ഉച്ചക്ക് വരാടീ ന്നും പറഞ്ഞ് അതിയാനൊരു ഇറങ്ങി പോക്കുണ്ട്.
തോളത്തു കിടന്ന തോർത്തു കുടഞ്ഞു പിന്തിരിഞ്ഞൊരു നോട്ടമുണ്ട്.
വാതിൽ പടിയും ചാരി
നെഞ്ചിലെ പിടച്ചിലും കണ്ണിൽ പേറി നിൽക്കുന്നവളോട്
കഞ്ഞി കുടിക്കണേടി
എന്നൊരു ഓർമ്മപ്പെടുത്തലാണ്.
കത്തുന്ന വെയിലും കടന്നു.
ഇരുള് കീറിമുറിക്കുന്ന രാത്രിയും ചുമന്ന്
വേലിക്കപ്പുറം
“എടിയേ…അമ്മൂട്ടിയെ..”
എന്നൊരു വിളിയുയരും.
“എന്തോ “എന്നൊരു പതറിയ ഒച്ച
ഞണ്ടുകൾ
കാർന്നതുടങ്ങിയ തൊണ്ടയിൽ നിന്നും
പതറിയിറങ്ങും.
“നീയിങ്ങോട്ടിറങ്ങെടീ” ഒരു കൂട്ടം കൊണ്ടുവന്നിട്ടുണ്ടെന്ന്
അവളോടൊന്നു കിണുങ്ങും.
മുറ്റത്തെ ഇനിയും പൂക്കാത്ത മരത്തിന്റെ ചോട്ടിലിരുന്ന്
അവരൊന്നിച്ചു നിലാവുകാണും.
ഒരുകൂട്ടം കരിവള
അയാളവളുടെ കയ്യിലെക്കിടും.
കൈകളിലൊന്നു
മുത്തും
ഇന്ന് കുടിച്ചിട്ടുണ്ടല്ലേ എന്നവൾ കെറുവിക്കും,
വായ്ക്കരിയിടാൻ പോലും. നമുക്കൊരെണ്ണത്തിനെ തന്നില്ലല്ലോടീന്ന്
അയാളുറക്കെ
പതം പറയും.
ചങ്കുപൊട്ടീട്ടാടി
നീ പോയാ എനിക്കാരാണെന്നും പറഞ്ഞു
അയാളവളുടെ മടിയിലേക്ക് ചായും
ഒരു നീണ്ട നിശബ്ദതയിലേക്ക്
മിഴികളടയും.
കീമോ ചെയ്തു ശോഷിച്ച
അവളുടെ വിരലുകൾ.
എന്നോ മരിച്ചൊരാളുടെ
മുടിയിഴകളെ തഴുകും.
ചങ്കുപൊട്ടിയോരു കാറ്റ്
വേലിക്കലിരുന്നു കരയും..
“അമ്മൂട്ടിയെ…” എന്നൊരു വിളി
എല്ലായിടത്തും മുഴങ്ങി കൊണ്ടിരിക്കും.
അതിയാനിവിടുണ്ടെന്ന്
അവളിങ്ങനെ പിറുപിറുക്കും
“എടിയേ” ന്നൊരു വിളി
വേലിക്കലെപ്പോഴും എത്തിനോക്കും.

By ivayana