രചന : നിസ നാസർ ✍️
സുബൈദത്തയുടെ കൂടെ അൽ ഐൻ’ ഇത്തിസലാത്തിലെ (ടെലി കമ്മ്യൂണിക്കേഷൻ) എക്സിറ്റുകളിൽ കാർഡ് കൊണ്ട് പഞ്ച് ചെയ്തു ലിഫ്റ്റ് വഴി പുറത്ത് വെയിറ്റ് ചെയ്യുന്ന വണ്ടിക്കരികിലേക്ക് നീങ്ങുമ്പോഴും, ഉത്തരം കിട്ടാത്ത ചോദ്യമായി ഹനാൻ തലച്ചോറിൽ മിന്നൽപ്പിണർ സൃഷ്ടിച്ചു കൊണ്ടിരുന്നു,
ഏഴുമണിക്ക് കയറിയാൽ മൂന്നുമണിയോടെയാണ് വർക്ക് കഴിയുക, അതിനിടയിൽ രണ്ടു ഇടവേളകൾ , ഒന്ന് ബ്രേക്ഫാസ്റ്റിന്,പിന്നെ പ്രാർത്ഥനയ്ക്ക്.
കൃത്യം ഏഴുമണിക്ക് മുമ്പ് അവിടെയെത്താൻ ഒരു ടാക്സി ഏർപ്പാടാക്കിയെങ്കിലും ,തണുപ്പ് കൂടിയതോടെ ആ ഡ്രൈവർ മടിച്ചതിനാൽ ഇപ്പോൾ അവിടെ വർക് ചെയ്യുന്ന ഒരു വിശാല ഹൃദയൻ പ്രതിഫലം പറ്റാതെ പിക് ചെയ്യുകയാണ്.
സുബൈദത്തയും, ഞാനും അടുത്തടുത്ത ലോക്കേഷനുകളിൽ താമസിക്കുന്നവരായത് കൊണ്ട് ഒന്നിച്ചാണ് പോക്കുവരവുകൾ, അവർ നന്നായി കേയറിങ് ചെയ്യുന്ന സ്വഭാവഗുണമുള്ളവരാണ്.
ഭക്ഷണ കാര്യത്തിൽ കൃത്യമായൊരു സ്വഭാവം സ്വയം പുലർത്തുന്നത് കാരണം, പുലർച്ചേ നാലുമണിക്കു ഉണരേണ്ടതുണ്ട്.. എത്ര തണുപ്പാണെങ്കിലും.. പടച്ചോനോടുള്ള ഹൃദയ ഭാഷണവും പ്രാർത്ഥനയും കഴിഞ്ഞാൽ നേരെ അടുക്കളയിലോട്ട്..
(ഇന്നും വീട്ടിൽ നിന്നും ഉണ്ടാകുന്നതെന്തോ അതിനോട് തന്നെയാണ് മുഹബ്ബത്ത്)
വീട്ടിലെത്തിക്കഴിഞ്ഞാൽ ഒരു കാക്കക്കുളി പാസാക്കി ഭക്ഷണം കഴിച്ച ശേഷംഒരു ഉറക്കമുണ്ട്…ആ ഒരു മണിക്കൂറിൽ ഭൂലോകം തന്നെ അടിമറിഞ്ഞാലും ഉറക്കത്തെ സ്നേഹിച്ചു കൊണ്ടുള്ള ഒന്നൊന്നര ഉറക്കം,
ചെയ്യുന്നത് അതെന്തുമായിക്കൊള്ളട്ടെ..ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് അങ്ങേയറ്റം ഭംഗിയാക്കുകയെന്ന എന്റെ പൊതു സ്വഭാവം ഉറക്കത്തിനും ബാധകം,
(ഇപ്പോൾ വേരിയേഷനുകൾ കണ്ടേക്കാം)
അത് കഴിഞ്ഞാൽ വീണ്ടും രാത്രിയിലേക്കുള്ള ഭക്ഷണ ഒരുക്കം തുടങ്ങുകയായി,
സന്ധ്യ ആകുന്നതോട് കൂടി കൂട്ടുകാരികളിലാരെങ്കിലും പിക് ചെയ്യാൻ വരും, ഇത്തിരി സാമൂഹികമായ കൂടിച്ചേരലുകളിലേക്ക് ചേക്കേറാൻ,
പഠിക്കാൻ, ക്ലാസ് എടുക്കാൻ, കേൾക്കാൻ കോഡിനേഷൻ അങ്ങനെ ചില തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ രാത്രി ഒന്പതര കഴിയും,
ആ തിരക്കുകൾക്കിടയിൽ ഹനാന്റെ പെരുമാറ്റം മറക്കുക സ്വാഭാവികം,
പിറ്റേന്ന് കുതിച്ചുപായുന്ന വണ്ടിയിലിരുന്നു ഹാനാനെ ഓർത്തതും അതറിഞ്ഞ പോലെ അവൾ വിളിക്കുന്നു,
സലാം ചൊല്ലിയതിനു ശേഷം അവൾ ചോദിച്ചു ,
ഖൈർ നീ എവിടെ….
