വളരെ നാളുകൾക്കു ശേഷം വീണുകിട്ടിയ ഒരു അവധി ദിനത്തിൽ പെട്ടെന്നാണ് ആദിൽ ആ തീരുമാനമെടുത്തത്. പർവ്വതരാജ്യമായ ജോർജിയയിലേക്ക് ഒരു യാത്ര പോകാൻ. ബഹറിനിൽ സൗണ്ട് എൻജിനീയറായി വർക്ക് ചെയ്യുന്ന അവിവാഹിതനായ, മുപ്പത് വയസ്സ് പ്രായവും മനസ്സുനിറച്ച് സംഗീതവും മാത്രമായി,ലോകത്തെ വളരെ ലാഘവത്തോടെ കാണുന്ന ഒരാൾ.
ബഹറിനിൽ നിന്നും ഏകദേശം മൂന്നര മണിക്കൂറിനുള്ള സമയപരിധിയിൽ, ആദിലിന്റെ സ്വപ്നങ്ങളിൽ വായിച്ചു മറന്ന കഥകളിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കോട്ടകളും, പള്ളികളും,കൊക്കോസ് മലനിരകളും, താഴ്വാരങ്ങളും ഉള്ള അത്ഭുതലോകം…കറുത്ത കടലും ഗുഹാ നിർമ്മിതികളുമുള്ള മഞ്ഞിന്റെ പുതപ്പണിഞ്ഞ ജോർജിയ…. ഒരു സുന്ദരിയായി വന്നു നിറഞ്ഞു നിന്നു.
എയർപോർട്ടിൽ നിന്നും താമസസ്ഥലമായി തിരഞ്ഞെടുത്തിരുന്ന ഹോം സ്റ്റേയിൽ എത്തിയപ്പോൾ, ജോർജിയ എന്ന സ്വപ്നത്തിൽ കണ്ട സുന്ദരിയേക്കാൾ മനോഹരിയായി ശില്പം പോലൊരു പെണ്ണ് അടുത്ത മുറിയുടെ വാതിൽ തുറന്നു പുറത്തു നിൽക്കുന്ന കാഴ്ച അയാളിൽ അത്ഭുതമുളവാക്കുക മാത്രമല്ല, അയാളിലെ കാമുകഭാവത്തെ ത്രസിപ്പിക്കുക കൂടി ചെയ്തു. പരിചയപ്പെടാനെന്നോണം ആദിൽ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
” ആർ യു ഇന്ത്യൻ?? “
മുഖമല്പമുയർത്തി അവൾ
” ഐ ആം എ മലയാളി”
എന്ന് പറഞ്ഞ നിമിഷം സംസാരശേഷിയുള്ള ഒരു ശില്പം തന്റെ മുന്നിൽ നിൽക്കുന്നത് പോലെ തോന്നി ആദിലിന്. നീണ്ടു വിടർന്ന കണ്ണുകളിൽ പൂത്തുലഞ്ഞ സ്വപ്നങ്ങളുമായി നിൽക്കുന്ന, സ്വർണ്ണ നിറമുള്ള ഇവൾക് ..
“ഗ്രീക്ക് ശില്പത്തിന്റെ വശ്യതയോ മലയാളത്തിന്റെ ശാലീനതയോ…”??
ക്ഷണനേരം കൊണ്ട് പരിസരബോധം തിരിച്ചെടുത്തു ആദിൽ പറഞ്ഞു.”
” ഞാനും മലയാളിയാണ്. എന്താ പേര്?? “
” എനിക്ക് തോന്നി. “.. പതിഞ്ഞശബ്ദം ആയിരുന്നു അവളുടെത്.
പേര് പറയാത്തതിലുള്ള പരിഭവം നടിച്ച് ആദിൽ വീണ്ടും ചോദിച്ചു.
” പേര് പറഞ്ഞില്ലല്ലോ??. എന്റെ പേര് ആദിൽ. ബഹറിനിൽ സൗണ്ട് എൻജിനീയറാണ്. “
“നൈറ “..
ഓ… മനോഹരമായ പേര്.. ഇവിടെ എന്തു ചെയ്യുന്നു? ഞാൻ ടൂർ വന്നതാണ്.. ഒരാഴ്ച.”.
“ഓ.. ഞാൻ മെഡിസിൻ ഫൈനൽ ഇയർ നു പഠിക്കുന്നു.”.. താഴ്ന്ന ശബ്ദത്തിലായിരുന്നു നൈറയുടെ മറുപടി.
കൂടുതലൊന്നും സംസാരിക്കാൻ താല്പര്യം കാണിക്കാത്ത അവളെ നോക്കി പെട്ടെന്ന് ആദിൽ ചോദിച്ച ചോദ്യത്തിൽ അവളൊന്ന് ഞെട്ടി.
“നൈറാ .. നിന്റെ കണ്ണുകളിൽ വിരിഞ്ഞു നിൽക്കുന്ന ഈ സ്വപ്നങ്ങളെ ഞാൻ വിലയ്ക്കെടുത്തോട്ടെ??”
