” ജോജി… നീയിതു നോക്കിക്കേ “
ആര്യൻ തിടുക്കപ്പെട്ടു ഫോണുമായി ഓടിവന്നു ” ഡാ ഡെയ്സിക്ക് യുനസ്‌കോയുടെ മികച്ച ആതുര സേവകയ്ക്കുള്ള അവാർഡ്
.
അതിശയമൊന്നും തോന്നിയില്ല.. അവൾക്ക് അതിനുള്ള അർഹത
യുണ്ട്
വീൽചെയറിൽ തളയ്ക്കപ്പെട്ട നീണ്ട വർഷങ്ങൾ.. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ ഉള്ളതിനാൽ നോക്കാനും കാണാനും ആളുണ്ട്. മനസ്സിനെ താങ്ങാൻ
ആരുമില്ലെങ്കിലും അത് താനായിട്ട് സായത്തമാക്കി .. പക്ഷെ അതിന് കാരണക്കാരിയായത് അവളായിരുന്നു
‘ഡെയ്സി ‘
ഒരു വലിയ അപകടത്തിൽ നിന്നും ജീവൻ മാത്രം തിരികെ കിട്ടിയ ആ ദിവസം
മെഡിക്കൽ കോളജിന്റെ സർജിക്കൽ വാർഡിൽ നിന്നും ചോര വാർന്നു lതീരാറായ തന്നെ ഇന്നത്തെ വീൽചെയർ ജീവിതത്തിലേക്കുയർത്തിയ മാലാഖ..
സുന്ദരിയായ, ഒരു വിടർന്ന പദ്മം പോലെ മനോഹരി..
ആ വാർഡിലെ പലരും അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു..
രോഗികളെ ഇത്രയധികം സ്നേഹിക്കുന്ന ആ കൊച്ചു പെൺകുട്ടി ഇത്രയും ചെറിയ പ്രായത്തിൽ വളരെ പക്വമതിയായിരുന്നു.. രോഗികൾക്കാശ്വാസമായി, പലരുടെയും വേദനകൾ അവൾ സ്വന്തം വേദനയായി കണ്ടു. സാന്ത്വനവാക്കുകളാൽ അവരെ ചേർത്തു പിടിച്ചു.
ഒരു പ്രമുഖ വാരികയിൽ ഫോട്ടോഗ്രാഫറായി ജോലി നോക്കുകയായിരുന്നു ജോജി അന്ന് .. ഏത് മനോഹര രൂപങ്ങളേയും തന്റെ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുന്ന സമയം…
ഭംഗി കുറഞ്ഞ സ്ത്രീരൂപങ്ങൾ പോലും ക്യാമറയുടെ കണ്ണിലൂടെ നോക്കുമ്പോൾ വളരെ സുന്ദരിമാരായി തനിക്കു മുൻപിൽ…
അവൾ പദ്മിനിയാണോ, ശംഘിനിയാണോ ചിത്രിണിയാണോ, ഹസ്തിനിയാണോ…
ഈ സംശയങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോകും
മുൻപ് വായിച്ചതോർത്തു
ഏറ്റവും മനോഹരവും താമര മൊട്ടുപോലെ ആർദ്രവുമാണ് പദ്മിനീ ലക്ഷണം. ചന്ദ്രനെപ്പോലെയുള്ള മുഖം, വലിയ മനോഹരമായ കണ്ണുകൾ, താഴ്ന്ന വശീകരിക്കുന്ന ശബ്ദം, എള്ളിൻ പൂവുപോലെ മൂക്ക്
ഇങ്ങനെയൊക്കെ വായിച്ചു വായിച്ചു സ്ത്രീരൂപത്തിന്റെ അഴകളവുകളെ മനസ്സിലാക്കാൻ ജോജി ശ്രമിച്ചു കൊണ്ടേയിരുന്നു..