വന്നുകൊണ്ടിരിക്കുന്നു…
സമയത്തെ പറ്റി ചിന്തയുണ്ടോ…
ആറേ നാല്പത്തി അഞ്ചു ആകുന്നതേയുളളൂ.. ഹനാൻ, നീയിന്നു നേരത്തെ എത്തിയോ…
ഉം….വെയ്റ്റിംഗ് ഫോർ യൂ..
ഓക്കേ…ടു മിനുറ്റ്സ്..താങ്ക്സ് ഹനാൻ…ഐ ലൈക് യു…
ഓ…ഖൈർ…ചിരിച്ചു കൊണ്ടവൾ ഫോൺ കട്ട് ചെയ്തു,
ഓഫീസിലെത്തി, അവളെ വിഷ് ചെയ്തതും, അത് വരെ അതിന് കാത്തിരുന്നവളെ പോലെ കാണപ്പെട്ട അവളുടനെ ഫയലിൽ മുഖംപൂഴ്ത്തി,
(സാധാരണ 6 55 ന് മാത്രം ഓഫീസിൽ എത്തുകയും ശേഷമുള്ള 5 മിനുറ്റ് എന്നോട് സംസാരിക്കുകയും ചെയ്യുന്നാളാണ്)
മറ്റുള്ളവരെ സ്നേഹപൂർവ്വം വിഷ് ചെയ്തു അവരുടെ സ്നേഹാന്വേഷണങ്ങളിൽ പങ്കാളിയായിരിക്കെ ഇടംകണ്ണാലവളെ ഞാൻ വീക്ഷിച്ചു കൊണ്ടിരുന്നു.
പുള്ളിക്കാരിയാണെങ്കിൽ തിരക്കോട് തിരക്ക് അഭിനയിക്കുന്നു.
ടൈം ആയപ്പോൾ ഞാനും ഫയലിലേക്ക്…
ഓഫ് ടൈമിൽ …വാഷ് റൂമിലേക്ക് പോകുമ്പോൾ..
ഖൈർ…പിന്നിൽ ഹനാൻ
ഉം….
എന്നോട് പിണക്കമാണോ…?
എന്തിന്….?
നീ മറന്നോ….?
ചിലതു മറക്കേണ്ടവയെല്ലേ….?
ഖൈർ..നിന്റെ മുമ്പിൽ ഞാൻ തോറ്റിരിക്കുന്നു.
അതിനു ഞാൻ ജയിച്ചില്ലല്ലോ….ഹനാൻ
ഖൈർ…പ്ളീസ് സ്റ്റോപ്പിറ്റ്.
ടെൽ മി….ഹനാൻ
നിനക്കെന്റെ അവസ്ഥകൾ അറിയില്ല…
ഇല്ല…നീയത് പറഞ്ഞില്ലല്ലോ……നീ നല്ല അവസ്ഥകളെ കുറിച്ച് മാത്രമേ…..
എനിക്കൊരുപാട് പ്രശ്നങ്ങൾ ഉണ്ട്..
