രചന : സന്തോഷ് പെല്ലിശ്ശേരി ✍
ഏറെ നേരമായി ഇരുന്നു മടുത്തപ്പോൾ ശ്രീനി പതിയെ എണീറ്റ്
കോട്ടമുറിയ്ക്കങ്ങേപ്പുറമുള്ള ആമ്പൽക്കുളത്തിൻ്റെ അടുത്തേയ്ക്ക് നടന്നു…
ചെറുതായിരുന്നപ്പോഴേ ഉണ്ടായിരുന്നമനസ്സിൻ്റെ ഭാരം ഈയ്യിടെയായികൂടിക്കൂടി ,മനസ്സിനേയും ചിന്തകളേയുംകൈകാലുകളേയും നാവിനേയുമൊക്കെവല്ലാതെ ബാധിച്ചിരിക്കുന്നു…
അവിടവിടെ തകർന്നുകിടക്കുന്ന മുളളുവേലി കടന്ന്അയാൾ അപ്പുറത്തെ പറമ്പിലേയ്ക്കെത്തി..
പറമ്പിൻ്റെ അങ്ങേയറ്റത്ത് വാരസ്യാര് മാത്രമുള്ള ആ വലിയ വീട്ടിലേക്ക് അയാളൊന്ന്
പാളി നോക്കി… അവരുടെ മക്കളെല്ലാം വിദേശത്താണ്.
തള്ള ചാവാൻ കിടക്കുന്നു..
മക്കളുടെ ശമ്പളക്കാരി ‘ മകളായി ‘ വാരസ്യാർക്ക് കൂട്ടിരിക്കുന്നു..
ഉണങ്ങിത്തുടങ്ങിയ ജാതിമരങ്ങൾക്കിടയിലൂടെ കുളം ലക്ഷ്യമാക്കി നടക്കുമ്പോൾ
പിറകിൽ നിന്നൊരു വിളി കേട്ടു…
” ശ്രീനി , കട്ടൻ വേണ്ടെ നെനക്ക്..? “- മൂത്ത പെങ്ങളാണ്…
മാസം മൂന്നായി അളിയൻ ഇവിടെ കൊണ്ടാക്കിയിട്ട്..തൽക്കാലം തിരിച്ചു പോകാൻ ഉദ്ദേശമില്ലെന്ന് തോന്നുന്നു…ബാക്കിയുള്ള അവകാശങ്ങളിലാണ്അളിയൻ്റെ കണ്ണ് , പെങ്ങളും മോശമല്ല…
അവളും ഇടയ്ക്കിടെ പറയുന്നത് ഭൂമി പങ്കു വയ്ക്കുന്ന കാര്യം തന്നെ…അവളെ പറഞ്ഞിട്ടും കാര്യമില്ല..
ഇന്നലേയും അളിയൻഅവളെ വിളിച്ച് എന്തൊക്കെയോ
പറയുന്നുണ്ടായിരുന്നു..പാവം അമ്മയുടെ ഹൃദയംഒക്കെ കേട്ട് വേവുന്നുണ്ടാകും…അയാളൊന്നു തിരിഞ്ഞു നോക്കി ,ഉണക്കപ്ലാവില പോലെ ചുളിഞ്ഞു മടങ്ങിയൊരു മൂന്നുസെൻ്റ് ഭൂമി…
പണ്ട് കൊല്ലങ്കോട്ട് രാജവംശത്തിൻ്റെപാചകക്കാരായിരുന്നതന്റെ പൂർവ്വികർക്ക് അവർ ദാനം നൽകിയ
പുറമ്പോക്ക് ഭൂമിയുടെഅവസാനത്തെ കഷണം ,മൂത്തവളെ കെട്ടിയ്ക്കാൻ കുറച്ചു വിറ്റതിൻ്റെ ബാക്കി…
അന്ന് , പുര നിറഞ്ഞു നിൽക്കുന്ന പെങ്ങൾകത്തുന്ന വെയിൽ പോലെയായിരുന്നു…
വല്ല വിധേനയും തണലായിരുന്നു ലക്ഷ്യം…എന്തായാലുംഇനിയുള്ളവളെ താൻ കെട്ടിയ്ക്കില്ല ,
കെട്ടിയ്ക്കാൻ തനിയ്ക്കാവില്ല..അഥവാ അതിന് തുനിഞ്ഞാൽപാതി തളർന്ന അമ്മയ്ക്ക്
കിടക്കാൻ ഇടമില്ലാതാവും.അയാൾ ആമ്പൽക്കുളത്തിൻ്റെ കരയിലെത്തി..പണ്ടൊക്കെ നിറയെ ആമ്പൽപ്പൂവുണ്ടായിരുന്നു കുളത്തിൽ..ചെറിയ ചെറിയ പരൽമീനുകളുണ്ടായിരുന്നു..
