രചന : ഡാർവിൻ പിറവം✍
“അന്യൻ്റെ മുതൽ ആഗ്രഹിക്കരുത്, കള്ളം പറയരുത്, നിന്നെപ്പോലെതന്നെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക.”
കുരിശുപള്ളിയിലെ ഞായറാഴ്ച്ചക്കുർബ്ബാനയിൽ, പള്ളീലച്ചൻ്റെ സുവിശേഷം!
കുർബ്ബാനകഴിഞ്ഞപ്പോൾ പള്ളിയുടെ തെക്കുഭാഗംചേർന്ന് കാക്കകൾ കൂട്ടത്തോടെ കരയുന്നു. ബീഡിക്ക് തീകൊളുത്തി, ആത്മാവിന് പുകകൊടുത്തപ്പോളാണ് പത്രോസ് ഓർത്തത്, പുത്തൻപുരയ്ക്കലെ തോമസിൻ്റെ റബ്ബർത്തോട്ടത്തിലെ കുറുക്കൻ്റെ പോത്തുവെട്ട്…
ആ റബ്ബർമരത്തിൻ്റെ മുകളിലാണല്ലോ കാക്കകളുടെ സംസ്ഥാനസമ്മേളനം. പത്രോസ് മറന്നത് കാക്കകൾ ഓർമ്മിപ്പിച്ചു, ദൈവത്തിന് സ്തോത്രം.
സന്തോഷസൂചകമായ് കാക്കകൾക്ക് ചുണ്ടിൽവിരിഞ്ഞ പുഞ്ചിരിനൽകി, വലിച്ചുതീർന്ന ബീഡിക്കുറ്റി ഉരഞ്ഞുതീരാറായ റബ്ബർച്ചെരുപ്പുകൊണ്ട് ചവിട്ടിക്കെടുത്തി പത്രോസ്, ഉടുത്തിരുന്ന മുണ്ട് മടക്കിക്കുത്തി, തോമസിൻ്റെ റബ്ബർത്തോട്ടത്തിലെ അതിരുകെട്ടിത്തിരിച്ച മാടു ചാടി പോത്തുവെട്ടുന്ന കുറുക്കൻചാക്കോയുടെ ഓലക്കടയിലെത്തി.
പള്ളിയിലെ, ഭക്തരെക്കാളേറെ ജനം ഇറച്ചിക്കടയിൽ തടിച്ചുകൂടിയിട്ടുണ്ട്. അച്ചനെ കാണുന്നതിനെക്കാൾ സ്നേഹത്തോടെയും ഭവ്യതയോടെയുമാണ് മഹാജനം കുറുക്കൻചാക്കോയെ കാണുന്നത്. അച്ചനോട് സംസാരിച്ചാൽ ഉപദേശവും കുറുക്കനോടാണെങ്കിൽ, തേക്കിൻ്റെയിലയിൽ പോത്തിറച്ചിക്കൊപ്പം ലേശം കരളും എല്ലിൻകഷണവും കൂടാതെ, പട്ടിക്കിത്തിരി പശളയുമുണ്ടാകും. സ്വാഭാവികമായും സ്നേഹത്തിൻ്റെ ത്രാസ്സിൽ അച്ചനെക്കാൾ, കുറക്കന് കനംകൂടും! അതുകൊണ്ടുതന്നെ, ആ നാട്ടിലെ ആദ്യത്തെ സുവിശേഷസാക്ഷാത്കാരം കുറുക്കൻ, പോത്തുവെട്ടുന്നിടത്താണ് കാണുവാനും അനുഭവിക്കുവാനും സാധിക്കുക.
“പരസ്പരസ്നേഹത്തിൻ്റെ അൾത്താരയാണ്, കുറുക്കൻ്റെ പോത്തുവെട്ടുകേന്ദ്രം.”