ഉം…
എനിക്ക് മുകളിൽ രണ്ടു സിസ്റ്ററും, ഒരു ബ്രദറുമാണ്..ബ്രദറിനു ജോലിയായിട്ടില്ല. ഫാദർ ക്യാൻസറിനുള്ള ട്രീറ്റ്മെന്റിലാണ്…. പത്തുമുപ്പതു വയസുള്ള രണ്ടു സിസ്റ്ററിന്റെയും കല്യാണം കഴിഞ്ഞില്ല….. നിനക്കറിയാലോ… ..നമ്മൾ സോമാലിയക്കാർ ആണെന്നത്…
അറിയാം ഹനാൻ…
നാട്ടിൽ പോകാൻ പറ്റില്ല…ഇപ്പോൾ അവിടെ പറയാൻ മാത്രം ആരുമില്ല ..
ഇവിടെ നിന്നും നല്ല വിവാഹബന്ധം കിട്ടണമെങ്കിൽ ഈ സൗന്ദര്യമൊന്നും പോരാ…..നീ…നിന്റെ സ്മയിൽ… വള്ളാ… ഒരു നിമിഷം പിശാചായിപ്പോയി.. ഞാൻ….
(അന്ന് കൊള്ളാവുന്നൊരു മുഖമുണ്ടായിരുന്നു)
അതു പറഞ്ഞുടൻ അവളവളുടെ ഷാൾ എന്നിലേക്ക് വലിച്ചെറിഞ്ഞു ആ കണ്ണീരു ഞാൻ കാണാതിരിക്കാണെന്ന വണ്ണം മുഖം നിർത്താതെ കഴുകി കൊണ്ടിരുന്നു….
ഹനാൻ…….ഡാർലിംഗ്……!!
ഞാൻ അവൾക്കരികിലേക്ക് നീങ്ങിയതും ഒരു കാട്ടു കുതിരയേപ്പോലെയവൾ ചെറുതായെന്നെ തെറിപ്പിച്ചകറ്റി ടോയ്ലെറ്റിലേക്ക് കയറി…
വല്ലാത്തതൊരു ധർമ്മ സങ്കടത്തിലെ ആഴക്കടലിലകപ്പെട്ട ചെറുവഞ്ചി പോൽ ഒന്നിനുമാകാതെ ആടിയുലയവേ…
എന്റെ മുമ്പിലുള്ള കണ്ണാടിയിൽ അവളുടെ മുഖം,
പെട്ടെന്ന് അവളിൽ നിന്നകന്നു ഞാനും എന്റെ മുഖം മറയ്ക്കാൻ ആവർത്തിച്ചാവർത്തി കഴുകിക്കൊണ്ടിരുന്നു..
ഖൈർ…സോറി…റിയലി… സോറി…പ്ലീസ്…..പ്ലീസ് .. .പ്ലീസ്..
ഖൈർ…നീയെന്നെ മനസ്സിലാക്കൂ…
മനസ്സിലായി….ഹനാൻ
ഐ ലൈക് യു ഖൈർ
ടൂ മച് ലവ് ഹനാൻ…
ടൂ….
അവളുടെ ചുണ്ടിൽ വിരൽ ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു..ഇനിയിവിടെ പഞ്ചാരയടിച്ചിരുന്നാൽ…ബ്രേക്ക്ഫാസ്റ്റ് ഡിന്നറാകും, എനിക്ക് വിശക്കുന്നുണ്ട് ഹനാൻ…
ഓക്കേ…ഞാൻ റെഡി…
കിച്ചനിൽ പോയി രണ്ട് ചായയിട്ട ശേഷം രണ്ടുപേരും കൊണ്ട്പോയ ഫുഡ് വിളമ്പി കഴിക്കുമ്പോൾ അവൾ ചോദിച്ചു,
ഖൈർ…നിനക്കെന്നോട് വെറുപ്പില്ലല്ലോ…
അത് തന്നെ പറയെല്ലേ…പ്ളീസ്..ഹനാൻ
അപ്പോൾ അവളെന്നോട് പറഞ്ഞു…എന്റെ തെറ്റ് എനിക്ക് ബോധ്യപ്പെടുത്തി തന്നത് എന്റെ മദറാണ്… ഇന്നലെ വീട്ടിലെത്തിയയുടൻ ബാഗ് വലിച്ചെറിഞ്ഞു മദറിന്റെ മടിയിൽ കിടന്നു കുറേ കരഞ്ഞു…
അപ്പോൾ മദർ പറഞ്ഞത് എന്താണെന്ന് അറിയണോ….?
