രചന : കനകം തുളസി ✍
നാടുകാണാൻ പോരാമോ
കുഞ്ഞിക്കണ്ണിൽ ചേലുള്ളകണ്ണാ
ഉണ്ണിക്കണ്ണാ ചൊല്ലാമോ,
ഉള്ളംതുള്ളും കാഴ്ചകൾ കാണാൻ
എന്നുടെ നാട്ടിൽ പോരാമോ?
രാമായണത്തിലെ
രാമനും സീതയും കാനനവാസത്തിൽ
പാർത്തൊരു നാട്,
രാമക്കൽമേടെന്നുടെ നാട്.
ആ മലമേട്ടിലെ
കല്ലിന്മേലേറിയാൽ
തമിഴകത്തിൻ ചാരുത കാണാം,
മാരുതൻ കൈകളിൽ അമ്മാനമാട്ടുമ്പോൾ
അള്ളിപ്പിടിച്ചങ്ങിരിക്കയും വേണം.
ദൂരേക്കണ്ണുകൾ പായുമ്പോൾ
പച്ചവിരിപ്പിൻ
മാമലക്കെല്ലാം
മുത്തമിടും
നീലവാനപ്രണയം കാണാല്ലോ.
മലയടിവാരേ
വലിയൊരു ശബ്ദം കേട്ടാലോ
മാറ്റൊലിയാലേ മറുപടിയേകും
മാമലമക്കൾ നമ്മൾക്കായ്.
പോകും വഴിയിലെ
കാഴ്ചകളനവധി
കണ്ണാലേയൊപ്പാം
പോന്നോളൂ.
പാട്ടൊക്കെ പാടി
കൂട്ടൊന്നുകൂടാം
പാറിപ്പറക്കും പൂമ്പാറ്റയാകാം.
പൊന്തക്കാടുകൾ കണ്ടെന്നാൽ
കണ്ണുകൾ പൊത്തും കുഞ്ഞുങ്ങൾ.
‘കൊക്ക’കൾ കണ്ടെന്നാലോ
കൊക്കിലെ ജീവൻ പോയതുപോലെ
ഇരുന്നേപോവും.
മഞ്ഞു പുതച്ചൊരു മാമലകണ്ടാൽ
പഞ്ഞിക്കെട്ടുകൾ പോലതുതോന്നും.
കാടും മേടും
കുന്നിൻചരിവും തേയിലത്തോട്ടോം
കാപ്പി, കുരുമുളകേലത്തോട്ടം
കപ്പയും കാച്ചിലുമെന്നുതുടങ്ങി കുപ്പകൾതോറും
കൃഷികൾ ചെയ്യും
കർഷകരുള്ളൊരു നാടാണേ.
മതജാതിപ്പോരുകൾ ഇല്ലിവിടെ.
മനുഷ്യജാതി ഒന്നായ്ച്ചേരും
മലയോരത്താണെന്നുടെ നാട്.
പാലപ്പൂവിൻ മണമോലും
കാനനച്ചോലകളുണ്ടിവിടെ
പാലരുവിപ്പുഴ ചാലിട്ടൊഴുകും
കുന്നിൻ ചരിവുകളുണ്ടല്ലോ.
പാറക്കൂട്ടമിരിപ്പതു കണ്ടാൽ
വലിയൊരു കരിയങ്ങു നിൽപ്പതു പോലെ.
കാനനപ്പാതയിൽ
കലപിലകൂട്ടും
കുഞ്ഞിച്ചീവീട്
വലിയൊരു നാദം
മുഴക്കുമ്പോഴയ്യോ
ഉള്ളമിടിക്കും പടപടമേളത്തിൽ.
‘ ഇട്ടാ’ വട്ട പാതകളേറി
കിഴക്കാംതൂക്കാം കുന്നുകൾകണ്ട്,
ഡാമുകളനവധി
ഉള്ളൊരു നാട്ടിൽ,
നമ്മൾക്കെല്ലാം
വൈദ്യുതിയേകും
ഇടുക്കിയെന്നോര്
ആർച്ചുഡാമും.
മലകൾ തമ്മിൽ കൂട്ടിയിണക്കി
കരവിരുതിൻകല്പനയാൽ തീർത്തൊരു ഡാമിനെ
കണ്ണാലെയൊപ്പാൻ
എന്തൊരു ചേലാണയ്യയ്യാ ..
ഉണ്ണിക്കണ്ണാ പോരുന്നോ
ഉള്ളം നിറയും കാഴ്ചകളനവധിയിനിയും
കാട്ടീടാം നീ വന്നെന്നാൽ.