എങ്കിലും പൈതലേ
നീ ഉറങ്ങുന്നു മൺകൂനയിൽ
മരണമില്ലാതനന്തമായ് …..
പെറ്റുവീണു –
ച്ചത്തിൽ കരഞ്ഞു
കൺതുറക്കവേ
നാറും മലത്തിൽ നിന്നും
വലിച്ചുയർത്തപ്പെട്ടുനടു
റോഡിലേക്കെറിയപ്പെട്ട
ചോരക്കുഞ്ഞിന്
തള്ളയായുള്ളോളേ…
അടിമപ്പെട്ട വെറും പെണ്ണേ
നിനക്കായ്
തിരയുകയാണെൻ മനം
ഒരു കൊടും
തെറിപ്പദം.
തെണ്ടിപ്പട്ടിച്ചി
എന്നായാലോ….
പാവമേ പാവം
ഇരതേടിയലയുന്നൊരു
സാധുജന്മം.
കള്ളപ്പന്നിച്ചി-
യെന്നായാലോ
അതിരുചിഗന്ധമാ –
യൂണു മേശമേൽ
വിരുന്നു ഭോജ്യമായ്
നിരന്നൊരോർമ്മകൾ !
ഉണ്ട് തെറികളായ്
പല
ജാതിപ്പേരുകൾ
കുലത്തൊഴിൽപ്പദങ്ങൾ
മുഴുവനും
കാലത്തിൻ പുതുക്കാറ്റ്
അടിച്ചു കൂട്ടി;
പ്രബുദ്ധതതീയിട്ടു ;
ചാരമായി.
പരതി ഗൂഗിളിൽ …
ഒക്കെയുംവെറും
സ്ത്രീ പുരുഷ ലിംഗ
പരിസ്ഥിതിലോല
പ്രദേശത്തു പൊന്തിയ
പടുമുള പരമ്പര
ക്ലീഷേ…..
ഇല്ല കൊടും
പിശാചിക്കു ചേരുന്നൊരു
തെറിപ്പദം
മാതൃഭാഷയിൽ
എങ്കിലും
ആളിക്കത്തും
നൊമ്പരത്തിന്ന-
ന്ധാളിപ്പു കെടുന്നില്ല…
പൊൻ മണി പൈതലേ !
നീയുറങ്ങുന്നു
മൺകൂനയിൽ
ചന്തമുള്ള പെട്ടിയിൽ
ജന്മനാടിനു കാവലായവർ
നീരണിഞ്ഞ മിഴി തുടച്ച്
നിന്നെയിടുവിച്ച
പട്ടു കുപ്പായത്തിൽ
മരണമില്ലായ്മയി-
ലനന്തമായ് …..

മേരിക്കുഞ്ഞ്

By ivayana