ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഫേസ്‌ബുക്കിലോ വാട്സാപ്പിലോ മെസേജ് അയക്കുമ്പോൾ താഴെപ്പറയുന്ന സാധ്യതകളുടെ വാതായനമാണ് തുറക്കുന്നത്.

  1. കല്ല്യാണമെസേജുകൾ: ഇത് അയക്കുന്നവർക്ക് അവരുടെ കല്യാണത്തിൽ നിങ്ങൾ കൂടണമെന്ന ഒരാഗ്രഹവുമില്ല, ഒരു പരിധി വരെ, നിങ്ങൾ വന്നില്ലേൽ അത്രേം ഭക്ഷണം ലാഭമെന്ന് കരുതുന്നവരുമാകും. എന്നിട്ടും അയക്കാൻ കാരണം എന്നെങ്കിലും എപ്പോഴെങ്കിലും “കല്യാണം ആയിട്ട് ഒരു വാക്ക് പറഞ്ഞില്ലല്ലോ” എന്ന് നിങ്ങൾ പരാതി പറയാതിരിക്കാനുള്ള മുൻ‌കൂർജാമ്യമെന്ന കാഞ്ഞ ബുദ്ധിയാണ്. ആ ബുദ്ധിയിൽ നിങ്ങൾക്ക് വീഴുകയോ വീഴാതിരിക്കുകയോ ചെയ്യാം.
  2. ലൈക്കുഭിക്ഷാടനമെസേജുകൾ: ഇൻസ്റ്റഗ്രാമിലോ മറ്റോ അവരുടെയോ അവരുടെ വേണ്ടപ്പെട്ടവരുടെയോ കുട്ടികളുടെയോ ഒക്കെ ഫോട്ടോ അപ്ലോഡ് ചെയ്ത്, “നിങ്ങളുടെ ഒരു ലൈക് ഉണ്ടേൽ ഞങ്ങൾക്ക് ഒന്നാംസമ്മാനം കിട്ടും” എന്ന പിച്ചതെണ്ടൽ ആണ്. അന്നേവരെ ഒരു പരിചയമില്ലാത്ത ജീവികളും ഇപ്രകാരം ഇൻബോക്സിൽ ഭിക്ഷാടനം നടത്താറുണ്ട്. യുക്തം പോലെ നിങ്ങൾക്ക് ലൈക്കുദാനം അനുഷ്ഠിക്കുകയോ കണ്ടഭാവം നടിക്കാതിരിക്കുകയോ ചെയ്യാം.
  3. അപരവ്യക്തിമെസേജുകൾ: അത്യാവശ്യം നാട്ടുകാരൊക്കെ കേറിയിറങ്ങുന്ന ഏതെങ്കിലും ഒരു ഫേസ്‌ബുക്ക് പ്രൊഫൈലിന്റെ വ്യാജനെ ഉണ്ടാക്കി, ഫ്രണ്ട് റിക്വസ്റ്റ് അയച്ച് കാശ് കടം ചോദിക്കുന്ന അന്താരാഷ്ട്രപിച്ചക്കാരാണ് ഈ വിഭാഗം. ഒറിജിനൽ വ്യാജനെ തിരിച്ചറിയുമ്പോഴേക്കും വ്യാജൻ കാശ് കുറെയുണ്ടാക്കിക്കാണും. ഇതിൽ വീണ് പരിക്കുപറ്റുന്നതും പറ്റാതിരിക്കുന്നതും നിങ്ങളുടെ ബുദ്ധിപോലിരിക്കും.
  4. കൊഞ്ചിവിളിമെസേജുകൾ: യാതൊരു പരിചയമോ മ്യൂച്ചൽകുഞ്ഞുങ്ങളോ ഒന്നും ഇല്ലാതെ, മദാലസമനോഹരികൾ വിരാജിക്കുന്ന പ്രൊഫൈൽ ഫോട്ടോയോടെ വരുന്ന ഫ്രണ്ട് റിക്വസ്റ്റും മെസേജുമാണ് ഈ വകയിൽ ഉള്ളത്. മെസേജ് തുറന്ന് അവരുടെ വീഡിയോ കോളിൽ ഞെക്കിയാൽ നിങ്ങളുടെയും സുന്ദരിയായ അവളുടെയും സോളാർമിഷൻ നിങ്ങളുടെ സൗഹൃദങ്ങളിൽ വെളിച്ചം വീശുകയും നിങ്ങളുടെ വെളിച്ചം കെട്ടുപോവുകയും ചെയ്യും. ചുരുക്കത്തിൽ, സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.
    5.ഗുണ്ടപ്പണിമെസേജുകൾ: ഏതെങ്കിലും സാമൂഹികവിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നിങ്ങൾ വല്ല പോസ്റ്റും പ്രസിദ്ധംചെയ്താൽ അതിനെതിരെ ഇൻബോക്സിൽവന്ന് തെറിവിളിയും പൂരപ്പാട്ടും ഭീഷണിയും സംഭാവന ചെയ്യുന്ന ഞാഞ്ഞൂലുകളാണ് ഈ വിഭാഗം. ഇവർ പൊതുവെ ഏതെങ്കിലും “പ്രമുഖ”രാഷ്ട്രീയകക്ഷിയുടെ ബോധമില്ലാത്ത അണിയാകാനാണ് അധികസാധ്യത. അവരുടെ പ്രസ്ഥാനത്തെ വിമർശിച്ചാൽ ഉടൻ ഇളകിയെത്തും. ഇത്തരക്കാരുടെ മെസേജുകൾക്ക് മറുപടിയായി “വറുത്തരച്ച സാമ്പാർ വെക്കുന്ന വിധം, പച്ചടിയിൽ കടുക് വറുക്കുമോ?, ബീഫിടാത്ത ഉള്ളിക്കറിയിൽ തേങ്ങാപ്പാൽ ചേർക്കാമോ?” എന്നിങ്ങനെയുള്ളവിജ്ഞാനപ്രദമായ കുറിപ്പുകൾ മറുപടിയായി നിങ്ങൾക്ക് നൽകാം. അവസാനം തോറ്റ് വളഞ്ഞ് അവർതന്നെ നിങ്ങളെ ബ്ലോക്കിപൊയ്‌ക്കോളും. അതല്ലാതെ അവർ പറയുന്നതിനനുസരിച്ച് മറുപടി പറയാൻ നിന്നാൽ നിങ്ങളും നാറും.