പുതിയ പുതിയ മോഡലുകളെ രംഗത്തു കൊണ്ടു വരാൻ ജോജിക്കുള്ള മിടുക്ക് പലരും എടുത്തു പറഞ്ഞു. ഏറെ അഭിനന്ദനങ്ങൾ വാരിക്കോരികൊടുത്തു
സ്ത്രീകളെ മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടു അസൂയാലുക്കളായ പല സുഹൃത്തുക്കളുടെയും കളിയാക്കലുകൾക്ക് പലപ്പോഴും അവൻ വിധേയനായി.
“ഡാ ജോജി….അവൾ പദ്മിനിയാണോ, ശംഘിനിയാണോ ചിത്രിണിയാണോ, ഹസ്തിനിയാണോ…”
ഒരു നേർത്ത പുഞ്ചിരിയോടെ താനതൊക്കെ കേട്ടു നിൽക്കും
അത്തരമൊരു ഫോട്ടോ ഷൂട്ടിന് പോയി മടങ്ങി വരുമ്പോഴാണ് എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ചത് പെട്ടുപോയി. ജീവൻ തിരികെ കിട്ടിയത് മഹാഭാഗ്യം.. പക്ഷെ പകരം കൊടുക്കേണ്ടി വന്നത് വർഷങ്ങളായുള്ള ഈ വീൽചെയർ ജീവിതം…
ആദ്യമാദ്യം ഒന്നിനോടും പൊരുത്തപ്പെടാനാകാതെ അവൻ അലറി വിളിച്ചു. നഴ്‌സ്മാരുടെ കയ്യിലെ മരുന്നുകൾ തട്ടിത്തെറിപ്പിച്ചു. ആഹാരം കഴിക്കാതെയായി. സകലതിനോടും ദേഷ്യം. അമ്മയോട് പോലും മിണ്ടാതെയായി..
അപ്പോഴാണ് മറ്റൊരു ഹോസ്പിറ്റലിൽ നിന്നും ഡെയ്സി അവിടെഎത്തിയത്.
അവൾ മരുന്നുമായി ആദ്യം വന്ന ദിവസം തന്നെ മനസ്സിൽ ചേക്കേറി..”
“ദേ.. ചേട്ടായി ചേട്ടായി മരുന്ന് കഴിക്കില്ലാന്ന് മറിയം സിസ്റ്റർ പറഞ്ഞു… ഞാൻ അവരോട് ബെറ്റ് വച്ചിട്ടാ വന്നത്, ചേട്ടായി മരുന്ന് കഴിച്ചില്ലെങ്കിൽ എന്റെ 100 രൂപയുടെ ഡയറി മിൽക്ക് സിൽക്ക് പോയിക്കിട്ടും.
പകുതി ചേട്ടായിക്കും തരാം. പ്ലീസ് ഒന്ന് സഹകരിക്കാമോ? കുഞ്ഞുകുട്ടികൾ ചോദിക്കുമ്പോലെ നിഷ്കളങ്കതയോടെ കുസൃതിയൊളിപ്പിച്ച കണ്ണുകളോടെ അവളത് ചോദിച്ചപ്പോൾ അവൻ അറിയാതെ അവൾക്ക് മുൻപിൽ പൂച്ചക്കുട്ടിയായി പതുങ്ങിക്കിടന്നു
” പാവം ഈ പ്രായത്തിൽ ഇതിനീ ഗതി വന്നല്ലോ ” പലരുമിങ്ങനെ സഹതപിക്കുമ്പോൾ അവൾ മാത്രം തന്നെ ആരാധനയോടെ നോക്കി.
” ചേട്ടായിയെ കാണാൻ എന്തു ഭംഗിയാ.
അവൾ അത് പറഞ്ഞിട്ട് ചിരിച്ചത് കണ്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് വീണു.
ദിവസങ്ങൾ അടർന്നു പൊയ്ക്കൊണ്ടേയിരുന്നു… മുറിവുകളൊക്കെ പതുക്കെ പതുക്കെ ഉണങ്ങാൻ തുടങ്ങിയിരുന്നു.
