രചന : സെഹ്റാൻ✍️
നഗരം വിളിക്കുന്നു.
പൊടി.
പുക.
മാലിന്യങ്ങൾ.
ദുർഗന്ധം.
കറുത്ത പാതകൾ.
കറുകറുത്ത ഓടകൾ.
നഗരം വിളിക്കുന്നു.
കട്ടിലിൽ നിന്ന്
തെരുവിലേക്കിറങ്ങുന്നു
ഞാൻ.
തിരക്ക്.
ബഹളം.
ഉഷ്ണം.
പുഴുക്കളെപ്പോൽ
പുളയ്ക്കുന്ന
മനുഷ്യർ.
അലറിപ്പായുന്ന
പുകതുപ്പുന്ന
വാഹനങ്ങൾ.
ഇതാ,
മരം
ചിന്തേരിടുന്നപോൽ
എത്ര മനോഹരമായാണ്
ഒരു ചരക്കുലോറി
എൻ്റെ ശരീരത്തിലൂടെ
കയറിപ്പോയത്!
വഴിയരികിലെ
ചെരുപ്പുകുത്തിയുടെ
റേഡിയോ
1 പി.എം.ൻ്റെ
വാർത്തകൾ
വായിക്കുന്നുണ്ട്.
ഒരു വാഹനാപകട
വാർത്തയ്ക്കായ്
ഞാൻ കാതോർക്കുന്നു.
ഇല്ല…
ഒന്നുമില്ല!
മഴയുണ്ടാവാൻ
സാധ്യതയുണ്ടെന്ന
കാലാവസ്ഥാ
പ്രവചനം മാത്രം.
ശരിയാണ്.
തെരുവിന്
മുകളിലെ
ആകാശത്ത്
കാർമേഘങ്ങൾ
നിരന്നിട്ടുണ്ട്!
🟫