ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മുഖപുസ്തകത്തിൽ ഭൂരിഭാഗം സ്ത്രീകളും അവരുടെ മെസ്സേജ് ബോക്സിലുള്ള സൗഹൃദം ആഗ്രഹിക്കുന്നില്ല, എന്താവും കാരണം. ഇതേ കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.രണ്ടു പേർ മാത്രമാകുന്ന സ്വകാര്യതയിൽ എന്തൊക്കെ പറയാം, പറയാതിരിക്കാം എന്നത് തന്നെ.


കൂട്ടുകാരെ പറ്റിക്കാൻ മുൻമ്പെപ്പഴോ ഒരു പെണ്ണിന്റ പേരിൽ അക്കൗണ്ട് തുടങ്ങിയത് ഓർമ വരുന്നു.ആ അക്കൗണ്ട് കണ്ടാൽ ബുദ്ധിയുള്ളാർക്കും മനസിലാവും ഇത് യഥാർത്ഥ അക്കൗണ്ട് അല്ലെന്ന്, എങ്കിലും ഓരോ ദിവസവും എത്രയധികം സൗഹൃദ അഭ്യർത്ഥനകളാണ് അതിലേക്ക് വന്നു കൊണ്ടിരുന്നത്. സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിച്ചാൽ ചായ കുടിച്ചോ, ഭക്ഷണം കഴിച്ചോ അങ്ങനെ തുടങ്ങി ഓരോ ദിവസവും പതിവായി ചെയുന്ന കാര്യങ്ങൾ പോലും തുറന്ന് ചോദിക്കുന്ന സൗഹൃദങ്ങൾ.ഇവിടെ ചില പുരുഷന്മാരും പരിചയം പോലും ഇല്ലാത്ത സ്ത്രീകളോട് എല്ലായെപ്പോഴും ഇത് പോലെ ചോദിക്കേണ്ടി വരുന്നതിന്റെ ഉദ്ദേശം എന്താവും. അത് തന്നെ.
ഇത്തിരി സുഖവും ആ സമയം ലഭിക്കുന്ന സന്തോഷവും.അതിനി എന്താണെന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുന്നില്ല ആർക്കും മനസിലാക്കാമല്ലോ.
ഞാനിപ്പോഴും ഓർക്കുന്ന ഒരനുഭവമുണ്ട്.


ഒരു കൂട്ടായ്മയിൽ വച്ച് അവിടെ ഉണ്ടായിരുന്ന പ്രസംഗികൻ ആൺകുട്ടികളോട് ഇങ്ങനെ ചോദിച്ചു “നിങ്ങൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നേരം ഒരു പെണ്ണ് അറിയാതെ കൈ പൊക്കുകയും ആ സമയം നിങ്ങൾ അവളുടെ ശരീരഭാഗം കാണുവാനും ഇടയായാൽ നിങ്ങക്കെന്താണ് തോന്നുക ” എന്ന് ആൺകുട്ടികളൊക്കെയും ചിരിച്ചു കൊണ്ട് നാണത്തോടെ “ഒന്ന് പോ സാറേ “എന്ന രീതിയിൽ മറുപടി പറഞ്ഞു.ഇതേ ചോദ്യം തന്നെ അവിടെ ഉണ്ടായിരുന്ന പെൺകുട്ടികളോടും കുറച്ചു വ്യത്യാസപ്പെടുത്തി ആ പ്രസംഗികൻ വീണ്ടും ചോദിച്ചു “നിങ്ങൾ ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു ആൺ കുട്ടി മനപ്പൂർവം കൈകൾ ഉയർത്തി അവന്റെ ശരീരഭാഗം നിങ്ങളെ കാണിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നും “എന്ന് . ആൺ കുട്ടികൾ അവരുടെ മറുപടി കേൾക്കാൻ കൗതുകത്തോടെ കാത്തിരുന്നു.പെൺകുട്ടികൾ മറുപടി പറഞ്ഞു “ഞങ്ങൾക്ക് അത് കാണുമ്പോൾ അറപ്പാണ് തോന്നുക “.ആ പ്രസംഗികൻ അത് കേട്ടില്ല എന്ന മട്ടിൽ വീണ്ടും ചോദിച്ചു “ഞാൻ കേട്ടില്ല എന്ത് തോന്നുമെന്നാണ് പറഞ്ഞത്? ” അവർ വീണ്ടും അത് തന്നെ പറഞ്ഞു അറപ്പ് തോന്നുമെന്ന്.


