ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അഴിക്കോട്ടുകാരനായ ചരിത്രാന്വേഷി Haris Chakkalakkal , അഹമ്മദുണ്ണി മേനോൻ്റെ പേരക്കുട്ടി സഈദ് മുഹമ്മദ് എന്നിവരിൽ നിന്നു ലഭിച്ച വിവരങ്ങൾ വെച്ചു മാധവൻ കുട്ടി നന്ദിലത്ത് എന്ന ഫ്രീലാൻസ് ജേർണലിസ്റ്റാണ് അഹമ്മദുണ്ണി മേനോനെ കുറിച്ചുള്ള ഈ ചെറു കുറിപ്പ് മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തത് . ഈ കുറിപ്പാണ് ‘വന്നേരിനാട് ‘ എന്ന വാട്ട്സപ്പ് ഗ്രൂപ്പിൽ ഞാൻ കണ്ടതും .
രാജാക്കന്മാർ നാട് ഭരിച്ചിരുന്ന കാലത്ത് കരം പിരിച്ചിരുന്നവർ ( tax collectors ) പല പേരുകളിൽ അറിയപ്പെട്ടു . അതിൽപ്പെട്ട ചില പേരുകളാണ് ……
“കിഴിക്കാരൻ “, ” മേനോൻ ” , ” കിളിക്കാർ ” തുടങ്ങിയവ .
കൊങ്കിണി സമുദായത്തിലെ GSB ( ഗൗഡ സാരസ്വത ബ്രാഹ്മണർ ) യിലുള്ള കിളിക്കാർ വിഭാഗം ഈ ഡ്യൂട്ടി നിർവ്വഹിച്ചിരുന്നതിനാൽ ഈ പദവിക്ക് “കിളിക്കാർ” എന്ന പേരു കൂടി വന്നത്. “രാജാക്കന്മാരുടെ (പണ) കിഴി പിടിച്ചു നടന്നിരുന്നവർ കിളിക്കാർ ” എന്നു അക്കാലത്ത് പഴമക്കാർ പറയുമായിരുന്നു . കൊങ്കിണികളായ കിളിക്കാർ കുടുംബങ്ങൾ കൊച്ചിയിലുണ്ട് ഇവരുടെ പൂർവ്വികർ രാജാക്കന്മാരുടെ കാലത്ത് കരം പിരിക്കുന്ന ഉദ്യോഗസ്ഥരായിരുന്നു .
രാജാക്കന്മാരുടെ കാലത്ത് നായർ സമുദായത്തിലെ മേനോന്മാരായിരുന്നു കൂടുതലും ഈ ഡ്യൂട്ടി നിർവ്വഹിച്ചിരുന്നത്. എന്നതുകൊണ്ടു തന്നെ ഈ പദവിക്ക്
“മേനോൻ” എന്നൊരു പേരു കൂടി ലഭിച്ചിരുന്നു . പണ്ടു കാലത്ത് “വില്ലേജ് മേനോൻ” എന്നൊരു പദവിയുണ്ടായിരുന്നു.
ഈ പദവിക്ക് മലയാളത്തിൽ പൊതുവെ പറഞ്ഞിരുന്നത് ” കിഴിക്കാരൻ “എന്നാണ്
മേനോൻമാർ ജന്മിമാരും ,നാടുവാഴികളും
ആയിരുന്നു. രാജാക്കന്മാരുടെ കാലത്ത്
ഇവർ മന്ത്രിമാർ, അക്കൗണ്ടൻ്റുമാർ , ഉപദേഷ്ടാക്കൾ എന്നിങ്ങനെ വിവിധ ഭരണപരവും രാഷ്ട്രീയവുമായ
ചുമതലകളിൽ വഹിച്ചിരുന്നു . മേനോന്മാർ കൊച്ചി രാജകുടുംബം , കോഴിക്കോട് സാമൂതിരി , പാലിയം കുടുംബം ,
കൊടുങ്ങല്ലൂർ രാജകുടുംബം
എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു,
കാരണം മധ്യകേരളത്തിലെ രാജകുടുംബക്കാർ മേനോൻ കുടുംബങ്ങളിൽ നിന്നും വിവാഹം ചെയ്തിരുന്നു .
