രചന : ബിന്ദു അരുവിപ്പുറം✍️
ആരോരുമില്ലാത്ത വഴിയിലിന്നേകയായ്
അലയുന്നതെന്തിനെന്നറിയുകില്ല.
നനുനനെ പൊഴിയുന്ന നീഹാരമുത്തുകൾ
നിനവിലും കുളിരായുണർന്നതില്ല!
മിഴികളിൽ നിറയുന്ന പരിഭവത്തിൽ, സദാ
മൗനം കനത്തു തുടിച്ചുനിന്നു.
കിലുകിലെ ചൊരിയുന്ന മൊഴിമുത്തുകൾ തമ്മി-
ലെന്തോ പറയാൻ മറന്നപോലെ.
ഏകയായ് ഞാനീ കിനാവിന്റെ തീരത്ത്
നീറുന്നൊരോർമ്മയിലുഴറി നിൽപ്പൂ.
അനുരാഗമലരുകൾ വിരിയുമച്ചില്ലയിൽ
ഹൃദയമാം മുകിലുകൾ കൂടണഞ്ഞു.
ഒരു മന്ത്രവീണതൻ നാദമായിന്നിവ-
ളകതാരിൽ പാലാഴിതീർത്തിടുമ്പോൾ
മറ്റാരുമറിയാതെ പൂത്തുവിടർന്നു നീ
അകലുന്നതെന്തിനെന്നറിയുകില്ല.
ഗതിമാറിയൊഴുകുന്ന പുഴകളായി, നമ്മൾ
കരൾമുറിപ്പാടിന്റെ നൊമ്പരങ്ങൾ.
അകതാരിലെപ്പൊഴും സ്വപ്നങ്ങൾ പൂക്കവേ
നിന്മുഖം പൗർണ്ണമിത്തിങ്കളാകും!
നീയില്ലയെങ്കിലീ ഞാനുമില്ലെന്നു നാ-
മറിയാതെയെന്നോ മൊഴിഞ്ഞുപോയി.
എങ്കിലും വിജനമാമീവഴിലേകയായ്
അലയുന്നതെന്തിനെന്നറിയുകില്ല!…..