രചന : ബീഗം ✍️
കട്ടിൽക്കാലുപോൽ കരുത്തുള്ള നാലു പേർ
കട്ടിലിനു ചുറ്റും കോപാഗ്നിയാൽ
മണിഹർമ്യങ്ങൾ പണിതു നാലു പേർ
മുറിയില്ലയമ്മക്കു മാത്രമൊരിടത്തും
മറവിയും മാറാരോഗവും കൂട്ടിനായ്
മക്കൾ തൻ ശണ്ഠകൾ കൂടപ്പിറപ്പും
എൻ്റമ്മ നിൻറമ്മയെന്നയലർച്ചകൾ
എത്തുന്നു കാതിൽ പൊട്ടുന്നു നെഞ്ചകം’
അമ്മയെ നോക്കി വശംകെട്ടു പോയി
അരുമ മകൾ മൊഴിയുന്നു ഖേദപൂർവ്വം
അമ്മതൻ സ്വത്തിനോടാവേശം
അമ്മതൻ വാക്കിനോടാക്രോശം
ആറു വയസ്സിൻ്റെ വാശി കാണിച്ചമ്മ
ആരോടും മിണ്ടാതൊളിച്ചിരുന്നു
ആറും അറുപതും ഒരുപോലെ
ആരോ പറഞ്ഞതെത്ര സത്യം
ജീവിച്ചതത്രയും നാളിനിയില്ല പാരിൽ
ജിവിച്ചു തീർക്കട്ടെ ശാന്തിയോടെ
കണ്ണീർ പുഴ നീന്തിക്കടക്കാൻ
കൈക്കരുത്തിനാവില്ല ശൗര്യത്തിനും
നാളെ വരും വാർദ്ധക്യം നമ്മളിൽ
നല്കിയതൊക്കെ തിരിച്ചു കിട്ടും