനോടൊട്ടി
പുലരിയിലേക്കു വിടരാൻകൊതിക്കുന്ന
നേർത്ത നേത്രങ്ങളിൽ ചൂഴും നിഗൂഢത!
അറിഞ്ഞു ഞാൻ, നീ, ഒളിസങ്കേതങ്ങളിലൊന്നിൻ
പ്രധാനിയാം മേല്നോട്ടക്കാരി,
ഞാൻതേടും രഹസ്യത്തിൻ കാവലാൾ!
സജീവ കാന്തികക്ഷേത്രങ്ങളാമെൻ കണ്ണുകൾ,
ആ മോഹന മിഴികളോടുടക്കി
ഹൃദയം പ്രണയാർദ്രമായ്ത്തുടിപ്പിച്ച്,
മനംമെരുക്കി വരുതിയിലാക്കും ചതിയുടെ
മായിക മോഹനിദ്രാജാലത്താൽ
നിനക്കൊപ്പമാ പരമരഹസ്യവും
അനാവൃത സുന്ദരശരീരികളായുടൻ
എൻമുന്നിൽ ലജ്ജിച്ചുനില്ക്കുമല്ലോ!
അന്നുരാത്രിയിൽ, വെൺമൾബറിത്തോപ്പിനുള്ളിലെ
മൺകുടിലിനുള്ളിൽ ഞാനതിഥിയായ്,
വിരുന്നൊരുക്കുന്നു നീ, മൺപാത്രത്തിലായ്
വെളുത്തുള്ളിഗന്ധംമദിപ്പിച്ചുവെന്ത
ഒച്ചിറച്ചിക്കറിവിളമ്പിവയ്ക്കുന്നു.
ഔഷധപ്പച്ചിലക്കൂട്ടിൽത്തിളപ്പിച്ച
കരിനാഗമാംസരസംരുചിച്ചീടുവാൻ
വലിയ മുളംകുറ്റിയിലൊഴിച്ചുനീട്ടുന്നു.
സൽക്കാരശേഷം, മുനിഞ്ഞുകത്തും
കൊച്ചുപുല്പന്തമൂതിക്കെടുത്തി, പെരുംനാഗമായ്
എൻമേനിചുറ്റിപ്പിടിച്ചിറുക്കിക്കിടന്നു നീ,
പിന്നെ വലിയ ഒച്ചായെന്നെയരിച്ചിഴഞ്ഞു
നീങ്ങുന്നു നീ, ഒപ്പം നിശാ സമയസർപ്പവും.
നിന്നെപ്പോൽ ആലസ്യവതിയായ്
വേച്ചുവേച്ചുണർന്നു പുലരിയും.
ഞാൻ, പ്രണയത്തിന്റെ ക്ഷുദ്രകാമുകൻ,
കാമമൂർദ്ധന്യത്തിൽ നൊടിയിട
മാന്ത്രികനിദ്രയൊരുക്കിയാഭിചാരംചെയ്ത്
കാമിനിക്കുള്ളീന്ന് രഹസ്യങ്ങളൂറ്റും
രതിവഞ്ചകനാം നരാധമൻ!
മനോനിയന്ത്രണങ്ങളാൽ നീയാജ്ഞാനുവർത്തി,
ആരുമറിയാതെ മുടിയിലൊളിപ്പിച്ചുകൊണ്ടുവന്നു,
ഒളിയിടത്തൂന്ന് വെളുത്ത പൊടിമുട്ടകൾ.
ഭദ്രമായ് അതൊരു മുളവടിയിലാക്കി
സമ്മാനമായ്ത്തന്നു, വിധേയ!
എത്രയുംവേഗം ചീനകടന്നെന്റെ
നാട്ടിലേക്കെത്തുവാൻ ഉള്ളംതുടിച്ചനേരം,
മുഴുത്തുപഴുത്ത കറുത്ത മൾബറിപ്പഴത്തിന്റെ
ചെഞ്ചാറിറ്റിച്ച കീഴ്ച്ചുണ്ടാൽ ചുംബിച്ച്
ഞാനറിയാത്ത കാമകലയുടെ
പുതുരുചികളെന്നിൽപ്പടർത്തുന്നു,
നീയേതോ നാടോടിപ്പാട്ടുകൾ മൂളുന്നു.