ലക്ഷ്യം തെറ്റാതെഉയർന്നു ചാടുന്ന വലിയ തവളകളുണ്ടായിരുന്നു…അവറ്റയ്ക്ക് വല്ലാത്ത വഴുവഴുപ്പും പച്ചനിറവുമായിരുന്നുവെന്ന്അയാൾ ഓർത്തു…ദിവസത്തിൻ്റെ ഏറിയ പങ്കുംഅവിടെ വന്നിരുന്ന് ചിലവഴിച്ചിരുന്നഅയാളുടെ കുട്ടിക്കാലത്തെ തലവേദനകളും വിഷമങ്ങളും വിശപ്പും സ്വപ്നങ്ങളും
സംശയങ്ങളും എല്ലാമെല്ലാംആ കുളക്കരയിലേയ്ക്ക് ഊർന്നിറങ്ങുമായിരുന്നു…അന്നൊക്കെ അയാൾ
കിഴക്കു ലാക്കാക്കി ഇര തേടി പറക്കുന്നകിളികളേയുംപടിഞ്ഞാറുദിക്കിലെ സന്ധ്യാസമയത്തെ മഴവില്ലിനേയുംപാതിരയ്ക്ക് പാടുന്ന രാപ്പാടികളേയുംസ്നേഹിച്ച് വളരുകയായിരുന്നു…
ഇന്ന് അന്നത്തെപ്പോലെ അയാൾആകാശത്തേയ്ക്ക് നോക്കാറില്ല ,
തൻ്റെ കാലടികൾക്ക് താഴെയുള്ളആഴങ്ങളിലേയ്ക്ക് പോകാറില്ല…നിറമുള്ള സ്വപ്നങ്ങൾ
കാണാറില്ല…കാലത്തിനൊപ്പംചിന്തിക്കാറില്ല…ദാരിദ്ര്യമൊട്ടും വിൽക്കാറില്ല..
വിശപ്പ് തീരെ പാടാറില്ല…ഏറെ വിശക്കുമ്പോൾ മാത്രംഅൽപ്പം ഉമിനീര് ആമാശയത്തിലേയ്ക്ക്
ഇറക്കും…താൻ ഇരുന്നിരുന്ന് തേഞ്ഞ ഇലഞ്ഞിയുടെ തടിച്ച വേരിലേയ്ക്ക്
അയാൾ പതിയെ ഇരുന്നു..തന്നെ കൃത്യമായി ഉൾക്കൊള്ളാൻആ വേര് ഇതിനകം ശീലിച്ചിരുന്നു ,
അതോ ആ വേരിനൊത്ത് തൻ്റെ ശരീരമാണോ മാറിയത്…?
ഓരോന്നോർക്കവെ ,അയാളുടെ ചിന്തകൾക്ക് വല്ലാതെ ഭാരം കൂടിക്കൂടി വന്നു…
അവിടെയിരുന്നാൽഅകലെയായി നേർത്തു നേർത്ത് ഇല്ലാതായ കുറുമാലിപ്പുഴയുടെ
അവശിഷ്ടങ്ങൾ കാണാം ,
പുഴയിൽ നിറയെമണലൂറ്റിയ കുറേ കുഴികളും..ആ പുഴയിലെ മീനുകളും തവളകളും
എവിടെപ്പോയ്ക്കാണും…?തന്നെപ്പോലെ ദാരിദ്ര്യം സഹിക്കാതെ വരുമ്പോൾ
അവരെന്താണാവോ ചെയ്യാറ്..?ഇനിയൊരിക്കൽപുഴയിലെ അവശേഷിച്ച കുഴികളിലെ
തവളകളെ തേടി പോകണമെന്ന്അയാളുടെ മനസു മന്ത്രിച്ചു..അവരുടെ വിശപ്പിനെതിരെയുള്ള
ഗൃഹപാഠം അവർക്കൊപ്പം നീന്തി നടന്ന്സ്വായത്തമാക്കണം..അവരുടെ ആകാശം ഒരു പക്ഷെ
പുഴയുടെആഴങ്ങളിലായിരിക്കും ,പച്ചനിറമുള്ള ആകാശം..നക്ഷത്രങ്ങൾക്കു പകരം പവിഴപ്പുറ്റുകളുള്ള ആകാശം..പാലൊളിചന്ദ്രികയ്ക്ക് പകരംമത്സ്യകന്യകയുള്ള ആകാശം…അവിടെ കുറേ നേരം ചിലവഴിക്കണം…പിറകിൽ കരിയിലകൾ ഞെരിയുന്നശബ്ദം…അയാളുടെ ചിന്തകൾ മുറിഞ്ഞു ,
ഭാരം അയഞ്ഞു..തിരിഞ്ഞു നോക്കുമ്പോൾ അനന്തിരവനാണ് ,
അപ്പു…അളിയൻ്റെ അതേ മുഖം… നാലര വയസ്സേയുള്ളു…
” നീയെന്തിനാ വന്നത് ..? “
- അയാളുടെ ശബ്ദം വളരെ നേർത്തതായിരുന്നു..
