രചന : മാധവി ഭാസ്കരൻ ചാത്തനാത്ത്.✍
ഉണ്ടയെന്നോമനപ്പേരുള്ളോരപ്പത്തിൻ
മാധുര്യ സ്വാദുണ്ടെൻ മാനസത്തിൽ
അമ്പിളിക്കലപോലെ ചന്തത്തിലുള്ളതാം
നാരങ്ങമിഠായിയേറെയിഷ്ടം!
കുട്ടിക്കളിമാറാപ്രായത്തിലെന്നുടെ
കുട്ടിക്കുറുമ്പുകൾ കണ്ടുനില്ക്കും
എൻകണ്ണിലുണ്ണിയാം എന്നാദ്യസോദരൻ
നല്കുമാ ‘വാത്സല്യലാളനവും
ഇന്നുമോർക്കുമ്പൊഴെൻ മാനസം തേങ്ങുന്നു
നേത്രങ്ങൾ അശ്രുസരോവരങ്ങൾ!
കാലങ്ങളെത്രയോ ‘മാറ്റങ്ങൾ തീർക്കിലും
ഓർമ്മകൾക്കിന്നും മിഴിവേറവേ!
സംഭവപ്പൂവുകൾ വരികളായ് വിരിയുന്നു
.പൂവുകൾ കൊഴിയാതെ നിന്നിടുന്നു.
നന്നായ് പഠിക്കുന്ന സോദരീ പുത്രിയ്ക്കു
മാതുലൻ സന്തോഷപൂർവ്വമായി
നല്കിയ പുസ്തകസഞ്ചിയിൽ റോസാപ്പൂ
നന്നായി തുന്നിപ്പിടിപ്പിച്ചതും
പിച്ചിപ്പറിച്ചെടുത്തെൻ്റെ കണ്ണിൽ നോക്കി
കൊഞ്ഞനം കുത്തിയെൻ കുഞ്ഞാങ്ങള!’
വല്ലാത്ത സങ്കടമോടെ ഞാൻ ചെന്നൊരു
നുള്ളു കൊടുത്തതുമോർത്തിടുന്നു.’ |
മാത്സര്യബുദ്ധിയോടെന്നെ പിൻതള്ളുവാൻ
സോദരൻ തിക്കിത്തിരക്കുന്നതും
ഉണ്ടെൻ്റെ ചിന്തയിൽ അഗ്നിഗോളങ്ങളായ്
ദുഃഖക്കനലായെരിഞ്ഞിടുന്നു
റാന്തൽവിളക്കിൻ്റെ ഇത്തിരിവെട്ടത്തിൽ
ആദ്യാക്ഷരങ്ങൾ പഠിച്ചതോർപ്പൂ
വിദ്യാലയത്തിൽ പഠിക്കുന്ന കാലത്തു
കഷ്ടപ്പെട്ടെന്നെ പഠിപ്പിച്ചതാം
നല്ല ഗുരുജനമോരോരുത്തർക്കും ഞാൻ
ഇന്നും നമസ്കാരമോതീടുന്നു.