പ്രാക്തന ചീനതൻ ദുരാചാരം
വരിഞ്ഞുകെട്ടിയൊതുക്കിക്കുറുക്കിയ,
കൊച്ചുമരച്ചെരുപ്പിനുള്ളിലായ്
കുഞ്ഞായിരിക്കെ നീ വേദനതിന്നു
വികൃതമായ് വളച്ച, വളർച്ചമുരടിച്ച
ചെറിയ പാദങ്ങളെൻ നെഞ്ചിലമരുന്നു.
തങ്ങളിൽ ലൈംഗികാഭിനിവേശമുണർത്തുവാൻ,
പുരുഷാധിപത്യമടിച്ചമർത്തിയ നിന്റെ കുറിയ
താമരപ്പാദങ്ങൾ നോക്കിക്കരഞ്ഞു ഞാൻ,
പിന്നതിലെത്രയോ ഉമ്മകൾവച്ചിരുന്നു.
അറിയാം, ഞാനുമത്തരമൊരുവനാണെന്ന്,
മന്ത്രച്ചെപ്പിലെ ലായിനിയിൽ ലയിപ്പിച്ചു
നിന്നെ തുർക്കിയിലെത്തിക്കും, മാന്ത്രിക
രാജദ്രവത്തീന്ന് തിരികെയീ രൂപത്തിലാക്കും.
പേരു ‘ചീനു’വെന്നാക്കി നീയുമൊത്തുവാഴും,
നമ്മുടെ വംശങ്ങൾകൂട്ടിക്കലർത്തും,
പട്ടുവിറ്റേറെ ധനികനാവും…
പ്രണയാഭിനിവേശത്താൽ വിഭൃതമാം നിന്റെ
നേരിയ കണ്ണിലെ സ്നേഹ കാന്തിക ജ്വാലയാൽ,
കരിഞ്ഞുവീഴുന്നെന്നിൽ പാപക്കറവീണ
ചതിത്തിരശ്ശീലകൾ, തെളിയുന്നു നഗ്നത!
പഴക്കം വീര്യമേറ്റിയ മൾബറിവീഞ്ഞു
മൊത്തിക്കുടിച്ചു രമിച്ചു ശയിച്ച രാത്രിയിൽ,
രണ്ടാംരതിക്കായി മുട്ടുകുത്തുന്നു നീ!
തുടുത്ത മാറിടമൊട്ടിൽപ്പുരട്ടിയ
ഉഗ്രവിഷദുഗ്ദ്ധംകുടിച്ചു മയങ്ങി
മരണഭീതിയിൽ അലറിക്കരഞ്ഞു ഞാൻ.
“സ്തനമുഖത്തായി നീ തേച്ചുനല്കിയ
കൊടിയ വിഷത്തിന്റെ പ്രതിവിഷംനല്കണേ.”
ബോധംനശിക്കുന്നു, ഇതു നീയെനിക്കേകിയ
ആദ്യജീവനാശം, രൂപമാറ്റത്തിൽ,
വെള്ള നിശാശലഭത്തിൽ നാമ്പിട്ട്
കുഞ്ഞു വെൺമുട്ടയായ് ഞാൻ പിറക്കുന്നു,
പിന്നെ വെൺപുഴുവായ് വിരിഞ്ഞിറങ്ങി.
രഹസ്യസ്ഥലിയിലെ പഗോഡകൾക്കുള്ളിൽ
നൂറുനൂറായിരം തീറ്റഭ്രാന്തരാം പുഴുക്കൾക്കിടയിൽ
നീയെന്നെയുമെത്തിച്ചിരിക്കുന്നു, തിന്നുവാൻ
മൾബറിത്തളിരിലകൾനല്കുന്നു.
മഹാവനത്തിൽ പെരുമഴപെയ്യുംപോൽ
ഇലകളെക്കാർന്നുതിന്നും ശബ്ദമിരയ്ക്കുന്നു.
‘ആഹരിക്കുംതോറും പശിയേറിടും പുഴുജീവിതം.’
പതിനെട്ടുനാളത്തെ നിറുത്താത്ത തീറ്റയാൽ
ഞാൻ ഒത്തിരി വലുതായിമാറി.
