രചന : പൂജ ഹരി ✍
“യ്യോ ഒരു മഴപെയ്യാത്തതെന്താ എന്റെ തോട്ടുങ്കാവിലെ ദേവ്യേ “
കുടവുമായി നടക്കുമ്പോൾ ആരതി പിറുപിറുത്തു.. നടക്കുമ്പോ ദേഹത്താകെ പൊന്തിയ ചൂടുകുരു ചൊറിഞ്ഞു കൊണ്ടിരുന്നു.
പൊള്ളുന്ന ചൂട്. കിണറു വറ്റി. വെള്ളം പഞ്ചായത്തുകിണറ്റിൽ നിന്നും കോരണം. പൈപ്പിൽ വെള്ളം വരുന്ന ദിവസമറിയണമെങ്കിൽ ഏതേലും ജ്യോൽസ്യനെ കാണണം. പൊട്ടാറായ കയറുകൊണ്ട് വെള്ളം കോരി നിറച്ചു.. കോരിയാൽ ഒന്നിനും തികയില്ല. അടുക്കളയിലേക്ക് വെള്ളം വേണം, കുടിക്കണം, കുളിക്കണം, പാത്രങ്ങൾ കഴുകണം.. ജീവിതം വെറുത്തുപോകും.
കെട്ട്യോൻ ദിവാകരേട്ടൻ മീനും വാങ്ങി വരുന്നുണ്ട്. ഇനി അതു നന്നാക്കണം..കറിയുണ്ടാക്കണം. പിള്ളേരെ കുളിപ്പിക്കണം.. ചുരുക്കി പറഞ്ഞാൽ നൂറുകൂട്ടം പണികളുണ്ട്.. അതിന്റെയിടയിൽ പൊള്ളുന്ന ചൂടും വിയർത്തു മുങ്ങി അടുക്കളയിൽ നിന്നുരുകണം..
“ഒരു മഴക്കാറൊക്കെയുണ്ട് ഒന്ന് പെയ്താൽ മതിയാർന്നു..
മീൻ വൃത്തിയാക്കി കഴുകി ഉപ്പും മുളകും പുളിയും കറികൂട്ടുകളും ചേർത്ത് അടുപ്പത്തു വെച്ചു.
സന്ധ്യയായി.. എടുത്താൽ പൊങ്ങാത്ത ടെൻഷനുണ്ടെങ്കിലും സീരിയൽ കണ്ട് ടെൻഷനടിക്കണം.. അതു കഴിഞ്ഞു ബിഗ്ബോസ്സിലെ തെറിവിളിയും അടിയും ലഹളയും കാണണം. അതിനിടയിൽ പിള്ളേരുടെ തല്ലും വഴക്കും.. കേരളത്തിലെ ഒരു ശരാശരി വീട്ടമ്മ റിപ്പോർട്ട് ചെയ്യുന്നു 😎കട്ടപ്പുകയാണ് ജീവിതം..
ചുട്ടുപുകയുന്ന ദേഹം. രണ്ടുഫാനിട്ടിട്ടും ഒരു രക്ഷയുമില്ല. അപ്പുറത്തെ വീട്ടിൽ ac വാങ്ങിയതും അതിന്റെ രണ്ടുമാസം കഴിഞ്ഞു കറന്റ് ബില്ല് വന്നപ്പോ അവിടത്തെ ചേട്ടന് നെഞ്ചുവേദന വന്നു ആശുപത്രിയിലായതും ദിവകരേട്ടൻ പറഞ്ഞു. പറച്ചിൽ കഴിഞ്ഞപ്പോളാണ് പിള്ളേര് ഉറങ്ങിയതും ആരതി ഒന്നുകൂടി സുന്ദരിയായതും അയാളോർത്തത്..ആരതിയെ ചേർത്ത് പിടിക്കാൻ തുടങ്ങിയപ്പോളാണ് അവൾ പൊട്ടിത്തെറിച്ചത്.
” ഒന്നു പോ മനുഷ്യാ, ചുട്ടു പൊള്ളിയിട്ട് കിടക്കാൻ വയ്യ.. അതിന്റെയിടക്കാ…
മഴ പെയ്യട്ടെ അപ്പൊ ആലോചിക്കാം…”
ദിവാകരൻ ആത്മാർത്ഥമായി ദൈവത്തെ വിളിച്ചു.. ദൈവം വിളിക്കേട്ടു. പുലർച്ചെയോടെ ശക്തമായ ഇടിമിന്നലോടെ ഇടവപ്പാതി തുടങ്ങി..
