രചന : സിജി ഷാഹുൽ ✍
യാത്രയാവുന്നു ഞാൻ യൗവ്വനംവിട്ടെന്നോ
വാർദ്ധക്യലോകത്തിലാരും വിളിക്കാതേ
വൈധവ്യമുണ്ടെൻ്റെ കൂടേ പിറന്നോരു
“വാചക”ശാലയാണൊട്ടൊരുകൗതുകം
എന്നേ വിട്ടെന്തോ പോകാൻ മടിക്കുന്നോ-
രാരാമ ചിത്രപതംഗം താൻ കാവ്യമേ
ഒട്ടൊരു സൗശീല്യമുണ്ടെൻ്റെയുറ്റവരിട്ടു
തരും കാവ്യ മാധുര്യമത്രമേൽ
പുഷ്പവനമാണതെങ്കിലൊരുചെറു
പൂച്ചെടി ഞാനും നടാറുണ്ടതിൻ കൂടെ
കഷ്ടമാണൊറ്റക്കിളിയുടെ പുഞ്ചിരി
എങ്കിലുമാസ്വദിക്കുന്നുണ്ടീ പുലരികൾ
മൗനമായാരവം തീർക്കും ഹൃദയത്തിൽ
കൗതുകമാകുന്നു മൗനസാമ്രാജ്യങ്ങൾ
ഉത്തരപൂർവ്വങ്ങളെന്നും പുതുമയായ്
പച്ചപുതച്ചോരു കൈരളിയും തഥാ
മേലുകീഴില്ലാത്ത കാലചക്രത്തിൻ്റെ
കുട്ടിക്കുസൃതികളിഷ്ടമാണെങ്കിലും
ചുമ്മാ ഭയപ്പെട്ടു പോകും പ്രളയവും
തോരാത്തമാരിയും.പൊള്ളുന്ന വേനലും.
എന്നാലുമെത്രമേലിഷ്ടമാണിന്നെനിക്കെത്തീയെൻ
വെള്ളിഴ ചൂടിയ വാർദ്ധക്യം
പൂത്തെൻ തലയിലും പാതിരാ പൂവുകൾ
ഉണ്മയും വെണ്മയുമാളുന്ന നാരുകൾ
എന്നേക്കുറിച്ചു പറഞ്ഞു ഞാനൊത്തിരി
നാട്ടിൽ കലാപം തുടരുക ദൈവമേ
എന്നാലും പുഞ്ചിരി മായുന്നതില്ലെൻ്റെ
വാർദ്ധക്യയാത്രകളോർത്തതാവാംമനം
കണ്ടു ഞാനാവോളമത്ഭുത ലോകങ്ങൾ
ഓരോരോ ജന്മവും ഓരോ ഗ്രഹംതരം
കണ്ണിലൊരു കടൽ കാണാമോ കൂട്ടരേ
സൂക്ഷിച്ചു നോക്കൂ ക്ഷണം നാം പരസ്പരം
ഹൃത്തിലൊരു കടൽ പായുന്നു
ബാല്യത്തിലേക്കെത്തി നോക്കുന്നു
കാലമേഇത്തിരി നേരം തരുമോ
ആ ഉദ്യാനപച്ചപ്പരപ്പിലിരിക്കാൻ ഒരു പകൽ
യാത്രയാവുന്നു ഞാൻ കൗതുകത്തോടെൻ്റെ
വാർദ്ധക്യ ലോകത്തിലേക്കിന്നു കൂട്ടരേ