അരയ്ക്കു താഴെ തളർന്നു കിടപ്പിലായിരുന്ന മാധവിയുടെ
ശവമടക്കും കഴിഞ്ഞാണ്
മാധവിയുടെ എണ്ണ മണക്കുന്ന
തലയിണയുടെ അടിയിൽനിന്നുമൊരു
കടലാസ്സു കിട്ടുന്നത്.
കാലം കൊറേ ആയി
മാധവി കിടപ്പായിട്ട്.
കെട്ട്യോനാട്ടെ മാധവി വീണു
പോയതിൽ പിന്നെ
ആ വഴിക്ക് വന്നിട്ടില്ല.
കിടപ്പായതിൽ പിന്നെയാ മുറിവിട്ടിറങ്ങാത്തവളാ…
രൂപഭംഗം വന്ന
അക്ഷരങ്ങള്‍ നിരത്തി
വെച്ചൊരു കത്തെഴുതിയേക്കണത്.
എന്റെ കെട്ട്യൊന്…
കൊല്ലമെട്ടു കഴിഞ്ഞിരിക്കുന്നു
അവളെ കെട്ട്യൊന്‍ ഇറങ്ങി
പോയിട്ട്…
ചത്തെന്ന് അറിഞ്ഞാല്‍ കൂടി വരാന്‍ കൂട്ടാക്കാത്ത മനുഷ്യന്
ഇവളിത് എന്താണ് എഴുതി
വെച്ചിരിക്കുന്നതായി
വീട്ടുകാര്.
ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍
നിങ്ങള് വരണം.
ഡെറ്റോൾ മണം പൊതിയാത്ത
അത്തറിന്റെ വാസനയുള്ള
ഒരു സാരി വാങ്ങാൻ മറക്കരുത്.
മാമ്പഴത്തിന്റെ നിറമുള്ള മഞ്ഞ സാരി തന്നെ വേണം.
നിങ്ങളതിന്റെ വില നോക്കരുത്.
എന്റെ ദേഹത്തോടൊപ്പം
കത്തിച്ച് കളയാൻ ആണെങ്കിലും
കുഴിയിലിട്ടു മൂടാനാണെങ്കിലും
മേലൊരു മഞ്ഞ സാരീ വേണം.
പിന്നീട് എനിക്ക് വേണ്ടിയൊന്നും
ഒരു രൂപ നിങ്ങള് ചെലവാക്കേണ്ടി വരില്ല.
ഒരു കോടിമുണ്ട് മതിന്ന്
ആളുകള് പറയുമായിരിക്കും.
അമ്മേടെ അലമാരിയില് പുതുമണം
മാറാത്ത മുണ്ടുണ്ടാവും എന്നാലും എനിക്ക് സാരീതന്നെ വേണം.
കിടപ്പായതില് പിന്നെ സാരീതൊട്ട കാലം മറന്നു.
ചത്തിട്ടും മോഹം തീരാത്ത
പെണ്ണാണ് ഞാനെന്ന്
നാട്ടുകാര് പറയുമായിരിക്കും.
ചത്തപ്പോ മാത്രേ എനിക്ക്
മോഹങ്ങളുണ്ടായിരുന്നുള്ളൂ
എന്ന് അവർ അറിയുന്നില്ലല്ലോ.
പിന്നെ കുളിപ്പിക്കാനെടുക്കുമ്പോ
അമ്മയെ വിളിക്കണ്ട…
അമ്മയെത്ര കുളിപ്പിച്ച് മടുത്തതാ.
നിങ്ങള് കുളിപ്പിച്ചാൽ മതി.
തേച്ചുരച്ച് കഴുകി കളയാൻ
അഴുക്കില്ലെങ്കിലും ഇഞ്ച തേച്ച്
വാസന സോപ്പിട്ട് വേണം
എന്നെ കുളിപ്പിക്കാൻ.
തലമുടി നേരെത്തെ മുറിച്ച് കളഞ്ഞതുകൊണ്ട്
തലതുവാർത്താനൊന്നും വലിയ പാട് പെടില്ല.
പക്ഷെ മരിച്ച് നേരത്തോട് നേരം
കഴിഞ്ഞാ എന്നെ
കുളിപ്പിക്കുന്നതെങ്കിൽ
എന്റെ തണുപ്പ് തൊടുമ്പോ നിങ്ങള് പേടിക്കരുത്.
ജീവനറ്റുപോയതിന്റെയാന്ന് കരുതിക്കോണം.
ആരും കാണാതെ ഒളിച്ച്
എന്റെ ചുണ്ടുകളെ ഒന്ന് ഉമ്മ വെച്ചേക്കണം.
വരണ്ടു കീറി മരുന്നിന്റെ രുചി മാത്രമുള്ള
എന്റെ ചുണ്ടുകള്‍ നിങ്ങളുടെ ചൂടെങ്കിലും
പകര്‍ന്ന് കൊണ്ടു പോകട്ടെ.
അതോ എന്റെ തണുപ്പു തട്ടി ഉരുകുവോ ?
അറിയില്ല.
എന്നാലും …
ഇതൊക്കെ എഴുതി വെച്ചിട്ട് ഞാന്‍ മരിച്ചതറിഞ്ഞ് നിങ്ങള് വന്നില്ലെങ്കില്…
ഈ കത്താരും കണ്ടില്ലെങ്കില്….
എന്റെ അടക്കവും ചടങ്ങും
ഒക്കെ കഴിഞ്ഞ് പോയെങ്കില്
അങ്ങ് പോട്ടെന്ന് കരുതക്കോണം.
മോഹങ്ങളൊക്കെ മോഹങ്ങളായി
തന്നെ കൂടെ കൊണ്ടുനടന്ന
ഒരുവളുടെ മരണം കൊണ്ടവളെത്ര മോഹങ്ങളെ അവള്‍ അവള്‍ക്കൊപ്പം
പണ്ടേ കൊന്നു കുഴിച്ചു മൂടിയെന്ന്
ഓര്‍ത്താല്‍ മതി
ഡെറ്റോൾ മണക്കുന്ന ദേഹത്തിനും
മൂത്രവും മലവും പേറുന്ന
കിടയ്ക്കയ്ക്കും ഇടയിലെ
നേർത്ത ദൂരം മാത്രമായിരുന്നു
എന്റെ ജീവിതമെന്ന്
ഇടയ്ക്ക് ഞാൻ മറന്നു പോയോ ?
എന്റെ മോഹങ്ങളൊക്കെ അതിമോഹങ്ങൾ മാത്രമായിരുന്നോ ?
അറിയില്ല.
എന്നാലും ഞാൻ മരിച്ചതിൽ പിന്നെ ഇത് വായിക്കുമ്പോൾ നിങ്ങളുടെ കണ്ണ് നനയുമായിരിക്കും.
വേണ്ട.
അര്‍ഹിക്കാത്തവള്‍ക്കു വേണ്ടിയൊരു തുള്ളി കണ്ണുനീർ പോലും
പൊഴിക്കരുത്.
അതെന്റെ ആത്മാവിന്റെ
ഭാരം കൂട്ടും.
എന്റേതല്ലാത്ത ഒന്നിനെയും ഞാൻ കൊണ്ടുപോകുന്നില്ല.
മരിക്കും മുന്നേ എഴുതാന്‍ തോന്നിയ
എന്റെ മരണചിന്തകളുടെ കത്ത്!
കൃത്യം അഞ്ചുവർഷം സൂക്ഷിച്ച്
വെച്ച ആ കത്തിലവളുടെ
ആത്മാവിന്റെ ചൂടേറ്റിരുന്നു!

സബിത രാജ്

By ivayana