റബ്ബർപ്പാൽ ഇറ്റുവീഴുന്ന, മരത്തിൻ്റെ മറവിലൂടെ രണ്ടു കണ്ണുകൾ, മെല്ലേ ഉയർന്നു. ഇറച്ചിക്കുവേണ്ടി കടിപിടികൂടുന്ന ജനം അതൊന്നും ശ്രദ്ധിച്ചില്ല. ഞായറാഴ്ചകളിലെ കുറുക്കൻ്റെ കടയിലെ നിത്യക്കാഴ്ച്ചയാണത്. അക്കാരണത്താൽ, അത് ശ്രദ്ധിച്ച ചിലരുടെ ചുണ്ടുകളിൽ ആ കണ്ണുകളെ ആട്ടിയോടിക്കാൻ ഭള്ളുവാക്കുകൾ ഉയർന്നു…
“വായിനോക്കിനിക്കാതെ, വീട്ടിപ്പോടാ ചെറുക്കാ. ഈ നാറി, ഇവിടെനിന്ന് വെള്ളമൊലിപ്പിച്ചാൽ, കറിവച്ച് പിള്ളേർക്ക് കൊടുത്താൽ ദഹനക്കേടുണ്ടാകും. എന്നുമുണ്ടാകും റബ്ബർച്ചോട്ടിൽ ഈ അപശകുനം!”
കൂടിനിന്നവരിൽ, ഒരുവൻ്റെ ഭള്ളുവാക്കുകേട്ട് മറ്റൊരുവൻ തറയിൽകിടന്ന ചീളൻകല്ല് അപശകുനത്തിനുനേരേ തൊടുത്തു. ഉന്നംപിഴച്ചില്ല, കൃത്യം തിരുനെറ്റിയിൽ. അമ്മേ എന്ന അലർച്ചയാൽ, റബ്ബർപ്പാൽ ഇറ്റുവീഴുന്ന മരത്തിനുമറവിൽ, കണ്ണിരിറ്റുന്ന കണ്ണുകൾ പൊടുന്നനേ അപ്രത്യക്ഷമായി. കുട്ടിയുടെ നെറ്റിയിലെ ചുടുരക്തവും കണ്ണുനീർത്തുള്ളികളും ആ മരച്ചുവട്ടിൽ റബ്ബർപ്പാലിനൊപ്പം ഇറ്റിറ്റുവീണു ഇറച്ചിക്കായ് കൂടിനിന്നവർക്ക് ശല്യമൊഴിവായതിൽ നിറഞ്ഞസന്തോഷമായ്. അവരിൽ ഒരുവൻ,
“തെക്കേതിലെ ഭവാനിയുടെ ചെക്കനാണ്. കെട്ടിയോൻ ചത്തപ്പോൾ ഭവാനിയുടെ കാലംതെളിഞ്ഞു. ആയകാലം ഭവാനി നല്ല ഓട്ടമോടിയതാണ്. എന്നാൽ രോഗംപിടിച്ച് ചത്തു. എല്ലാം കാണുന്നവനല്ലേ ദൈവം അതിൻ്റെ ശിക്ഷയാണിത്.”
കേട്ടുനിന്ന, പലരും ഒരേസ്വരത്തിലത് ശരിവച്ചു. സമൂഹത്തിലെ പലരുടെയും ശരികളാണല്ലോ എല്ലാവരുടെയും ശരി.!