  5. അമ്മായിമെസേജുകൾ: നിരുപദ്രവകാരികളായ മനോഹരമെസേജുകളാണിവ. പ്രത്യേകിച്ച് യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ “എന്തൊക്കെയുണ്ട് വിശേഷം, സുഖമാണോ, എന്തുചെയ്യുന്നു ഇപ്പോൾ” മാതിരി മെസേജുകളിലൂടെ പൊതുവെ അവർ അറിയാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇപ്പോൾ രക്ഷപ്പെട്ടോ? അതോ ഇപ്പോഴും കഞ്ഞിയും പയറുംതന്നെയാണോ എന്നറിയലാണ്. നിങ്ങൾ രക്ഷപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ അവരുടെ പൊടിപോലും ഇൻബോക്സിൽ കാണാൻ സാധ്യതയില്ല. രക്ഷപ്പെട്ടിട്ടില്ലെങ്കിൽ ഇടയ്ക്കിടെ അവർ പിന്നെയും ഇൻബോക്സിൽ പ്രത്യക്ഷപ്പെടും. (അപൂർവ്വം ചിലർ ഇതിന് നേരെ തിരിച്ചുമാണ്). മൊത്തത്തിൽ നിങ്ങൾ നന്നായിക്കാണാൻ ആഗ്രഹമില്ലാത്ത, എന്നാൽ അഥവാ നന്നായിപ്പോയാൽ അതിൽ വലിയ പരിഭവം ഒന്നുമില്ലാത്ത പാവത്തുങ്ങളാണ് ഇവർ.
  6. പരബ്രഹ്മമെസേജുകൾ: ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക എന്ന ഈശ്വരതത്വത്തിൽ വിശ്വസിക്കുന്നവരാണിവർ. നിങ്ങൾ മറുപടി ഇട്ടാലും ഇട്ടില്ലെങ്കിലും കാലത്ത് ഗുഡ്മോർണിംഗ്, രാത്രി ഗുഡ്നൈറ്റ്, ഓണത്തിന് ചിങ്ങപ്പുലരിയുടെ ഒളി ചിന്തുന്ന ഓണം, വിഷുവിന് കൊന്നപ്പൂനിറമുള്ള വിഷു, ഈദിന് അത്തർമണമുള്ള ഈദ്, ക്രിസ്മസിന് കരോൾഗീതം എന്നിങ്ങനെ അവർ നിങ്ങൾക്ക് അയച്ചുതരും. മറുപടി ഒന്നും ഇടണമെന്നില്ല.
    “കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
    മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സംഗോസ്ത്വകര്‍മണി” – അതാണ് അവരുടെ ജീവിതമാർഗം.
  7. പരാദമെസേജുകൾ: കേശവൻമാമൻ മെസേജുകൾ എന്ന് വിളിക്കുന്നതും ഇവരെയാണ്. സകലവിവരക്കേടുകളും മുൻപിൻനോക്കാതെ ഷെയർ ചെയ്യുന്ന അന്ധവിശ്വസികളും വിവരദോഷികളുമായ അജ്ഞാനികളാകും ഇക്കൂട്ടർ. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ചുമ്മാ അവഗണിക്കുന്നതാകും നിങ്ങൾക്ക് ഉചിതം. തെറ്റായ വാർത്തയും വിവരങ്ങളൂം സമൂഹത്തിൽ പരത്തുന്ന ഒരുതരം വൈറസ് ജീവികളാണ് ഇവർ.
  8. പരോപകാരിമെസേജുകൾ : സ്ത്രീജനങ്ങളുടെ മാത്രം ഇൻബോക്സിൽ പോയി അവരുടെ ജൈവികവും സാമൂഹികവും കുടുംബപരവുമായ ജീവിതാവസ്ഥകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവർക്കായി ഏതറ്റംവരെ പോകാൻ സാദാ സജ്ജരായിരിക്കുകയും ചെയ്യുന്ന ഞരമ്പുകളാണ് ഇക്കൂട്ടർ. മഹിളകൾ ഇൻബോക്സിൽ അടുപ്പിക്കാതിരുന്നാൽ അവർക്ക് നല്ലത്.
  9. പതിവുമെസേജുകൾ: ഇവരെക്കുറിച്ച് ഒന്നും പ്രത്യേകം പറയാനില്ല. ഇടയ്ക്കിടെയോ സ്ഥിരമായോ നിങ്ങളോട് ഇൻബോക്സിൽ സംസാരിക്കുന്ന സുഹൃത്തുക്കളാകും ഈ വിഭാഗത്തിൽ ഉള്ളത്.

By ivayana