“ഹായ് മഴ എന്താ രസമല്ലേ?? സിഗരറ്റിന്റെ പുക ഊതി വിട്ടുകൊണ്ട് ഒരു കട്ടൻ ചായ കുടിച്ചേക്കാം..ആരതിയും മഴ നോക്കി നിൽക്കുന്നു.. അടിപൊളി..
ഫേസ് ബുക്ക് തോണ്ടി.. മഴ ഒന്നു ഭൂമിയിൽ വീണാ മതി.
മുഴുവൻ മഴകവിതകൾ.. പ്രണയം നിറഞ്ഞു തുളുമ്പുന്നു..
മഴ ചാറിയും തോർന്നും തോരാതെ പെയ്തും തുടർന്നു.. നല്ല ആൾക്കഹോളിക്ക് അന്തരീക്ഷം.. രണ്ടു പെഗ്ഗടിച്ചു സുഖായിട്ട് ഉറങ്ങാം.. രാവിലെ ജോലിക്ക് പോകാനാ മെനക്കേട്. എണീക്കാൻ തോന്നില്ല.. ഹും.. ജീവിക്കണ്ടേ
മഴ തുടങ്ങിയിട്ട് ഒരാഴ്ചയായി.. അകത്ത് അയക്ക കെട്ടി.. അതിൽ ഉണങ്ങാത്ത തുണികൾ നിറഞ്ഞു.. പകുതിയുണങ്ങിയ ജെട്ടികളിട്ട് ചൊറിഞ്ഞു തുടങ്ങി.എവിടെ നോക്കിയാലും തുണികൾ. ഇലകൊഴിഞ്ഞു വൃത്തികേടായ മുറ്റം.. ഇഴഞ്ഞു പോകുന്ന തേരട്ടകൾ..ആവശ്യമില്ലാത്ത പുല്ലുകൾ വളമിട്ടപോലെ തഴച്ചു നിൽക്കുന്നു. വെള്ളം തളംകെട്ടി നിൽക്കുന്ന പരിസരം.
. ഒന്നു മഴ പെയ്തപ്പോളേക്കും പിള്ളേർക്ക് പനിയായി. ആശുപത്രിയിൽ കൊണ്ടുപോയി വന്നേ ഉള്ളു. അടുപ്പിനരികെ എന്തോ ചുടുന്ന ആരതി 🤔 ഉണക്കമീനായിരിക്കും.. നോക്കുമ്പോ തന്റെ പഴയ നീലജട്ടി തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്യുന്നു.ജോലിക്ക് പോകുമ്പോ ഇടണ്ടേ..
ചൂടുകഞ്ഞിയിൽ ചമ്മന്തി കോരിയിട്ട് കഴിച്ച് മഴക്കോട്ടും ഇട്ട് ജോലിക്ക് പോകാൻ റെഡിയായി. നാലുകിലോമീറ്ററുണ്ട് ജോലിസ്ഥലത്തേക്ക്.. റോഡ് മുഴുവൻ കുണ്ടും കുഴിയുമായതോണ്ട് ജീവൻ കൈയിൽ പിടിച്ചുള്ള യാത്രയാണ്.. രണ്ടുവട്ടം കുഴിയിൽ ചാടി.
“ഇനി ന്യൂനമർദാണെത്രെ “
ഓഫീസിലെ രാമേട്ടൻ പറഞ്ഞു.. ഇത്ര ദിവസം മഴപെയ്യാത്തതായിരുന്നു കുറ്റം. പെയ്തുതുടങ്ങി ഒരാഴ്ചയാവുന്നേ ഉള്ളു അപ്പോളേക്കും മടുത്തു.. മനുഷ്യരല്ലേ.. സ്വാഭാവികം…
തിരിച്ചുപോരുമ്പോഴും മഴതന്നെ.നിറഞ്ഞുകവിഞ്ഞ ഓടകൾ, റോഡും തോടും അറിയുന്നില്ല പലയിടത്തും വെള്ളംകയറി.. ചളിവെള്ളം, മാലിന്യങ്ങൾ ഒഴുകിനടക്കുന്നു.. എങ്ങനൊക്കെയോ വീട്ടിലെത്തി.. ഇരുട്ടാണല്ലോ.. ഒരു കാറ്റുവീശിയാൽ കൂടെ ഇറങ്ങിപോകുന്ന കറന്റ്.. എന്നാലോ ബില്ലിനൊരു കുറവുമില്ല.. ദിവാകരൻ ഉറക്കെ വിളിച്ചു..
“ആരതി.. നീയെവിടെ.. ഒരു വിളക്കെങ്കിലും കത്തിച്ചൂടെ??