ഇടയ്ക്കൊക്കെ ചർമ്മംകൊഴിച്ചതോർക്കുന്നു,
പിന്നൊന്നുറങ്ങിയുണർന്നു ഞാൻ.
പൂർണ്ണ വളർച്ചയിൽ സുതാര്യമായെന്റെ
ദേഹവും, നിക്ഷേപിക്കപ്പെട്ടൊരു
ചതുരയറയ്ക്കുള്ളിലേകനായ്.
രണ്ടുപകലുകൾ, രണ്ടുരാത്രികൾ
നിറുത്താതെ തലചലിപ്പിച്ച്,
എനിക്കുള്ളിൽനിന്നൂറും ദ്രവത്തിനെ
നേർമ്മയേറിയ വെളുത്ത നൂലാക്കി
പട്ടുറനെയ്യുകയാണിപ്പോൾ…
പുഴുക്കൂടിനുള്ളിൽ കോശസ്ഥകീടമായ്
അത്യഗാധമാം സമാധി, ശലഭജന്മമെന്ന
ജീവിതമോക്ഷ സ്വപ്നത്തിലുണരുവാൻ!
പക്ഷേ, അഞ്ചാംനാൾ നീയെത്തി ‘യുയാൻ’,
അണ്ഡകവചങ്ങളിൽ ഉഷ്ണജലമൊഴിച്ച്
സമാധിസ്ഥരാം കൂടപ്പുഴുക്കളെ കൊന്നൊടുക്കുന്നു.
ഞങ്ങൾ, പട്ടുനൂല്ക്കൂടുതകർത്തു പുറത്തേക്ക്
പറക്കും ശലഭങ്ങളാകാതിരിക്കുവാൻ.
വീണ്ടുമങ്ങനെ നിൻകൈയാലെൻ ചാവ്!
ശലഭക്കൂടീന്നു പട്ടുനൂലഴിച്ചെടുത്തൊരു
റാട്ടിലായ്ച്ചുറ്റി നീ നൂലുനൂക്കുന്നു.
പശകളഞ്ഞേറെ മൃദുലമാക്കിയ പട്ടുനൂലിൽ
ചായംപുരട്ടി, തറിയിലായ്
കൈത്തണിനെയ്തെടുത്തീടുന്നു.
തൂവാലയിൽ ചിത്രലേഖനംചെയ്യുന്നു, നമ്മുടെ
പ്രണയ, പ്രതികാര, ചതിക്കഥകളെല്ലാം!
ഗൂഢഭാഷയിൽ ഒരുനാട്ടുപാട്ടായി
ചിത്രത്തുന്നലാൽ പകർത്തിവയ്ക്കുന്നു.
നീയറിയാതിറ്റിയ കണ്ണീർവീണതിന്നുപ്പിലെ
സങ്കടംരുചിച്ചുരുകുന്നു ഞാനിപ്പൊഴും!
എൻ മൃതദേഹത്തിനൊപ്പമീ പട്ടുതൂവാലയുംവച്ച്,
മഞ്ഞനദീതീരത്തു
കരിങ്കല്ലറയ്ക്കുള്ളിലായടക്കി നീ.
ലോകമഹാരഹസ്യത്തിനുള്ളിൽ ജീവിച്ച ഞാൻ,
വെൺനിശാശലഭമായിപ്പറക്കുവാൻ മോഹിച്ച ഞാൻ,
പട്ടിന്റെയിപ്പാട്ടുപാടുവാൻ
നീയെത്തിടുന്നതുംകാത്തുണർന്നിരിക്കുന്നു.
ആശിക്കുന്നു, ഒരു കവിയിലാവേശിച്ചിക്കഥ കവിതയാക്കീടുവാൻ,
അക്കവിതവായിക്കുമാരാരിലെങ്കിലും
എന്റെ യുയാൻ / ചീനുവുണ്ടായിടും.
അവളുടെ പ്രണയ മാനസവാടിയിലെങ്കിലും
ഈ ശലഭ ജീവിതചക്രം പൂർത്തിയാക്കീടണം.
✍️

ദിജീഷ് കെ.എസ് പുരം.

By ivayana