” മാമൻ കുളിക്കണത് കാണാൻ…” - അപ്പു ചെറിയൊരു ചിരിയോടെ
പറഞ്ഞു കൊണ്ട് അയാൾക്കരികിൽ നിന്നു..
പിന്നെ ,
കുളത്തിൻ്റെ നടുവിൽ ഒറ്റയ്ക്ക് നിൽക്കുന്ന
ആമ്പൽപ്പൂവിലേയ്ക്ക് കൈചൂണ്ടിക്കൊണ്ട്
അവൻ ചോദിച്ചു ,
” അദ്ദെനിക്ക് പൊട്ടിച്ചുതരോ മാമാ..? “
” ഊം… ” – യാന്ത്രികമായൊന്ന് മൂളിക്കൊണ്ട് അയാൾ അവൻ കൈ ചൂണ്ടിയ ആമ്പൽപ്പൂവിലേയ്ക്ക് കണ്ണയച്ചു…
ആ പൂവ് തീരെ ചിരിക്കുന്നില്ലെന്ന്
അയാൾക്ക് തോന്നി…കാറ്റിനൊപ്പം ആടാതെകാറ്റിനെ തള്ളി നീക്കുന്ന പോലെ…
അതിൻ്റെ ചുറ്റിലും വെള്ളം കറുത്തു കിടന്നിരുന്നു..
ഒരു നിമിഷം എന്തോ ആലോചിച്ചുകൊണ്ട് വെറുതെ ഇരുന്ന
അയാളെ തോണ്ടിക്കൊണ്ട്അപ്പു വീണ്ടുംതൻ്റെ ആവശ്യം ആവർത്തിച്ചു…കുഞ്ഞിക്കൈ കൊണ്ടുള്ള തോണ്ടലിന്കരുത്തുറ്റ കൈകളുടെതള്ളലിൻ്റെ ശക്തിയുണ്ടെന്ന്അയാൾക്ക് തോന്നി..
ചെറിയൊരു വിസ്മയത്തോടെഅയാൾ അപ്പുവിനെ നോക്കി..അപ്പോൾ അവൻ്റെ മുഖം തനിക്ക് വല്ലാതെ
അപരിചിതമാണല്ലൊയെന്ന്അയാൾ അൽഭുതപ്പെട്ടു…
ആ കുഞ്ഞുമുഖം കാർക്കശ്യത്തിൻ്റെകറുപ്പണിഞ്ഞിരുന്നു..
” ഊം… എണീക്ക്..
കൊളത്തീ ചാട് ..മാമാ….” - അപ്പു പിന്നേയും നിർബന്ധിച്ചു…
അയാൾ എണീറ്റ്
പതിയെ കുളത്തിലേയ്ക്കിറങ്ങി…
വെള്ളവും കരയും ചേരുന്നിടത്തെ ചേറിൽ
അയാളുടെ കാലുകൾ പൂണ്ടിറങ്ങി..
കുളത്തിലെ തണുത്ത വെള്ളത്തിൻ്റെ
കൈവിരലുകൾ
അയാളുടെ മേലേയ്ക്ക് അരിച്ചു കയറി…
താഴ്ന്ന കാലുകൾ വലിച്ചെടുത്ത്
അയാൾ ആഴങ്ങളിലേയ്ക്ക് നടന്നു..
ഒടുവിൽ …
നിലയില്ലാതായപ്പോൾ
അയാൾ വെള്ളത്തിൽ മുങ്ങി…
ശരീരത്തിനൊപ്പം
ആത്മാവും തൻ്റെ ചിന്തകളും
തണുപ്പിന് കീഴ്പ്പെടുന്നതായി അയാൾക്ക്
തോന്നി…
ഒന്നുരണ്ടു നിമിഷത്തിനു ശേഷം
അയാൾ വെള്ളത്തിന് മുകളിലേയ്ക്ക്
ഉയർന്നു…
അപ്പോൾ കരയിലിരുന്ന്
കയ്യടിച്ചു കൊണ്ട് അപ്പു
പറഞ്ഞു…
“” ഹെയ് .. മാമാ.. സൂപ്പർ..
