രചന : ബാബു തില്ലങ്കേരി ✍
കടലൊഴുകുന്നു
കണ്ണിൽ,
തിരയടിക്കുന്നു
ചുണ്ടിൽ,
കാലിടറുന്നു
മണ്ണിൽ,
നിന്നിലലിയുന്നു
വിണ്ണിൽ.
പേറ്റുനോവിന്റെ
ചുരങ്ങൾ കേറുന്ന
നാട്ടരുവിയുടെ
ചെരിഞ്ഞ ഗദ്ഗദം.
ഇന്നുനാം
മറന്നിട്ട വഴികളിൽ
നാളയുടെ
ചിരികൾ പിടക്കുമോ.
ആരുമാരെയും
താഴ്ത്തി കെട്ടി
ഭൂമിയിൽ
കവിത പാടുമോ.
ചിരികിളിർക്കുന്നു
കാതിൽ,
വെടിയുതിർക്കുന്നു
ഞരമ്പിൽ,
കളികാര്യമാകുന്നു
കരളിൽ,
നിണം പൂക്കുന്നു
മനസ്സിൽ.
പ്രണയം വറ്റിയ
ഇടവഴിയിലെ
മുളളുവേലിക്ക്
ലഹരിയോ.
കാലം തെറ്റിയ
മഴക്കൊയ്ത്തിന്
കൂട്ടുകൂടാൻ
മിന്നലോ.
പോരടിക്കണം
കൂട്ടുകൂടണം
പാരിൽ പുതിയ
പാതകൾ തുറക്കുവാൻ.
നമ്മൾ കൊയ്യണം
നന്മമാത്രം,
നിങ്ങൾ പറയണം
നേരുമാത്രം,
കൂട്ടുകൂടണം
ലക്ഷ്യത്തിലേക്ക്,
ചിറകടിച്ച് പറക്കണം
സീമയില്ലാ പടവിലേക്ക്.