ശരി കണ്ടെത്തുന്നതിനായ് ചില പാഴ്ജന്മങ്ങൾ എല്ലാ കവലകളിലുമുണ്ട്.! പണിയെടുക്കാതെ, അതിഥിത്തൊഴിലാളികളും മറ്റുള്ളവരും പണിയുന്നതുനോക്കി നിത്യവും കവലകളിൽ അവർ കുത്തിയിരിപ്പുണ്ടാകും. കൂടാതെ, സ്വന്തം വീടൊഴികെ എന്തിലും ശരികണ്ടെത്തുന്ന ചില സ്ത്രീജന്മങ്ങളും…
കവലച്ചട്ടമ്പിയായ ഭർത്താവ് കുത്തുകൊണ്ടുമരിച്ചപ്പോൾ, കുട്ടിയെ പോറ്റുന്നതിനായ് ഭവാനിക്ക് പണിതേടിയിറങ്ങണ്ടിവന്നു. ഭർത്താവ് കവലച്ചട്ടമ്പിയായതിനാൽ ആരുമവൾക്ക് ജോലിയൊന്നും നൽകിയില്ല. ഒരുനുള്ളുഭൂമിയിലെ ചീരയും വാഴയും ചേമ്പും ചേനയും തേങ്ങയുമൊക്കെ നിത്യവൃത്തിക്ക് തികയുകയില്ലാ.! മകൻ്റെ വിശപ്പിൻ്റെ വിളി സഹിക്കാനാവാതെ പട്ടണത്തിലെ ബ്രോക്കർവഴി, തൻ്റെ കിഡ്നികളിൽ ഒന്നു നൽകി, മകൻ്റെ ആഹാരത്തിനും പഠിത്തത്തിനും മുട്ടുവരുത്തിയില്ല ഭവാനി. എന്നാൽ, ബ്രോക്കർ പറ്റിച്ചതിനു ശേഷം ലഭിച്ച, ഏതാനും തുക ഒന്നിനും തികഞ്ഞില്ലാ. അതിനിടയിൽ, കിഡ്നി നൽകിയതിനാൽ ഭവാനിക്ക് അണുബാധയുമായ്. നാളുകൾ ആവതില്ലാതെ മരണത്തോട് മല്ലടിച്ച് ഭവാനി മരണപ്പെട്ടു. ഇതാണ് നാട്ടുകാർ പറഞ്ഞ, ഭവാനിയുടെ ആയകാലത്തെ ഓട്ടം!
ഭവാനിയുടെ മരണശേഷം മകൻ സന്തോഷ് മുഴുപ്പട്ടിണിയിലായി. ആ സന്തോഷാണ് മരച്ചുവട്ടിലെ, വിടർന്ന കണ്ണുകൾ.! എന്നാൽ ആ വിടർന്ന കണ്ണുകളിലിപ്പോൾ ഇറ്റുവീഴുന്ന കണ്ണുനീരും നെറ്റിയിൽനിന്ന് ഒലിക്കുന്ന ചുടുരക്തവുമാണ്. ഇറച്ചിയെല്ലാം വെട്ടിക്കൊടുത്ത് എല്ലാവരും പിരിഞ്ഞപ്പോൾ കുറക്കൻചാക്കോ, മരച്ചുവട്ടിൽ ചോരവാർന്ന് തളർന്നിരിക്കുന്ന സന്തോഷിൻ്റെ അരികിലെത്തി. അവൻ്റെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിച്ച്, കുടിക്കാൻ വെള്ളം നൽകി. കുറുക്കൻചാക്കോ, അവനെ എഴുന്നേൽപ്പിച്ച്, ബാക്കിവന്ന കുറച്ച് ഇറച്ചിയും സഞ്ചിയിലാക്കി സന്തോഷിനെയുംകൂട്ടി, കുറുക്കൻ്റെ വീട്ടിലേക്കുപോയി.
