ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഈ ബുഫേ എന്ന ഏർപ്പാട് തുടങ്ങിയിട്ട് 10- 25 വർഷമേ ആയിട്ടുള്ളൂ. അതിനു തൊട്ടു മുൻപുള്ള കാലത്ത് ” ടീപാർട്ടി ” ആയിരുന്നു . ഒന്നുകിൽ പേപ്പർ പ്ലേറ്റിൽ വട , , ലഡു , ഹൽവ, പഴം ബിസ്ക്കറ്റ് , കേക്ക് എല്ലാം ഒരുക്കിവെക്കുക. അല്ലെങ്കിൽ ഇതെല്ലാം ഒരു കടലാസ് പെട്ടിയിൽ നിറച്ച് മുൻപിൽ വയ്ക്കുക.
അതിനുമുൻപുള്ള കാലത്ത് വാടകയ്ക്ക് എടുത്ത മടക്കുന്ന ഇരുമ്പ് കസേരയിൽ ഇരുത്തി പലക അല്ലെങ്കിൽ ഇരുമ്പു കൊണ്ടുള്ള ഡെസ്കിൽ കടലാസ് വിരിച്ച് ഇലയിട്ട് ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു.
അതിനു മുൻപുള്ള കാലഘട്ടത്തിൽ വീടിനകത്തു തറയിലും മുറ്റത്തും എല്ലാം പായ മടക്കിവിരിച്ച് അതിൽ ചമ്രം പടിഞ്ഞിരുന്ന് ആഹാരം കഴിക്കുന്ന രീതിയായിരുന്നു.
പിന്നീട് ഇതെല്ലാം പോയി. പുതിയ രീതികൾ വന്നു: അതിലൊന്നാണ് ബുഫെ . ഭിക്ഷക്കാരേപ്പോലെ പാത്രം നീട്ടിപ്പിടിച്ച് വരിനിന്ന് ഭക്ഷണം വാങ്ങുക.
വീട്ടിലേയും അയൽവക്കത്തെയും സ്ത്രീകളുടെ സാരികളും വെള്ളമുണ്ടുകളും പിന്നെ വാഴക്കുലയും വാഴക്കുടപ്പനും ഈന്തിൻറെ ഓലയും ചിലപ്പോൾ കുറച്ച് ബലൂണുകളും കൊണ്ട് അലങ്കരിക്കുന്ന വളരെ ചെലവ് കുറഞ്ഞ ലളിതമായ പന്തലായിരുന്നു വീട്ടുമുറ്റത്ത് ഇട്ടിരുന്നത്.
സുറിയാനി ക്രിസ്ത്യാനികൾക്ക് തലേന്ന് വൈകിട്ട് മധുരം വെപ്പ് ഉണ്ട്. അതിനുശേഷം മേൽപ്പറഞ്ഞ രീതിയിലുള്ള സദ്യ .
കല്യാണത്തിന് കേക്ക് മുറിക്കൽ പോലും തുടങ്ങിയിട്ട് ഒരു 40 വർഷത്തിൽ കൂടുതലായിട്ടില്ല. പണ്ട് കല്യാണം ഉറപ്പിക്കൽ മാത്രമേയുള്ളൂ. എൻഗേജ്മെന്റ് എന്നൊരു മാമാങ്കം ഇല്ലായിരുന്നു.
ഇപ്പോൾ വന്നുവന്ന് എൻഗേജ്മെന്റ് എന്ന ചടങ്ങിൽത്തന്നെ കേക്ക് മുറിക്കലും മധുരം പരസ്പരം കൈമാറലും കെട്ടിപ്പിടുത്തവും ഉമ്മയും എല്ലാം നടക്കും. പിന്നെ കല്യാണത്തിന് വേണ്ടി ബാക്കി വയ്ക്കുന്നത് താലികെട്ടും ആദ്യരാത്രിയും മാത്രം . എല്ലാം ഫോട്ടോഗ്രാഫർമാരുടെയും ഈവൻറ് മാനേജ്മെൻറ് കാരുടെയും കളി.
മദ്യത്തിന്റെ ഒഴുക്ക് പിന്നെ പറയേണ്ടതില്ലല്ലോ.
പിന്നെപ്പിന്നെ പ്രീ വെഡിങ് ഷൂട്ട് , മൈലാഞ്ചി , ബ്രൈഡൽ ഷവർ എന്നു തുടങ്ങി കുറെ ആഘോഷങ്ങളായി ‘
ബ്യൂട്ടിപാർലറുകാർക്ക് ചാകരയാണ്.. ഒരു സാരി ഉടുപ്പിക്കാൻപോലും 25000 രൂപ കൊടുക്കാൻ ആർക്കും മടിയില്ല. തയ്യൽക്കാർക്കും അതുപോലെതന്നെ . ഈയിടെ ഒരു ബില്ല് കണ്ടു . ഒരു ബ്ലൗസിന്റെ തയ്യൽക്കൂലി 9000 രൂപ!
വീട്ടുമുറ്റത്ത് പന്തലിട്ട കല്യാണം നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമായി.
അടുത്തകാലത്തായി മുസ്ലിം സമുദായക്കാരും ഹിന്ദുക്കളും എല്ലാം ക്രിസ്ത്യാനികളെ അനുകരിച്ച് കേക്ക് മുറിക്കലും വിളക്ക് കത്തിക്കലും മധുരം കൈമാറലും മണവാട്ടിയുടെയും മണവാളന്റെയും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവും പാശ്ചാത്യസംഗീതവും നൃത്തവും എല്ലാം അരങ്ങേറിത്തുടങ്ങി.

ജോബ് ഗിന്നസ്

By ivayana