ആദ്യകാഴ്ച്ചയിൽ തന്നെ അവൾ അയാളെ അത്രമാത്രം പ്രണയാർദ്രനാക്കിയിരുന്നു. പ്രണയത്തിന്റെ നിഗൂഢതകളിൽ പലപ്പോഴും ഉത്തരമില്ലാതെ നാം വീർപ്പുമുട്ടേണ്ടി വരുമെന്ന് ആദ്യമായി അയാൾ അറിഞ്ഞത് പോലെ…
അല്പനേരത്തെ മൗനത്തിനുശേഷം ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു.
” എനിക്ക് വിൽക്കാൻ സ്വപ്നങ്ങളില്ല സർ .. നഷ്ടങ്ങൾ മാത്രമേയുള്ളൂ.. നിങ്ങൾ അത് എടുത്തോളൂ വിലപോലും തരേണ്ട.
സമ്മതമാണോ..”??
” നൂറുവട്ടം സമ്മതം “.. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ആദിലിന്റെ മറുപടി.
ഇത്തരം സംഭാഷണങ്ങളിലൂടെ പരസ്പരം മനസ്സിലാക്കിയപ്പോൾ വളർന്നുവന്ന സൗഹൃദം ഒരാഴ്ചയ്ക്കുള്ളിൽ ഹൃദയബന്ധമായി മാറിയിരുന്നു.അത്കൊണ്ടുതന്നെ വിടപറച്ചിലുളവാക്കിയ ഹൃദയനോവിന്റെ നീറ്റൽ രണ്ടുപേരിലും എത്രയെന്ന് പറയാനാവില്ലായിരുന്നു.
എയർപോർട്ടിന് വെളിയിൽ ആദിലിന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ നൈറ അയാളോട് ചോദിച്ചു.
” ആദിൽ, എന്റെ നഷ്ടങ്ങൾ വിലയ്ക്ക് വാങ്ങാമെന്ന് പറഞ്ഞത് ഓർമ്മയില്ലേ.. അതെന്താണെന്ന് അറിയേണ്ടേ നിനക്ക്?? “
സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയ അയാളോട് അവൾ ആ കഥ പറഞ്ഞു.
” അച്ഛന്റെ മരണശേഷം ഒരു വർഷം തികയും മുൻപു തന്നെ അമ്മ അച്ഛന്റെ ഓഫീസ് മാനേജറെ വിവാഹം കഴിച്ചതും, രണ്ടാനച്ഛൻ ഒരു ക്രിസ്മസ് തലേന്ന്,അവളുടെ സ്ത്രീത്വം കവർന്നെടുത്തതും, അവളുടെ അമ്മ…” മറ്റാരും അറിയരുതേ മോളേ” എന്ന് പറഞ്ഞ് സ്വന്തം ഭർത്താവിന് വേണ്ടി അവളോട് കെഞ്ചിയതും… എല്ലാം..എല്ലാം..ഒറ്റ ശ്വാസത്തിൽ, അവളുടെ നഷ്ടങ്ങളെ അവനിലേക്ക് അവൾ പകുത്തു നൽകുകയായിരുന്നു.
സ്വന്തം മകളുടെ സ്ത്രീത്വം കശക്കി എറിയപ്പെട്ടതിലും വലുതായി ഭർത്താവ് എന്ന കശ്മലന്റെ അഭിമാനത്തിന് വിലകൽപ്പിച്ച ആ സ്ത്രീ.. ” “അമ്മ”.. എന്ന സംബോധനയ്ക്ക് പോലും അർഹയല്ലെന്നു പറയുമ്പോൾ തേങ്ങലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു നൈറ.
” ഇനിയും എന്റെ നഷ്ടങ്ങൾ നീ വിലയ്ക്കെടുക്കുമോ?? “.. എന്ന് നെഞ്ചിൽ മുഖം ചേർത്ത് ചോദിച്ച അവളെ, നെഞ്ചോട് ചേർത്ത് ഗാഢമായി പുണർന്നുകൊണ്ട് അയാൾ പറഞ്ഞു.
” നൈറാ.. മോളെ.. നീ കരയരുത്. നമുക്ക് നഷ്ടങ്ങളുടെ വിത്തുപാകി സ്വപ്നങ്ങൾ വിളയിക്കാം.. അതിനായി ബഹറിനിലെ തെരുവോരങ്ങളിൽ ചേക്കേറാം.. നിന്റെ വരവിനു വേണ്ടി കാത്തിരിക്കാൻ ഞാനുണ്ടാവും അവിടെ.നൈറയുടെ മാത്രം ആദിൽ.”
അവൾ അയാളുടെ ഇരു കവിളിലും മാറിമാറി ചുംബിച്ചു. അങ്ങിനെ ആ വിടപറച്ചിൽ ഹൃദയഹാരിയായി മാറി..

By ivayana