രചന : രാജീവ് ചേമഞ്ചേരി✍
യാത്രയിൽ ജനലഴിയിലൂടെ കണ്ണുകൾ ദൂരേയ്ക്ക്!
യയാതി മടിയിലിരുന്നിട്ടും തുറക്കാൻ മടി!
യഥേഷ്ടം കൺനിറയെ കാഴ്ച്ച മാത്രം….
യാമങ്ങളങ്ങനെ ഇരുട്ടിനെ പ്രണയിച്ചു.
യന്ത്രങ്ങളിപ്പോഴും ചലിച്ചു കൊണ്ടേയിരുന്നു…..
യൗവ്വനം കടന്നെത്രയോകാതമകന്നു യാത്ര……
യുദ്ധസന്നാഹത്തിന്നാവേശമായ് ശബ്ദമിടറി!
യുവരക്തതിളപ്പ് വാർദ്ധക്യമായി മാറീടവേ..
യാചകരൊത്തിരിയലയുന്നുയിരുട്ടിലും…
യന്ത്രങ്ങളിനിയും ശബ്ദകോലഹലം കൂട്ടി!
യയാതിതന്നേടുകളെന്നെ വശീകരിക്കേ –
യൗവ്വനതീഷ്ണമാമൂർജ്ജമേകിയെൻ ഭാഷയിൽ!
യുഗാന്തരത്തിൻ്റെ പരിഛേദമായ് തൂലിക !
യാഗഭൂവിലുയരും അഗ്നിജ്വാലയായ് വരികൾ!
യാത്രയിലെപ്പോഴുമങ്ങിങ്ങലഞ്ഞു മിത്തുകൾ!
യാത്രമൊഴിയേകിയിറങ്ങുമ്പോളൊരു കുഞ്ഞിൻ്റെ ജന്മം!