രചന : മംഗളൻ. എസ് ✍️
അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പീല്ലേ..
അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..
അമ്മേടെ കണ്ണുനിറയുന്ന കണ്ടിട്ടും
അന്നുഞാനതിൻ പൊരുളെന്തെന്നറിഞ്ഞില്ല!
അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..
അശ്രുബിന്ദുക്കൾ പൊഴിച്ചമ്മക്കണ്ണുകൾ!
അടുപ്പത്തെ കഞ്ഞിക്കലം ഞാൻതുറക്കവേ
അതിൽവെള്ളമേയുള്ളുവെന്നറിഞ്ഞുഞാൻ!
അരിക്കലം അടപ്പുതുറന്നൊന്നു നോക്കി
അതിലൊരു മണിയുമില്ലെന്നറിഞ്ഞു!
അയലത്തൂന്നൊരു നാഴിയരി മേടിച്ച്
അന്തിക്കു കഞ്ഞി വെച്ചെല്ലാർക്കുംവിളമ്പി
അഞ്ചാറു മക്കളന്നാക്രാന്തത്തോടവേ
അക്കഞ്ഞിപ്പാത്രത്തിൽ വറ്റിനായ് പരതി
ആതുകാൺകയാകൺകൾ വീണ്ടും പൊഴിച്ച
അശ്രുബിന്ദുക്കളുടെ തന്നർത്ഥമെന്തോ..!
അമ്മക്കണ്ണീരിൻ്റെയർത്ഥമറിഞ്ഞു ഞാൻ
അമ്മയെ തുണയ്ക്കണമെന്നുറപ്പിച്ചു
അന്നുതൊട്ടിന്നോളമെൻ്റെ മനസ്സിലെൻ
അമ്മക്കണ്ണീരിൻ്റെ അർത്ഥമുൾക്കൊണ്ടു ഞാൻ
അന്നം വിളമ്പി വിശപ്പകറ്റുന്നേരം
അമ്മ കഴിച്ചോന്നൊരാളും തിരക്കില്ല
അമ്മ വിശപ്പുസഹിച്ചൊരു കാലത്തും
അന്നം മോഷ്ടച്ചോനെ കൊന്നൊരീ കാലത്തും!