അകാരണമായി പുഴയെന്നു വിളിക്കപ്പെട്ട
ഒരു സമുദ്രം
അരക്കെട്ടിൽ നിശബ്ദമായികിടക്കുന്ന
തിരകളെ ഉണർത്താൻ
ചന്ദ്രനെ തപസ്സു ചെയ്യുന്നു
പണ്ട് തച്ചുടച്ച വൻനഗരങ്ങളെ,
പച്ചപ്പാടങ്ങൾ പുതച്ച ഗ്രാമങ്ങളെ ഓർത്ത്
ഒരേസമയം കുളിര് കോരുകയും
പശ്ചാത്തപിയ്ക്കുകയും ചെയ്യുന്നു.
അകാരണമായി പുഴയെന്നു വിളിക്കപ്പെട്ട
ആ സമുദ്രം
പണ്ടൊരിക്കൽ വിഴുങ്ങിയ പായ്ക്കപ്പലിന്റെ
മരച്ചീള് തൊണ്ടയിൽ തറച്ചെന്നപോലെ
നൊമ്പരപ്പെടുന്നു, കണ്ണീർ വാർക്കുന്നു.
‘എന്നെ കൈക്കുമ്പിളിൽ കോരിയൊന്നു
രുചിച്ചു നോക്കൂ, ഇത്രയുമുപ്പ്
ഏത് പുഴയ്ക്കുണ്ട്?’
എന്ന് കണ്ണീര് തുടയ്ക്കാതെ
ആർത്തു കരയുന്നു.
നിത്യവും രാത്രിയിൽ മലർന്നുകിടന്ന്
തന്നെ ഉണർത്താൻ കെൽപ്പില്ലെന്നു
ചന്ദ്രനെ ദുഷിക്കുന്നു
അപ്പോഴെല്ലാം…
നക്ഷത്രങ്ങളെ ഇയർബഡ്ഡുകൾ എന്നപോലെ
ചെവിയിൽ തിരുകിയ ചന്ദ്രൻ
വെളുക്കെ പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു.
ഉറക്കത്തിൽ സമുദ്രം
നിരാശപുതച്ച മനുഷ്യനാവുന്ന
സ്വപ്നം കാണുന്നു.

രാഗേഷ് ചേറ്റുവ

By ivayana