കുറക്കൻചാക്കോ, ചോറുണ്ടാക്കി ഇറച്ചിക്കറിയും കുറച്ച് വറുത്തതുമാക്കി അവനോടൊപ്പം സന്തോഷിനെയും കഴിപ്പിച്ചു. ആഹാരം കഴിച്ച് പോകുവാൻ ഭാവിച്ച സന്തോഷിനോട് കുറുക്കൻചാക്കോ പറഞ്ഞു;
“മോനേ, നിനക്കിഷ്ടമാണെങ്കിൽ ഇനിമുതൽ നിൻ്റെ വീട് ഇതാണ്. നിൻ്റെ എല്ലാക്കാര്യങ്ങളും ഞാൻ നോക്കും. നീ, നന്നായി പഠിക്കണം. നിന്നെപ്പോലെതന്നെ അപശകുനമായ്, കളിയാക്കലുകളിലൂടെ വളർന്നവനാണ് ഞാൻ. ഇന്ന് ഞാൻ കുറുക്കനാണ് അര റൗഡിയുമാണ്. അതിനാൽ എല്ലാവർക്കുമെന്നെ ഭയവും ബഹുമാനവും കപടസ്നേഹവുമാണ്. ഒക്കെയും യൂദാസുകളാ, യേശുവിനെപ്പോലും ഒറ്റുന്ന യൂദാസുകൾ. എന്നാൽ നീ, ഈ യൂദാസുകളുടെ ഇടയിലെ യേശുവാകണം!”
ഇതു കേട്ട സന്തോഷ്, ചാക്കോച്ചായനെ കെട്ടിപ്പിടിച്ച് തലകുലുക്കി. കുറക്കൻചാക്കോ തുടർന്നു,
“ഒരിക്കൽ, എൻ്റെ ചെറുപ്പത്തിലെ ഇല്ലായ്മയിൽ ഒരു പൊട്ടാസുതോക്ക്, വെച്ചുപണിക്കാരുടെ കടയിൽ ഉത്സവത്തിന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ എൻ്റെ കൈയിലെ ചില്ലിത്തുട്ട് നീട്ടിയപ്പോൾ, വെച്ചുപണിക്കാരൻ അതെടുത്ത് എൻ്റെ മുഖത്തെറിഞ്ഞു. വർഷങ്ങൾ കടന്നപ്പോൾ ഞാൻ അര റൗഡിയായപ്പോൾ, അതേ വെച്ചുപണിക്കാരൻ്റെ കടയിൽ ആ പൊട്ടാസുതോക്ക് കണ്ട്, ഞാനതെടുത്ത് അതിൻ്റെ വിലചോദിച്ചു. അന്നെൻ്റെ കൈയിൽ കാശുണ്ടായിരുന്നിട്ടും ആ വെച്ചുപണിക്കാരൻ കാശുവാങ്ങാതെ, അതെനിക്കു നൽകി. എന്നാൽ, ആ തോക്ക് ഞാൻ വെച്ചുപണിക്കാരനുനേരേ വലിച്ചെറിഞ്ഞു.”
“ആഗ്രഹമുണ്ടായിരുന്നപ്പോൾ കൈയിലെ ചില്ലിത്തുട്ടിന് ആരുമൊന്നും നൽകിയില്ല, ആഗ്രഹമില്ലാത്തപ്പോൾ കൈയൂക്കിൻ്റെ ബലത്തിൽ എല്ലാവരും എല്ലാം നൽകുന്നു.”
ഇത്രയുംപറഞ്ഞ് വിഷമിക്കുന്ന, കുറുക്കൻചാക്കോയെനോക്കി ആ പയ്യൻ വിളിച്ചു, ചാക്കോച്ചായാ…!
അന്നുവിളിച്ച ആ വിളി, ഇന്നും തുടരുന്നു… എന്നാലിന്ന്, കുറുക്കൻചാക്കോയല്ല, ഇറച്ചിവെട്ടില്ല.! ഭവാനിയുടെ അപശകുനവുമില്ല, നാട്ടുകാരുടെ കല്ലേറുമില്ല.!
നാട്ടുകാർക്കവൻ, നീതിക്കും നന്മയ്ക്കും സമൂഹത്തിനുമായ് ജീവിക്കുന്ന, നാട്ടുകാരുടെ എസ്. ഐ. സന്തോഷ് കുമാറും ചാക്കോച്ചായൻ്റെ ഏകമകനുമാണ്…
. “ശുഭം”