ജീവിതവഴിയിലൊരു ചുമട് താങ്ങി പോൽ നില്പു- ഞാൻ,

മണൽ ചൂടിലും തളരാതെ കരുതലിൻ
തണലായി, നിന്റെ നിശ്വാസങ്ങളിൽ ഉതിരുന്ന
നിരാശകൾക്ക് നിറമേകുവാനുരുകുന്നു ഞാൻ.

വിടരാതെ കൊഴിയുമെൻ സ്വപ്നങ്ങളെങ്കിലും
മധുവായ് നിറയുന്നു ഞാൻ നിന്റെ സ്വപ്നങ്ങളിൽ
കടലേഴുംകടന്നെങ്കിലും അഴലിന്റെ തിരയിന്നും
തീരങ്ങൾ കാണാതെ അലയുന്നു ചുഴികളായി !

മരുക്കപ്പലെന്തെന്നു പഠിച്ചൊരു നാളിലോർത്തില്ല
ഞാൻ മരുപ്പച്ചതേടി മരുഭൂമിയിൽ അലയുമെന്ന്
വിത്തിനായൊന്നും കരുതിവെയ്ക്കാതെ

എൻ പത്തായമിന്ന് ഉറുമ്പിന്നുപോലുംവേണ്ടാതെയായി

മലബാറി, ഹിന്ദി, പ്രവാസി, എനിക്കെത്ര വിളിപ്പേര്
എങ്കിലും എന്നിലെ എന്നെ ആരുമേ തിരഞ്ഞതില്ല
സൗധങ്ങളല്ല പണിയുന്നതെൻ സ്മാരക മന്ദിരമെ
ന്നോർക്കാതെ തള്ളിപ്പറയുവാൻ നീ നിന്നിടല്ലേ !

ഒന്ന് ജീർണ്ണിച്ചു മറ്റൊന്നിന് വളമാകുമെന്ന് മൊഴി
അന്വർത്ഥമാക്കുവാൻ എൻ ജീവിതം സാക്ഷി !
ചാരത്തു നില്ക്കുവാനേറെ മോഹമുണ്ടെങ്കിലും
ദൂരത്തു നില്കുവാൻ ആരോ വിധിയ്ക്കുന്നു !

താലിച്ചരട് നെഞ്ചോട് ചേർത്തവൾ തേങ്ങുന്ന –
നൊമ്പരം മിഴിനീർ പൊഴിയ്ക്കാതെ ഏറ്റിടുന്നു !
വിരഹത്തിൻ തൂവാലകൊണ്ടെന്റെ ഹൃദയത്തിൻ
മുറിവുകൾ മറ്റാരും കാണാതെ മൂടി വെയ്ക്കാം

എൻ നിണമൂറ്റി പണമാക്കി, പിണമായി മാറുന്ന
ചിത്രമല്ല, നാടിന്റെ സ്പന്ദനം നെഞ്ചിലേറ്റും, പല
ഭാഷയെങ്കിലും ഒരുമയോടെ ഉണ്ടുറങ്ങും പാവം
പ്രവാസിയെ വർണ്ണങ്ങൾ ചാർത്തിവരച്ചെടുക്കാം

By ivayana