ദൂരെ ദൂരേക്ക്
മാറി നിന്നു നോക്കണം
ജീവിതത്തിനൊക്കെയൊടുക്കത്തെ
ശാന്തതയായിരിക്കുമന്നേരം.
ഘോരവന ഭീകരാന്ധകാരമില്ല
അതിനുള്ളിൽ തിളങ്ങും കരിമ്പുലിക്കണ്ണില്ല,
നൊട്ടിനുണയുന്ന നാവില്ലതിൽ –
നിന്നിറ്റു വീഴും കൊതിവെള്ളമില്ല.
പിന്നിലമരും മൃദുവ്യാഘ്രപാദങ്ങളില്ല
ഇല്ലിക്കമ്പൊടിയുന്നൊരൊച്ച ഒട്ടുമില്ല.
തോളിൽ തൊടും തുമ്പി തൻ തണുപ്പില്ല
തൊട്ടു തരിപ്പിച്ച് വെട്ടി മറയുന്ന
പുന്നാഗവേഗങ്ങളെങ്ങുമില്ല.
മുന്നിൽ കിതച്ചു നിന്നിടനെഞ്ചുന്നം
വെയ്ക്കും കാട്ടി തൻ കിതപ്പില്ല –
ടിവയർ പിളർക്കും കിരാതമാം
വരാഹ തിമിരമില്ല.
ഇടം വലം തിരിഞ്ഞു മറിഞ്ഞു
ചാടും മർക്കട മാനസമില്ല –
തിന്നു വീഴാൻ ,പണിക്കുറ്റം
തീർത്തൊരുക്കി വയ്ക്കും
വാരിക്കുഴികളും തീരെയില്ല.
എരിയും വെയിലില്ലലതിൽ
പൊരിയും മലരില്ല, മാകന്ദ ഭംഗിയില്ല
മഴ കാത്തു കേഴും തേങ്ങലില്ല
ചകോരവിരഹവുമെങ്ങും മുഴങ്ങുന്നില്ല.
എട്ടുദിക്കും തൊട്ടുവരുമൊരു
പാട്ടു മൂളാനൊരു കാട്ടു കുയിലില്ല –
തിന്നു താളം പിടിക്കാനൊരിളം കാറ്റുമില്ല.
കാട്ടുതീയില്ലുരുൾപൊട്ടലില്ല.
കുത്തിയൊഴുകാൻ പുഴകളില്ല
കുന്നിൻമുകളിലെത്താൻ പാങ്ങില്ല
കൊല്ലിയിറക്കത്തിനാകാശമില്ല.
തെറ്റാൻ വഴിയില്ല;
കണ്ണുപൊത്തും
കോടമഞ്ഞില്ലതിൽ
ചുറ്റിത്തിരിഞ്ഞു ചെന്നെത്താൻ
രാക്ഷസക്കോട്ടയില്ല.
രക്ഷയ്ക്കു പ്രാണൻ
പണയം വെയ്ക്കാനൊരുങ്ങിയെത്തും
പ്രണയമില്ല.
സൂര്യൻ മറയുന്നതിന്നിപ്പുറം
അന്തിത്തിരിയുമായ് വന്നു
ചിരിക്കും നിറനിലാച്ചിരിയില്ലതിൽ
തെളിയുമാസുന്ദര യക്ഷിയും പോരിനില്ല.
മറഞ്ഞു നിന്നഞ്ചമ്പിനാൽ നെഞ്ചെയ്ത് വീഴ്ത്താൻ മാരനില്ലവന്ന്
കുലയ്ക്കാൻ വില്ലില്ലൊടുക്കം
മായും നിലാവായ് ചിരിച്ചു
മറയും ഗന്ധർവ്വനാവാനുമാരുമില്ല..
ദൂരേക്ക് ദൂരേക്ക് മാറി നിന്നു നോക്കണം
മനസ്സിന്നൊക്കെയൊടുക്കത്തെ
ഭംഗിയായിരിക്കുമന്നേരം!

കല ഭാസ്‌കർ

By ivayana