ചിലരുടെയെല്ലാം സ്വപ്നം
ഇങ്ങനെയാണ്:
എവിടെതിരിഞ്ഞങ്ങു നോക്കിയാലും
അവിടെല്ലാം പൂത്ത മനുഷ്യർ മാത്രം.
വീശിയടിക്കുന്ന കാറ്റിന്
അവനവൻ മണം
വെയിലിൽ നിന്നുമുതിരുന്നു,
ശൃംഗാരച്ചിരികൾ,
പുഴയിലൊഴുകുന്നു മണൽ
(അടിയിലെവിടെയോ
കുരുങ്ങിക്കിടക്കുന്നു,
ജലത്തിൻ്റെ മുടികൾ)
വരൂ വരൂ എന്ന് അലറി
വിളിക്കുന്നു
വീഞ്ഞിൻ പാരാവാരം.
പശ്ചിമഘട്ടമാകെ
സവിശേഷവ്യവസായമേഖല,
അവിടെ പണിയെടുക്കുന്നു,
പുള്ളിയും വരയും കൊമ്പും
വാലുമൊക്കെയുള്ള മനുഷ്യർ.
നോക്കുന്നിടത്തെല്ലാം
മാളുകളും ഫുഡ്‌കോർട്ടുകളും.
(അങ്ങു ദൂരെ ദൂരെ
തൊഴിലാളിഗ്രാമങ്ങൾ,
അങ്ങോട്ടു പോകുന്നു,
സൈക്കിൾറിക്ഷകൾ)
ഒരു ഫുഡ്‌കോർട്ടിലെ സ്പെഷ്യൽ,
കാണാതായവർക്കു വേണ്ടിയുള്ള
കണ്ണീർ വറുത്തത്
മറ്റൊന്നിൽ നിഷ്കളങ്കതയുടെ
ചോരത്തോരൻ
ഒരിടത്ത് കൊലചെയ്യപ്പെട്ട സ്വപ്നങ്ങൾ
പൊരിച്ചത്
ഒരിടത്ത് ബലാൽഇറച്ചി കുറുമ,
യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയ
തെരുവുമനുഷ്യരെ
കഷ്ണം കഷ്ണം റോസ്റ്റാക്കിയത്
മറ്റൊരിടത്ത്.
കരിഞ്ഞ നിലവിളികൾ
നിർത്തിപ്പൊരിച്ചത് ഒരിടത്ത്.
പച്ചയില്ല,പൂമണമില്ല, പൂമ്പാറ്റയില്ല.
ചുവന്ന ആകാശത്തിൽ
ഒരിക്കലും പെയ്യാത്ത കരിമേഘങ്ങൾ.
(സോറി,
പെയ്യും ചിലപ്പോൾ ആസിഡ്‌മഴ,
അപ്പോൾ ഉരുവമെടുക്കും
ആകാശച്ചെരിവിൽ പുകവില്ല്)
ചക്രവാളത്തിൽ പറന്നുമായുന്ന
ഡ്രോണുകൾ….
ചന്ദ്രനിലെ മുയലെവിടെ?
ഇപ്പോൾ കാണാം
രാത്രിയിൽ
അവിടെ
ഫാസിസ്റ്റിൻ്റെ തൊപ്പി.
പറക്കുംതളികകളിൽ വന്നിറങ്ങുന്നു
നവനവ മനുഷ്യർ.

By ivayana

2 thoughts on “എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും”

Comments are closed.