ഒരിയ്ക്കലും കരയ്ക്കണയാത്ത കിനാവ്’ മാത്രമാകുമ്പോഴാണ് …
നീ നീയായിത്തീരുന്നത് .
പിന്നീടൊരിയ്ക്കലും കാണാതെ പോയവൾ ,
ഇനിയൊരിയ്ക്കലും കാണാനാവില്ലെന്നുറപ്പുള്ളവൾ .
അവളായിത്തീരുമ്പോഴാണല്ലോ …
നീ പ്രണയിനിയാവുന്നത് !
നീയെന്തായിരുന്നോ ,അതാണ് സൗന്ദര്യമെന്ന് ,
അഴകിൻ്റെ ഉടൽവടിവുകൾ ഒരു തോന്നൽ മാത്രമാണെന്ന് ,
ആര് ആരെയാണ് പറഞ്ഞ് കഴുവേറ്റുക …
ഒരു മിഴിനോക്കിൽ ഒളിഞ്ഞ് കിടക്കുന്ന രതിമൂർച്ചകളെ
ഏത് ശരീരശാസ്ത്രത്തിനാണ്
വാഖ്യാനിയ്ക്കാനാവുക ?
വെന്തലിഞ്ഞുപോയ
നമ്മുടെ ഇന്നലെകളെ
ഏത് ശിശുരോദനത്തിനാണ്
പുനർജ്ജനിപ്പിയ്ക്കാനാവുക ??
ഓർമ്മകൾ ,
നമ്മെവരയുന്നത്
അശരീരികളുടെ ചിത്രശാലയിലാവുമ്പോൾ ,
എന്താണ് ശരീരം ?
വരും ജന്മത്തിൽ
പുഴുവിനോട് കനിവ് തോന്നുന്ന ഒരു കിളിച്ചുണ്ടിനെ
ഏത് കല്പാന്തത്തിനാണ്
മായ്ച്ച് കളയാനാവുക ???

സുമോദ് പരുമല

By ivayana