അക്കാലത്ത് അത്തരമൊരു ഉദ്യോഗസ്ഥനായിരുന്നു അഹമ്മദുണ്ണി . അതു കൊണ്ടു തന്നെ അദ്ദേഹത്തെ “അഹമ്മദുണ്ണി മേനോൻ” എന്നറിയപ്പെട്ടു ,
ഇദ്ദേഹം മുസ്ലിം സമുദായത്തിലെ
നമ്പൂരി മഠം കുടുംബാംഗമാണ് . ‘നവകേരളം ‘ എന്ന പേരിൽ കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോടു നിന്നും പത്രം പ്രസിദ്ധീകരിച്ചിരുന്ന അബ്ദുഹിമാൻ സാഹിബിൻ്റെ അടുത്ത ബന്ധുവാണ് അഹമ്മദുണ്ണി മേനോൻ . നവകേരളം അബ്ദുറഹിമാൻ എൻ്റെ സഹോദരി ഭർത്താവായ അബ്ദുൾ റൗഫിൻ്റെ പിതാമഹനാണ്.
നമ്പൂരി മഠം കുടുംബം , നൈന- മരയ്ക്കാർ വിഭാഗത്തിൽപ്പെട്ട കറുകപാടം , വേഴപ്പിള്ളി , അഞ്ചാം പരുത്തി , അയ്യാരിൽ , മഠത്തുംപടി തുടങ്ങിയ കുടുംബങ്ങളുമായി വിവാഹ ബന്ധങ്ങളിലൂടെ കണ്ണികളാൽ കോർത്തിണക്കപ്പെട്ടവരാണ് .
എറിയാട് പഞ്ചായത്തിലെ അഴിക്കോട്ട് വില്ലേജിലെ ഭൂവുടമയായിരുന്ന
നമ്പൂതിരിമഠം മാഹിന്‍ കുട്ടിയുടെ മകനാണ് അഹമ്മദുണ്ണി സാഹിബ് , ഭാര്യ സൈനബ . നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ കൊച്ചി
രാജാവ് ഗ്രാമത്തിന്റെ കരം പിരിവു
അധികാരി പാര്‍വത്യക്കാരനായി അഹമ്മദുണ്ണി സാഹിബിനെ നിയമിച്ചു .
പിന്നീട് അദ്ദേഹം അറിയപ്പെട്ടത് ‘അഹമ്മദുണ്ണി മേനോൻ ‘ എന്നാണ് .
ക്രമേണ അഹമ്മദുണ്ണിയുടെ കാര്യാലയം പ്രവർത്തിച്ചിരുന്ന പ്രദേശത്തിനു “മേനോന്‍
ബസാര്‍ ” എന്ന പേരുവീണു.അഹമ്മദുണ്ണി മേനോന്റെ സ്മരണ നിലനിര്‍ത്തുന്ന
“മേനോന്‍ ബസാര്‍ ” അഴിക്കോടു ഗ്രാമത്തിൽ ഇന്നും കാണാം .
അഹമദുണ്ണി മേനോനു രണ്ടു പെൺമക്കളായിരുന്നു ഉണ്ടായിരുന്നത് കൊച്ചാമിനുമ്മയും , കൊച്ചൈശുമ്മയും .
മകള്‍ കൊച്ചാമിനുമ്മയുടെ ഭൂമി കൂടി ഉൾപ്പെടുത്തിയ സ്ഥലത്താണ് എറണാകുളത്തെ ലിസ്സി ആശുപത്രി ഉയർന്നത് . അവിടെ കൊച്ചാമിനുമ്മയ്ക്ക് വേണ്ടി ഒരു മുറി തന്നെയുണ്ടായിരുന്നു . കൊച്ചാമിനുമ്മയുടെ ഭർത്താവ് പീടിയേക്കൽ കുടുംബക്കാരനായ അബ്ദുൾ എന്ന വ്യക്തിയായിരുന്നു.
കൊച്ചാമിനുമ്മയും കുടുംബവും താമസിച്ചിരുന്നത് എറണാകുളം ലിസി ആശുപത്രിയുടെ വടക്ക് ഭാഗത്തുള്ള ‘തട്ടാം വീട് ‘ -ൽ ആയിരുന്നു . കൊച്ചാമിനുമ്മ എല്ലാ ദിവസവും ലിസി ആശുപത്രിയിൽ തനിക്കായി പ്രത്യേകം അനുവദിച്ച മുറിയിൽ വരികയും , ആശുപത്രിയിൽ ചുറ്റി നടന്നു രോഗികളെ കാണുകയും അവരോടു ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്തിയിരുന്നു .