“ഓ വിളക്ക്.. യു മീൻ മണ്ണെണ്ണ വിളക്ക്?? 😏
ആരതി ചോദിച്ചു.. മണ്ണെണ്ണ കണ്ട കാലം മറന്നുപോയി.. ഇമ്മളൊക്കെ രേഖക്ക് മുകളിലല്ലേ . വേണേൽ ഇരുട്ടത്തു ഇരുന്നോ.. എപ്പോളെങ്കിലും കറന്റ് വരുമായിരിക്കും.”.
മഴപാറ്റകൾ പറന്നുനടന്നു. ആയുസ്സില്ലാത്ത പാവങ്ങൾ. .
“ഹോ.. നശിച്ച മഴ..”ആരതി തോട്ടുങ്കാവിലെ ദേവിയെ വിളിച്ച് മഴ നിർത്താനുള്ള ആപ്ലിക്കേഷൻ കൊടുത്തു.
മഴ പിന്നെയും കൂടി.. കിണറും കുളവും നിറഞ്ഞു.. പലയിടത്തും വെള്ളം കേറി.. ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നു…
ദുരിതമില്ലാത്തവർ Tv തുറന്ന് ദുരിതങ്ങൾ കണ്ട് കമന്ററി പറഞ്ഞു…
കുട്ടികൾ മൊബൈൽ ഫോണിൽ പുതിയ ഗെയിം കളിച്ചു.
ഏഷണികാരികളായ അമ്മായിമാർ മഴയെ കുറ്റം പറഞ്ഞു രസിച്ചു.
CCTV അമ്മാവന്മാർ പുതിയ അവിഹിതകഥകൾ കണ്ടുപിടിക്കാനും കല്യാണം മുടക്കാനും കഴിയാതെ വിമ്മിഷ്ടപ്പെട്ടു..
പാവപ്പെട്ടവനും ധനികനും ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഒന്നിച്ചു കഞ്ഞിയും പയറും കഴിച്ചു…
അങ്ങനെയങ്ങനെ മഴയുടെ നിറം മാറി മാറിവന്നു..
ഈ നിറംമാറ്റങ്ങൾ കണ്ട് നമ്മടെ ആരതി പിന്നേം തോട്ടുങ്കാവിലെ ഭഗവതിയെ വിളിച്ചു…
“ന്റെ ദേവ്യേ….
ദേവി അത് കേൾക്കാത്ത പോലെ ഇരുന്നു.. കുറെ പെയ്യാൻ പ്രാർത്ഥിക്കും.. പെയ്താലോ നിർത്താൻ പ്രാർത്ഥിക്കും.. ദേവിക്കും കൺഫ്യൂഷനായി… ഈ മനുഷ്യമാരുടെ ഒരു കാര്യം.. അനുഭവിക്കട്ടെ കുരിപ്പുകൾ.. മുമ്പും കാലവർഷം പെയ്യാറുണ്ട്.. ഇവര് തോന്നിയ പോലെ വീടു വെക്കുന്നു, പാടം നികത്തുന്നു, ശരിയായ രീതിയിൽ നഗരാസൂത്രണം ചെയ്താൽ മഴവെള്ളം ശരിയായരീതിയിൽ ഒഴുക്കികളയാം.. ആരോട് പറയാൻ? ആര് കേൾക്കാൻ..
ദുരിതമനുഭവിക്കുന്ന കുറെ പാവങ്ങൾ,,
മഴആഘോഷിക്കുന്ന വേറെ ചിലർ..
ദിവാകരൻ ചിന്തയിൽ മുഴുകി ഒരു സിഗരറ്റുകൂടി വലിക്കാൻ തുടങ്ങി…
മഴപ്പാറ്റകൾ പിന്നെയും പറന്നു തുടങ്ങി..
മഴക്കാലം തീരുന്നതിനു മുമ്പേ ശാപവചനങ്ങൾ കേട്ട് കേട്ട് മഴ പാക്കപ്പ് ചെയ്യാനൊരുങ്ങി.. വല്ല ദുബായിലോ ആഫ്രിക്കയിലോ പോയി പെയ്യാം 😏
ചാറ്റൽ മഴ മാറിയ സന്തോഷത്തിൽ ആരതി തുണികൾ ഉണക്കാനിറങ്ങി.ഒന്നൂടി ദേവിയെ വിളിച്ചു.. അതു കേട്ട തോട്ടുങ്കാവിലെ ഭഗവതി കലിപ്പിൽ മഴയുടെ പുറകെ പോയി..