ഒരു പക്ഷെ ആ സമയമായിരിക്കണം യഥാർത്ഥത്തിൽ ആ ആൺകുട്ടികൾ ഇത് വരെ കാണാതിരുന്ന പെൺകുട്ടികളെ അവിടെ കേട്ടതെന്ന് തോന്നുന്നു
പുരുഷന് ക്ഷണനേരം കൊണ്ട് ലൈംഗിക ആസ്വാദനം ഉണ്ടാവുമല്ലോ എന്നാൽ സ്ത്രീകൾക്ക് അത് പോലെയലല്ലോ.ഈ അറിവ് എല്ലാവർക്കുമില്ല എങ്കിലും അറിവ് ഉള്ളവരും അത് അവഗണിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. അറിവില്ലാത്തവരെങ്കിൽ നമ്മളൊക്കെ മനുഷ്യരല്ലേ നമുക്കും വികാരങ്ങളില്ലേ എന്ന ചിന്തയിൽ സ്ത്രീ പുരുഷ മനസിന്റെ വ്യത്യാസങ്ങറിയാതെ അതിനെ ലഘൂകരിക്കുന്നതായും തോന്നിയിട്ടുണ്ട്.
മണിക്കൂറുകൾ നീണ്ട ബസ് യാത്രകളിൽ യാത്ര ആസ്വാദകരമാക്കാൻ കാഴ്ച്ചകൾ കാണുന്നതിന് പകരം സ്ത്രീയോടു ഒട്ടി ചേർന്നിരുന്ന് ആസ്വദനം നടത്തുന്ന ഒരുപാട് പുരുഷന്മാരില്ലേ.ഒന്നോർക്കുക നിങ്ങളുടെ പ്രവർത്തികൾ അവർ അറിയുന്നുവെങ്കിൽ അവരുടെ മനസിൽ കാമമല്ല തോന്നുക പകരം ശരീരത്തിലൂടെ പാമ്പോ പല്ലിയോ ഇഴയുന്നത് പോലെയുള്ള അറപ്പുള്ള അനുഭവമാണ്. ഇതും എന്നോടു പങ്ക് വച്ചത് ഒരു സ്ത്രീ സുഹൃത്ത് തന്നെയാണ്.


സൗഹൃദം പ്രണയമാകാം പ്രണയം പല രീതിയിലുള്ള ശാരീരിക ബന്ധങ്ങളിലേക്കും നയിച്ചേക്കാം അതിനെയല്ല ഞാനെതിർക്കുന്നത്. ഏതൊരു സ്ത്രീയോടും കാമം മാത്രം മനസിൽ വച്ചു കൊണ്ടുള്ള മോശമായ സമീപനത്തെ മാത്രമാണ്.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന ലേബൽ അതിലുണ്ടെങ്കിലും അതിലുമുപരി അത് പാനം ചെയ്തു കൊണ്ടുള്ള സന്തോഷം കണ്ടെത്താൻ മനുഷ്യ മനസ്സ് കാണിക്കുന്ന വ്യഗ്രത ഇത് പോലെയുള്ള പല തെറ്റുകൾക്കും വിവേകം ഇല്ലാതെ മനുഷ്യൻ അടിമപ്പെടുന്നു എന്നതിന്റെ സൂചന തന്നെയല്ലേ.


സ്ത്രീപക്ഷ നിയമങ്ങൾ ശക്തമായ ഈ കാലത്തും ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെ ലംഘിച്ചു കൊണ്ട് പരസ്യമായി കമെന്റ് ബോക്സുകളിലും രഹസ്യമായി ഇൻബോക്സുകളിലും ചെന്ന് മാന്യമല്ലാത്തത് സംസാരിക്കുമ്പോഴും ഭയം തോന്നുന്നില്ലേ, അതോ അതിനുമപ്പുറമാണ് തങ്ങൾ അനുഭവിക്കുന്ന നിമിഷ നേരത്തെ സന്തോഷം എന്നാണോ കരുതുന്നത് , വിഡ്ഢികൾ.പരസ്യമായി ഒരു സ്ത്രീയെ അപമാനിച്ചുവെന്ന് ഒന്നുറക്കെ പറഞ്ഞാൽ ആദ്യം കൈ വയ്ക്കുക അവരെ പോലെയുള്ള പകൽ മാന്യന്മാർ തന്നെയാവുമെന്ന് ഞാൻ എടുത്തു പറയേണ്ട കാര്യമിലല്ലോ.
സ്ത്രീ അമ്മയാണ്‌, പെങ്ങളാണ് എന്നൊക്കെ വാക്കുകളിൽ മാത്രമല്ലല്ലോ വേണ്ടത്,നമ്മുടെ പ്രവർത്തികളിൽ കൂടിയുമല്ലേ.
💞

ജോ ജോൺസൺ

By ivayana