രചന : ദിവാകരൻ പികെ പൊന്മേരി.✍️
കല്ലും മുള്ളും നിറഞ്ഞജീവിത ഒറ്റയടി
പാതയിൽ ഒറ്റയ്ക്കാണ് നടന്നതത്രയും.
പാത അവസാനിക്കുന്നിടത്തുനിന്ന്
യാത്രയുംഅവസാനിപ്പിക്കണം.
തിരിച്ചുനടത്തംഅസാധ്യമാകുന്നു
നിസ്സഹായാവസ്ഥ ഭീതിപ്പെടുത്തുന്നു.
അറിയാസത്യത്തിൻ പൊരുൾതേടി
ഉഴലും മനസ്സ് അങ്കലാപ്പിലാകുന്നു.
യാത്രയ്ക്ക്കൂട്ടായിആരുമില്ലെന്ന
തോന്നലെൻ മനസ്സിനെ മഥിക്കുന്നു
തിരിഞ്ഞു നോക്കാതുള്ളയാത്രയ്ക്ക്
അന്ത്യമായെന്ന് മനസ്സ് മന്ത്രിക്കുന്നു
തിരിഞ്ഞു നോട്ടം അനിവാര്യമാകവെ
ശൂന്യമായ വഴികളിൽഇരുട്ട് പരക്കുന്നു.
കൂട്ടിവച്ചതും സ്വന്തബന്ധങ്ങളും
സൗഹൃദങ്ങളും അർത്ഥശൂന്യമാകുന്നു.
നിറമില്ലാ കാഴ്ചകൾമിന്നിമായുമ്പോൾ
കണ്ണുകൾക്കലോസരമാകുന്നു .
ആരാധകർഅനുസ്മരണത്തിനായി
പൊയ്‌വാക്കുകൾക്ക് നിറംചാർത്തുന്നു
പറഞ്ഞു തേഞ്ഞവാക്കുകൾ തേച്ചു
മിനുക്കുന്നു വെറും പൂജ്യമാണ് നീ എന്ന് –
പറയാതെപറയാൻപുഷ്പചക്രംമൊരുങ്ങുമ്പോൾ
പാത തീരാൻ നിമിഷങ്ങൾ മാത്രം.