ഭാരതയുദ്ധം കഴിഞ്ഞു
വരികയിനി ദ്രൗപദി
പാണ്ഡവപത്നി യിവിടെ യീ
കുരുക്ഷേത്രഭൂമിയിൽ .
ഇനി നിൻ്റെ ഇടതൂർന്ന
മുടിയിഴകൾ കെട്ടുക
ഇനി നിൻ്റെ വരളുന്ന
ഹൃദയദാഹം തീർക്കുക
യുദ്ധം കഴിഞ്ഞു
സുയോധനൻ വീണിതാ
മണ്ണിൽ കിടക്കുന്നു
മാരുതിപ്രഹരത്താൽ !
തുട പിളർന്നൊഴുകുന്ന
ചുടുനിണം നിന്നുടെ
കാർകൂന്തലിഴകളിൽ
തേച്ചുപിടിപ്പിക്ക
അന്ധത ബാധിച്ച
രാജകർണ്ണങ്ങളിൽ
അമ്പുകൾ വന്നു
തറച്ചിന്നു ദ്രൗപദി
അന്ധകാരത്തെ
പുണരുന്ന ഗാന്ധാരി
ആർത്തനാദത്തോടെ
വന്നുപോയ് ദൗപദി
മുല്ലമലർമഴ പോലെ
പൊഴിയുന്ന, നിൻഹർഷത്തിൽ
അഗ്നി പടർത്തിയ ദുഷ്ട –
ധാർഷ്ട്യത്തിൻ കൂരമ്പുകളെ
പഞ്ചമുഖഫണമാർന്ന
നിൻ മധുര കാമനകൾ
തല്ലിക്കൊഴിക്കുവാൻ
തരം പാർത്തിരുന്നോരെ
നിറസദസ്സിലുടുചേല
യുരിയുന്ന ധാർഷ്ട്യത്തെ
നക്കിത്തുടക്കുന്ന
യഗ്നിയായ് പടരുക
ഉള്ളം തപിക്കുന്ന
ഭൂവിൻ്റെ യുരുകുന്ന
ലാവാപ്രവാഹമായ്
വരിക നീ ദ്രൗപദി
തിരയടിച്ചെത്തിയ
നിന്നാത്മനൊമ്പര
പ്രളയത്തിൽ മുങ്ങി
മറഞ്ഞുവെല്ലാം
ഉള്ളിൽ തപിച്ച നിൻ
കനലിൽ നിന്നുയർന്ന
ജ്വാല രണാങ്കണത്തിൽ
പടർന്നു കത്തി
എങ്കിലും ദ്രൗപദി
ഹിംസയുടെ നാളങ്ങൾ
നിന്നെയും പൊള്ളിച്ചുവല്ലൊ
പാണ്ഡവവംശജ
രാകവെ ഭസ്മമായ്
ആദരിക്കേണ്ടുന്ന
ആചാര്യവൃന്ദവും
താതസഹോദര
രൊക്കെയും കൂടാതെ
ബന്ധുജനങ്ങളും
മൃത്യു വരിച്ചു പോയ്.
താറുമാറായി
കുരുവംശവുമൊരു
യുദ്ധം വരുത്തിയ
ഘോരവിപത്തിനാൽ
ദ്രൗപദി നീയും നിനച്ചിരിക്കില്ലയീ
യുദ്ധാന്ത്യമിത്രമേൽ
ശോകാന്ത്യമായ്
മാറുമെന്നും
തിരകളടങ്ങിയിനി
യീ തീരത്തിലൂടെയൊരു
തീർത്ഥാടനമായ് തീരട്ടെ നിൻ
ശിഷ്ടജീവിതം.
ഇവിടെ പിറക്കുന്ന
ജൻമങ്ങളൊക്കെയും
ഇതൾ വിടർന്നോരോ
രണങ്ങൾ കഴിഞ്ഞീവിധം
തിരകളടങ്ങി
തിരിച്ചറിവേറിയീ
തീരത്തിതു പോലെ
ശാന്തരായെത്തിടും.
ഭാരതയുദ്ധം കഴിഞ്ഞു
വരികയിനി ദ്രൗപദി
പാണ്ഡവപത്നി യിവിടെയീ
കുരുക്ഷേത്ര ഭൂമിയിൽ
ഇനി നിൻ്റെയിടതൂർന്ന
മുടിയിഴകൾ കെട്ടുക
ഇനി നിൻ്റെ വരളുന്ന
ഹൃദയദാഹം തീർക്കുക.

എം പി ശ്രീകുമാർ

By ivayana