പടവടർന്നു, കൈപ്പിടിയിളകിയ
പഴയ ചരുവമായ് കുളമിരിക്കുന്നു
പകലടുപ്പിൽ അരക്കുളംവെള്ളത്തിൽ
പായലെന്ന ഗ്രീൻടീ തിളയ്ക്കുന്നു.
രണ്ടിതൾ കരയാമ്പുവിട്ട പോൽ
നീർപ്പറവകൾ മുങ്ങി നിവരുന്നു
പാട നീക്കിയ പാലൊഴിക്കുവാൻ
മേഘമകലെനിന്നെത്തി നോക്കുന്നു.
കരയിൽനിന്നു പൂങ്കാെമ്പ് ചാഞ്ഞുവ –
ന്നതിലിളക്കി മധുരം കലർത്തുന്നു.
ആവി പൊങ്ങുമ്പോളൂതിയാറ്റുവാൻ
അകലെനിന്ന് കാറ്റോടിയെത്തുന്നു.
ടീ തിളച്ചു തൂവുന്നതിൻമുമ്പ്
തീകെടുത്തിയാ സൂര്യൻ മറയുന്നു
ആരുമെത്തി മോന്തുവാനില്ലാതെ
ചായയാറിത്തണുത്തു കേടാകുന്നു!
ആരുമെത്തുകില്ലെന്നറിഞ്ഞിട്ടുമാ
സൂര്യനെന്നും ചായ കാച്ചുന്നതും
നോക്കിയിന്നെന്റെ ജീവിതച്ചായയിൽ
ഈച്ച വീണത് കോരിമാറ്റുന്നു ഞാൻ!

അൻസാരി ബഷീർ

By ivayana