രചന : ദിവാകരൻ പികെ പൊന്മേരി ✍
പ്രണയമായിരുന്നില്ലനിന്നോടെനിക്ക്
സഹതാപമൊട്ടുമല്ലെന്നറിയുക
കാമമവുമല്ല വിരൽ തുമ്പു പോലും
ഇന്നേവരെതൊട്ടശുദ്ധമാക്കിയില്ല.
വിടാതെഹൃദയത്തോടെന്നും
ചേർത്ത് പിടിച്ച എനിക്കെങ്ങനെ
മനസ്സിലെ അഗ്നിക്ക് ബലികൊടുക്കാൻ
തോന്നി അറിയില്ലെനിക്കൊട്ടും.
സ്വപ്നത്തിൽപോലുംതിരിച്ചറിയാതെ
പോയല്ലോ “നീ “എന്നസമസ്യ
പറയാനാറിയാതെന്തോ മനസ്സിൽ
വരിഞ്ഞു മുറുകുന്നതറിഞ്ഞു ഞാൻ
ഉള്ളിൽ സ്വാർത്ഥത വടവൃക്ഷമായി
വളർന്നതറിഞ്ഞില്ലൊട്ടും ഞാൻ.
മറ്റാരും നിന്നെ സ്വന്തമാക്കരുതെന്ന
സ്വാർത്ഥ ചിന്തയ്ക്ക് പേരോ പ്രണയം?.
ഉള്ളിൽ ആളിപ്പടരും അഗ്നിയിൽ
വെന്തു നീറുമ്പോഴും അറിയാ പൊരുൾ
തേടി അലയുന്നു എന്തിനെന്ന ഉത്തരം
കിട്ടാത്ത ചോദ്യത്തിന് ഉത്തരം തേടി.