ഉം..
ഹനാൻ ..ഓരോരുത്തർക്കും ഓരോ നസീബുകളാണ് (സൗഭാഗ്യം) ദൈവം കണക്കാക്കി നല്കുന്നത് .നിന്റെ പ്രയാസങ്ങൾ അവളറിയാത്തത് പോലെ അവളുടെ പ്രയാസങ്ങൾ നീയും അറിയുന്നില്ല എന്നതാണ് സത്യം…നീ എപ്പോഴെങ്കിലും… ചോദിച്ചിരുന്നോ…..ഇല്ലല്ലോ…ഹനാൻ ..നീ ഹനാനായി ജീവിക്കുക … നിനക്കുള്ള നസീബുകൾ നിന്നെ തേടിവരിക തന്നെ ചെയ്യും ഇൻശാ അല്ലാഹ്…
നിന്റെ മദർ പറഞ്ഞതാണ് ശരി ഹനാൻ…. നിനക്കുള്ള നസീബും,റിസ്ഖും നിന്നെ തേടി വരിക തന്നെ ചെയ്യും…
എത്രയും പെട്ടെന്ന് നിന്നെ തേടിവരാൻ ഞാനും പ്രാർത്ഥിക്കാം…
ഖൈർ….നീ നിന്റെ …പേര് പോലെ….
ഹനാൻ….നീയും…എത്ര നല്ലവളാണ്…
അങ്ങനെ ചായകുടി കഴിഞ്ഞു ഫയലിൽ മുഖം പൂഴ്ത്താൻ
ഒരുങ്ങവേ…അവൾ ചെയറോടു കൂടി അരികിലേക്ക് കുതിച്ചെത്തി…
അത് അവിടെ അരങ്ങേറുന്ന ചെറു നാടകമാണ്….ഓഫ് ടൈമുകളിൽ നമ്മുടെ ചെയറുകളെ , മറ്റുള്ളവരിലേക്ക് കുതിച്ചെത്താനുള്ള വാഹനമാക്കി ഉപയോഗിക്കാറുണ്ട്,
ഖൈർ….
ഉം….
ഈ സങ്കടം തീർക്കാൻ നമുക്കോരോ ലോലിപ്പോപ്പ് തിന്നാലോ…
നേരത്തെ പറഞ്ഞിരുന്നെങ്കിൽ..നമുക്ക് കാന്റീനിൽ നിന്നും വാങ്ങാമായിരുന്നല്ലോ….
ടൺ ..ഡ ഡേയിൻ….എന്നൊരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ടവൾ കയ്യിലൊളിപ്പിച്ചു പിടിച്ച ലോലിപ്പോപ്പിൽ നിന്നൊരെണ്ണം എന്റെ ചുണ്ടിലേക്ക് തിരുകി കയറ്റി…
അന്നാ ലോലിപ്പോപ്പിന് അതുവരെ രുചിച്ചറിയാത്തൊരു സ്വാദ് ഉണ്ടായിരുന്നു.
നാട്ടിൽ വന്നപ്പോൾ രണ്ടുമൂന്ന് തവണ അവൾ കോണ്ടാക്ട് ചെയ്തിരുന്നു….ഇപ്പോൾ നമ്പറോക്കെ നഷ്ടപ്പെട്ടു…അവളും ഒരുപക്ഷേ ആണ്ടിലൊരിക്കലെങ്കിലും ഇങ്ങനെ ഓർക്കുന്നുണ്ടാവാം…! ചിലപ്പോൾ രണ്ടാണ്ട് കൂടുമ്പോഴെങ്കിലും..!