അച്ഛനുമമ്മയും മാറി മാറി കൂടെ നിന്നു..മകന്റെ അപകടത്തിലും ശേഷം മുള്ള അവസ്ഥയിലും മനം തകർന്ന അമ്മയുടെ സങ്കടങ്ങൾക്കും അവളുടെ വാക്കുകൾ മരുന്നായി…
ചിത്രങ്ങൾ വരയ്ക്കുമെന്നറിഞ്ഞ അവൾ അതിന് പ്രോത്സാഹിപ്പിച്ചു…
” ചേട്ടായി എന്റെ കൂടി പടം വരച്ചു തരുമോ

” ഇങ്ങനെ ഈ കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു ഞാൻ എങ്ങനെ വരയ്ക്കും.. “?
” ചേട്ടായീടെ കൈകൾക്ക് യാതൊരു കുഴപ്പവുമില്ല… പിന്നെ ചേട്ടായി എപ്പോഴും ഇങ്ങനെ കിടക്കാതെ പുറത്തേക്ക് ഞാൻ കൊണ്ടുപോവാം “
വൈകുന്നേരങ്ങളിൽ അമ്മയും അവളും അച്ഛനും കൂടി അയാളെ താങ്ങിയെടുത്തു വീൽചെയറിൽ ഇരുത്തി
പുറത്തേക്ക് കൊണ്ടുപോകും.
. ഇടയ്ക്ക് പുസ്തകങ്ങൾ കൊണ്ടുവന്നു കൊടുക്കും
നല്ലൊരു ഗായിക ആയിരുന്നു അവൾ. മനോഹരമായി അവൾ പാടുമ്പോൾ വേദനകൾ പൂമ്പാറ്റകളെ പോലെയായി
അങ്ങനെയങ്ങനെ മടുപ്പിന്റെ ലോകത്ത് നിന്നും മെല്ലെ സജീവമായ ചിന്തകളുമായി സാധാരണ ജീവിതത്തിലേക്ക് അവൾ ജോജിയെ മടക്കിക്കൊണ്ട് വന്നു…
ആദ്യമായിട്ടാണ് ഒരു പെണ്ണിനെ സ്ത്രീരൂപത്തിന്റെ വർണ്ണനകളിലൂടെയല്ലാതെ നോക്കിക്കാണുന്നത്…
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം. നിറപുഞ്ചിരിയോടെ ആണ് അവൾ യാത്രയാക്കിയത്..
ഏറെ സങ്കടത്തോടെ നിന്ന ജോജിയെ അവൾ സമാധാനിപ്പിച്ചു…
” ഞാൻ വരും ചേട്ടായിയെ കാണാൻ വിഷമിക്കേണ്ട കേട്ടോ “
ആ വാക്കുകൾ കാതിൽ മുഴങ്ങുന്നു..
ഇപ്പോഴിതാ ഡെയ്‌സിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരം.
” ചേട്ടായീ…. “
വർഷങ്ങൾക്കിപ്പുറവും ആ കിളി നാദത്തിനു ഒരു മങ്ങലുമേറ്റിട്ടില്ല…
കാലങ്ങൾ രൂപത്തിന് വലിയ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല.. ക്രീം കളർ സാരിയിൽ ശരിക്കും ഒരു മാലാഖയെപ്പോലെ അവൾ…
തന്റെ സ്വന്തം മാലാഖ….
അവൾ വാക്ക് പാലിച്ചു. തന്നെ കാണാൻ വരാമെന്നു പറഞ്ഞ അവൾ തന്റെ ജീവിതത്തിലേക്ക് തന്നെ വന്നു..
ടേബിളിൽ ഇരുന്ന ക്യാമറ കയ്യിലെടുത്തു ജോജി അവളെ ഫോക്കസ്സ് ചെയ്തു…
മനസ്സിലേക്ക് വന്നത് ആ ശ്ലോകമാണ്
ഭവതികമലനേത്രാ നാസികാക്ഷുദ്രരന്ധ്രാ
അവിരളകുചയുഗ്മാചാരുകേശീകൃശാംഗീ
മൃദുവചനസുശീലാഗീതവാദ്യാനുരക്താ
സകലതനുസുവേശാ ‘പത്മിനീ’ പത്മഗന്ധാ”

പ്രിയബിജു ശിവകൃപ

By ivayana