ഇനിയും മുങ്ങ്…
കുറേ നേരം.. മുങ്ങ്….”
അവൻ്റെ വാക്കുകൾക്ക് വല്ലാത്തൊരു
ആജ്ഞാശക്തിയായിരുന്നു…
അകലെയാകാശത്ത്
മേഘക്കീറുകൾക്കിടയിൽ നിന്ന്
ഒരു ഇടിനാദം മുഴങ്ങിയ പോലെ..
നാലുദിക്കും കറുത്തിരുണ്ടു വരുന്നു..
മഴയാണോ…?
അയാൾ കാതോർത്തു..
വല്ലാതെ തണുക്കുന്നു..
ജലത്തിൻ്റെ ആഴങ്ങളിൽ നിന്ന്
ആമ്പൽച്ചെടിയുടെ തണുത്ത കരങ്ങൾ
അയാളെ തഴുകിക്കൊണ്ടിരുന്നു..
“” മുങ്ങ് മാമാ…” - അപ്പുവിൻ്റെ ശബ്ദത്തിന്
കനം കൂടി..
ആമ്പൽപ്പൂവെന്ന ആവശ്യം അവൻ
മറന്നു പോയോ…?
അതോ ,
അത് തന്നെ കുളത്തിലിറക്കാനുള്ള
അവൻ്റെ സൂത്രമായിരുന്നോ…?
സത്യത്തിലെന്താണ് വേണ്ടത്..?
മുങ്ങലാണോ , ആമ്പൽപ്പൂവാണോ ആവോ..
അയാൾ വീണ്ടും മുങ്ങി… വെള്ളത്തിനടിയിലൂടെ മുന്നോട്ടു നീങ്ങി..
നടുവിലെ ഒറ്റയാമ്പലിൻ്റെ അടുത്തെത്തി നിവർന്നു…
കരയിൽ ഇരുന്ന് നോക്കിയപ്പോൾ
കണ്ട പോലെ
കറുത്തതല്ലായിരുന്നു അവിടത്തെ
വെള്ളം..
ഇളം പച്ചനിറത്തിലുള്ള വെള്ളം കണ്ട്
അയാൾക്ക് ഒരു പ്രത്യേക ഉണർവ്വുണ്ടായി..
പാറമടയിൽ വച്ച് ,
കരിങ്കല്ലിനടിയിൽ അറ്റുപോയ കൈപ്പത്തിയില്ലാത്ത
ഇടത്തേ കൈ കൊണ്ട് അയാളാ ആമ്പൽപ്പൂവിനെ ഒന്നു തൊട്ടു..
കരയിലേക്ക് നോക്കുമ്പോൾ
അപ്പുവിൻ്റെ മുഖത്ത് ചിരിയ്ക്ക് പകരം
ഒരു രൗദ്രതയാണ്
അയാൾ കണ്ടത്…
മുങ്ങാൻ ആക്രോശിക്കുന്നതിനായി അവൻ വാ തുറക്കുന്നതിന് മുമ്പ് അയാൾ വീണ്ടും കുളത്തിലേയ്ക്ക് മുങ്ങി.
ആമ്പലിൻ്റെ വള്ളി താഴോട്ടു പോയിരിക്കുന്നു..
അയാളാ വള്ളിയോട് ചേർന്ന് താഴെ
ആഴങ്ങളിലേയ്ക്ക് നീന്തി..
ചെറിയ തവളകളും
മീൻപരലുകളും അങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ പായുന്നു..
കുളത്തിൻ്റെ ആഴത്തിലേയ്ക്ക് നോക്കിയപ്പോൾ അയാൾ കണ്ടു , അവരുടെ കറുത്ത ആകാശം…
മഴവില്ലും പുലരികളും
സന്ധ്യകളുമില്ലാത്ത ആകാശം…
ദാരിദ്ര്യം വിൽക്കാറില്ലാത്തവരുടെ
ആകാശം..
നിറമുള്ള സ്വപ്നങ്ങൾ
കാണാറില്ലാത്തവരുടെ ആകാശം..
കത്തുന്ന വെയിൽ പോലുള്ള
കടമകൾ ഇല്ലാത്ത ആകാശം..
പവിഴപ്പുറ്റുകളുള്ള ,
മണൽത്തരികളുള്ള ആകാശം..
അയാളാ ആകാശത്തിൻ്റെ ആഴങ്ങളിലേയ്ക്ക്
വീണ്ടും വീണ്ടും
ആവേശത്തോടെ നീന്തിക്കൊണ്ടിരുന്നു..