രചന : മധു നമ്പ്യാർ ✍️
19 അധ്യായത്തിന്റെ താളുകളും എത്ര പെട്ടന്നാണ് മറിഞ്ഞു പോയത്! കുതിപ്പിനിടയിലെ കിതപ്പായ് മാത്രം..യാത്ര തുടരട്ടെ ഇനിയും ബഹുദൂരം അതിവേഗം.❣️
ഉള്ളാലുള്ളൊരു പ്രണയം ഉള്ളിൽ
നിറച്ചു ഞാനും ഉണ്ടല്ലോ ഇവിടെ
ഹൃദയത്തിൽ സ്നേഹദീപമായ്
കരുതലായ് കാത്തു നിത്യവും!
ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങൾ
ചോദിച്ചു ചില നേരങ്ങളിൽ നീയും
ഉദ്യാനകവാടം തുറന്നു വന്നെന്നിൽ
അശനിപാതങ്ങൾ തീർക്കുന്നുവല്ലോ!
എണ്ണിയാൽ ഒടുങ്ങാത്ത പരിവേദന
ങ്ങളെ സ്വയം പതം പറഞ്ഞു നിലയ്ക്ക്
നിർത്തുന്നു ഞാനും നല്ലനല്ല നാളുകൾ
വിദൂരമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചും!
വിധിയെ പഴിക്കരുത് ഒരു നാളുമൊരു
മാത്രയും ഒരുവേള കല്പിത ചിന്തയിലും
ഉള്ളിൽ ഉള്ള സത്തയിൽ ചലിക്കുന്നു
അനന്തമീ ലോകസഞ്ചയം ഓമലേ!
വിശ്വാസം നിന്നിലർപ്പിതമാവുമ്പോൾ
വിശ്വവും നിന്നാശപോൽ വഴി തുറന്നു
വരും സത്യം സംതൃപ്തിയിൽ സഹന
പാതയിൽ സംമോഹനം ചെയ്യുകിൽ!
കർമ്മകാണ്ഡം കവിതപോൽ താള-
ലയ ഭംഗിയിൽ ഗാനമായ് ശ്രുതി
ചേർത്ത് പാടുകിൽ നിത്യമായ് നിത്യ
തയിലെല്ലാം സുഖദമായ് വന്നുചേരും!
ഒന്നുമേ അറിഞ്ഞുകൊണ്ടല്ലെന്നറി-
ഞ്ഞിട്ടുമെന്നും നീ പോലുമറിയാതെ
നിന്നിൽ പരിഭവം നിറയുന്നുവെങ്കിൽ
ഈ പ്രണയമെത്ര സഹനം സുകൃതം!
പരിഭവ കാഴ്ചകളത്രയുമെന്നിൽ
എണ്ണിയെണ്ണി നിറയുമ്പോഴും നിന്റെ
കുറ്റമല്ലതെന്നു നിർണ്ണയം നിത്യതയുടെ
നിലാ വെളിച്ചത്തിലെ എന്റെ പ്രണയമേ!
പ്രകൃതിതൻ പരിശോഭ തീർക്കുമീ
നല്ല നാളിൽ അറിയണം നമ്മൾ പരി-
ഭവമില്ലാതെയെവിടെ പ്രകൃതിയും
പുരുഷനും പ്രണയവും പ്രതീക്ഷയും!