കൊച്ചാമിനുമ്മ പിന്നീട്
“ലിസി ഉമ്മ ” എന്ന പേരിൽ അറിയപ്പെട്ടു.
കൊടുങ്ങല്ലൂരിൽ നിന്നെത്തുന്ന കൊച്ചാമിനുമ്മയുടെ ബന്ധുക്കൾക്കും പരിചയക്കാർക്കും ‘ലിസിയുമ്മയുടെ ആളുകൾ ‘ എന്ന പ്രത്യേക പരിഗണന ഹോസ്പിറ്റലിൽ നിന്നു ലഭിച്ചിരുന്നു .
കൊച്ചാമിനുമ്മയുടെ ഏക മകൻ ഇഖ്ബാൽ വിവാഹം ചെയ്തത് കൊച്ചിയിലെ പൊന്നമ്പത്ത് – കരിപറമ്പ് കുടുംബത്തിലെ ഹാജറയെയാണ്.
അഹമ്മദുണ്ണിയുടെ രണ്ടാമത്തെ മകൾ കൊച്ചൈശുമ്മ വിവാഹം ചെയ്തത് ഇൻകം ടാക്സ് ഓഫീസറായിരുന്ന കോയക്കുട്ടി എന്ന വ്യക്തിയേയാണ് .
കൊച്ചൈശുമ്മയുടെ മക്കളാണ് …..

  • കുഞ്ഞു ബീവാത്തു ( ഭർത്താവ് ,
    അബ്ദുറഹിമാൻ കുട്ടി )
  • ഡോ . മുഹമ്മദ് ( ഭാര്യ , സുബൈദ )
  • സഈദ് മുഹമ്മദ് , റിട്ട . സീനിയർ മാനേജർ ഫെഡറൽ ബാങ്ക് ( ഭാര്യ , സൽമ )
  • സൈനബ ( ഭർത്താവ് , ഡോ. ശൈഖ് പരീത് )
    ചരിത്രത്തിൽ നിന്നും ഒരു തീപ്പൊരി കിട്ടിയാൽ മതിയാവും പിന്നീട് അതൊരു തീയായി ആളിപടർന്നു കയറുവാൻ . വിഷയത്തോടു ഒരു താത്പര്യം
    തോന്നിയാൽ പിന്നെ അതിനു പിറകെ
    അന്വേഷണങ്ങൾക്കും യാത്രകൾക്കുമായി സമയം കണ്ടെത്തും . കിട്ടിയ വിവരങ്ങൾ ശരിയെന്നുറപ്പിക്കാൻ വീണ്ടും വീണ്ടും ശ്രമിക്കും . ഈയൊരു ചെറിയ കുറിപ്പിനായും അതിലെ ചരിത്ര വിവരങ്ങൾക്കുമായും ……
    അഹമ്മദുണ്ണി മേനോൻ്റെ ജേഷ്ട്ട സഹോദരനായ കൊച്ചുണ്ണിയാശാൻ്റെ പേരക്കുട്ടി സുൽഫിക്കർ അഹമ്മദ് ( മായിൻകുട്ടിയുടെ മകൻ ) , ചിത്രകാരൻ ദിനേശ് ഷേണായി , ചരിത്രകാരൻ ലക്ഷ്മണ മല്യ , കറുകപ്പാടത്ത് മുഹമ്മദ് സാദിഖ് ( റിട്ട . ഡപ്യൂട്ടി തഹസിൽദാർ ) , പാലസ് അഡ്മിനിസ്ട്രേഷൻ പ്രസിഡൻ്റ് അനുജൻ എസ്. വർമ്മ എന്നിവരെ ബന്ധപ്പെട്ടാണ് ഈയൊര ചെറു കുറിപ്പ് പൂർണ്ണമാക്കിയത് .

ചിത്രം കടപ്പാട് : മാധവൻ കുട്ടി നന്ദിലത്തിനോടു , അദ്ദേഹത്തിനു കടപ്പാട് അഹമ്മദുണ്ണി മേനോൻ്റെ പേരക്കുട്ടി സഈദ് മുഹമ്മദിനോടു…

മൻസൂർ നൈന

By ivayana